ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് നവാഗതനായ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനിയ ഫ്രം നൈജീരിയ സിനിമയായിരുന്നു. അഞ്ച് പുരസ്കാരങ്ങളാണ് സുഡാനി സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയില്‍ വാരിക്കൂട്ടിയത്.
വ്യക്തിഗത പുരസ്‌കാരങ്ങളില്‍ നിന്നും ലഭിക്കുന്ന തുക ഹരിഷിന് കൃത്രിമക്കാലുകള്‍ക്കായി നല്‍കുമെന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകനും നിര്‍മ്മാതാവുമായ ഷൈജു ഖാലിദ് പറഞ്ഞു. ‘In his pursuit’ എന്ന ഷോര്‍ട്ട് ഫിലിം കണ്ടതാണ് തനിക്ക് ഈ പ്രവൃത്തി ചെയ്യുന്നതിന് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വെച്ചുണ്ടായ ഒരു വാഹനാപകടത്തിലാണ് തമിഴ് നാട് സ്വദേശിയായ ഹാരിഷിന് ഇരുകാലുകളും നഷ്ടപ്പെട്ടത്. ഒമ്പത് കൊല്ലം മുൻപൊരു ഫുട്ബോള്‍ കാലത്ത് ഡ്രൈവറായ അച്ഛന്റെ ചരക്ക് ലോറിയിലേറി കേരളത്തിലേക്ക് തിരിച്ച യാത്ര പാലക്കാട് കുതിരാനിൽ അപകടത്തിൽ പെടുകയായിരുന്നു.
‘In his pursuit’ എന്ന ഫോട്ടോഗ്രാഫര്‍ കെ.ആര്‍ സുനിലിന്റെ ഷോര്‍ട്ട് ഫിലിമിലൂടെയാണ് ഹരിഷിന്റെ കഥ പുറംലോകമറിഞ്ഞത്. ഹരീഷിന് പുരസ്കാര തുക നല്‍കുന്ന കാര്യം ഫോട്ടോഗ്രാഫര്‍ കെ.ആര്‍ സുനില്‍ സ്ഥിരീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
നിർമ്മാതാവും ഛായാഗ്രഹകനുമായ ഷൈജു ഖാലിദും, സംവിധായകൻ ആഷിക് അബുവും കലാകാരൻ കെ ആർ സുനിലും, ഫുട്‌ബോൾ താരം സി കെ വിനീതും അടക്കമുള്ളവർ സഹായങ്ങൾ നൽകും. ഉരു ആർട് ഹാർബർ ക്യൂറേറ്റർ റിയാസ് കോമുവും സഹായങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
പതിനഞ്ചു ലക്ഷം രൂപയുടെ കൃത്രിമകാലുണ്ടെങ്കിലെ ഹരീഷിനെ ഇനി മൈതാനത്തിറങ്ങാനാകൂ. മലയാളിയെയും കാൽപന്തിനെയും അത്രമേൽ ഇഷ്ടപ്പെട്ട കളിപ്രേമിയ്ക്കായി മലയാളികൾ തന്നെ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ് സുനിൽ. മധുരയിൽ ബിരുദവിദ്യാർത്ഥിയായ ഹരീഷിന് സഹായവാഗ്ദാനവുമായി ഐ എം വിജയൻ അടക്കമുള്ളവർ നേരത്തെ എത്തിയിട്ടുണ്ട്.
Leave a Comment