X

സിനിമയിലെ ലൈംഗികാതിക്രമം; മുന്‍കാല നായികമാര്‍ പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്ന് എനിക്കറിയാം: വരലക്ഷ്മി

ഒരു വര്‍ഷം മുമ്പ് ഈക്കാര്യം തുറന്നു പറഞ്ഞതാണ് ഞാന്‍

മീ ടൂ കാമ്പയിനില്‍ തന്റെ അഭിപ്രായം പങ്കുവച്ച് തമിഴ് നടി വരലക്ഷ്മി. ലൈംഗികാതിക്രമങ്ങളും ശല്യപ്പെടുത്തലുകളും സിനിമ മേഖലയില്‍ സംഭവിക്കുന്നത് പുതിയ കാര്യമല്ല, അതെല്ലായിപ്പോഴും നടന്നുകൊണ്ടിരുന്ന കാര്യമാണ്. എന്നാല്‍ താന്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ മുന്‍കാല നായികമാര്‍ എന്റെ പരാതികളെ നിഷേധിക്കുകയായിരുന്നു ചെയ്തത്. തങ്ങള്‍ക്ക് അത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. അവര്‍ പറയുന്നത് കള്ളമാണെന്ന് എനിക്ക് അറിയാമായിരുന്നു. ദേശീയ ചാനലുകളിലൊക്കെ പോയിരുന്ന് വരലക്ഷ്മിക്ക് സംഭവിച്ചത് നിര്‍ഭാഗ്യകരമായ സംഭവമായിപ്പോയി എന്നൊക്കെയാണവര്‍ പറയുന്നത്. അവര്‍ക്ക് ഇഷ്ടമുള്ളത് അവര്‍ പറയട്ടെ. പക്ഷേ, ഇപ്പോള്‍ യഥാര്‍ത്ഥ സമയം വന്നിരിക്കുകയാണ്. എല്ലാക്കാര്യങ്ങളും വെളിയില്‍ വരും; സണ്ടക്കോഴി2 ന്റെ പ്രമോഷന്‍ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു മീ ടു കാമ്പയിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ വരലക്ഷ്മി പങ്കുവച്ചത്.

ഇപ്പോള്‍ കൂടുതല്‍ ധൈര്യത്തോടെ സ്ത്രീകള്‍ അവര്‍ക്കു നേരിട്ട അനുഭവങ്ങള്‍ തുറന്നു പറഞ്ഞു മുന്നോട്ട് വരുന്നത് സന്തോഷമാണെന്നും എന്നാല്‍ താന്‍ ഒരു വര്‍ഷം മുമ്പേ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചതാണെന്നും വരലക്ഷ്മി ചൂണ്ടിക്കാട്ടി. ഇപ്പോഴെങ്കിലും കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ ആളുകള്‍ക്ക് ആത്മവിശ്വാസം കിട്ടിയതിനെ സ്വാഗതം ചെയ്യുകയാണ്. എന്നാലും കുറച്ച് താമസിച്ചു പോയിരിക്കുന്നു. എങ്കിലും ഈ മൂവമെന്റ് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും വരലക്ഷ്മി പറയുന്നു.

Related Post
Leave a Comment