X

പ്രിയ മജീദ് മജീദി, ഐഎഫ്എഫ്ഐയില്‍ നിന്നും ‘ബിയോണ്ട് ദി ക്ലൌഡ്സ്’ താങ്കള്‍ പിന്‍വലിക്കുമോ?

സെക്സി ദുര്‍ഗ്ഗ, ന്യൂഡ് എന്നീ ചിത്രങ്ങള്‍ അന്യായമായി ഒഴിവാക്കിയ സ്വേച്ഛാധിപത്യ നടപടിയില്‍ പ്രതിഷേധിക്കണമെന്ന് ആവശ്യം

പ്രിയപ്പെട്ട മജിദ്‌ മജീദിക്ക്,

താങ്കളുടെ പുതിയ ചിത്രം ‘ബിയോണ്ട് ദ ക്ലൌഡ്സ്’ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും ബുസാന്‍ ഫിലിം ഫെസ്റ്റിവലിലും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ ഏറെ ആഹ്ളാദിച്ചിരുന്നു. ഞങ്ങളുടെ തന്നെ രാജ്യാന്തരമേളയുടെ ഉദ്ഘാടന ചിത്രമായി നിശ്ചയിച്ചപ്പോള്‍ അതിലേറെ സന്തോഷിച്ചു. ആ ചിത്രം ഈ രാജ്യത്ത് നിര്‍മ്മിക്കപ്പെട്ടതാണെന്നും അതില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഞങ്ങളുടെ നാട്ടുകാരുമാണെന്നുള്ള അഭിമാനത്താല്‍. അത് മാത്രമല്ല കാരണം. ഇറാനിയന്‍ നവസിനിമയോട് വൈകാരികമായ ഒരടുപ്പം തന്നെ നല്ല സിനിമയെ സ്നേഹിക്കുന്ന ഞങ്ങള്‍ക്കുണ്ട്‌. ആഭ്യന്തരമായ സെന്‍സര്‍ഷിപ്പുകളും മറ്റ് വിലക്കുകളുമെല്ലാം അതിജീവിച്ച് വിട്ടുവീഴ്ചയില്ലാത്ത കലാപ്രവര്‍ത്തനത്തില്‍ വ്യാപൃതരാകുന്ന ഇറാനിയന്‍ ചലച്ചിത്രകാരന്മാരോട് ഞങ്ങള്‍ക്ക് അനല്പമായ ആദരമുണ്ട്. കിയോരസ്തമിയും മക്മല്‍ബഫും പനാഹിയും ഫര്‍ഹാദിയും ഘോബടിയും റായിയേയും ഘട്ടക്കിനെയും അടൂരിനേയും അരവിന്ദനേയും ജോണിനെയും പോലെ തന്നെ ഞങ്ങള്‍ക്ക് പ്രിയങ്കരരാണ്.

താങ്കളുടെ ചിത്രങ്ങള്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെ നല്ല ചിത്രങ്ങളുടെ മാതൃകയായി ഇപ്പോഴും കാണിച്ച് കൊണ്ടിരിക്കുന്നു. എ ആര്‍ റഹ്മാന് ഓസ്കാര്‍ അവാര്‍ഡ് കിട്ടിയാലും അത് അസ്ഘര്‍ ഫര്‍ഹാദിക്കായാലും ഒരു പോലെ സന്തോഷിക്കുന്നവരാണ് ഞങ്ങള്‍. ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അബ്ബാസ്‌ കിയരോസ്തമിക്ക് വിസ അനുവദിക്കാത്ത യു എസ് ഗവര്‍മ്മെന്റിന്റെ നടപടിയെ അപലപിച്ചവരോടോപ്പം ഞങ്ങളുമുണ്ടായിരുന്നു. ഇസ്ലാമിക വിപ്ലവ കോടതി ജാഫര്‍ പനാഹിക്ക് ആറുവര്‍ഷത്തെ തടവും സര്‍ഗ്ഗ പ്രവര്‍ത്തനങ്ങള്‍ക്കും മാധ്യമങ്ങളുമായുള്ള സംഭാഷണങ്ങള്‍ക്കുമെല്ലാം 20 വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി വീട്ടു തടങ്കലിലാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നാടാകെ പ്രദര്‍ശിപ്പിച്ച് പ്രതിഷേധിച്ചു ഞങ്ങള്‍. കാണ്ടഹാറിന്റെ ചിത്രീകരണ വേളയില്‍ മക്മല്‍ബഫിന്റെ നേര്‍ക്കു രണ്ട് തവണ വധശ്രമമുണ്ടായപ്പോഴും, അഫ്ഘാനിസ്ഥാനിലെ ആഭ്യന്തര അഭയാര്‍ഥികളെ കുറിച്ച് ബെയര്‍ഫൂട്ട് ടു ഹെറാത്ത് എന്ന ഡോക്യുമെന്ററിക്കു വേണ്ടി അഫ്ഘാനില്‍ രഹസ്യമായി ചിത്രീകരണം നടത്തുകയായിരുന്ന താങ്കളുടെ സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തപ്പോഴും, ആ രാജ്യത്ത് തന്നെ സമീറ മക്മല്‍ബഫിന്റെ റ്റു ലെഗ്ഗ്ഡ് ഹോഴ്സിന്റെ ചിത്രീകരണ വേളയില്‍ പ്രവര്‍ത്തനം തുടരാന്‍ പറ്റാത്ത വിധം നിരവധി അഭിനേതാക്കള്‍ക്കും നിര്‍മ്മാണസംഘത്തിലെ അനേകം പേര്‍ക്കും പരിക്കുണ്ടാക്കിയ ബോംബ്‌ സ്ഫോടനത്തിലും, സമീറയുടെ ഒടുവിലത്തെ ചിത്രം അറ്റ്‌ ഫൈവ് ഇന്‍ ദ ആഫ്ടര്‍നൂണിന്റെ ചിത്രീകരണ വേളയില്‍ അഫ്ഘാന്‍ തലസ്ഥാനമായ കാബൂളില്‍ വെച്ച് സഹോദരി ഹനയേ രണ്ട് തവണ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോഴും, രോഷാകുലരായവരാണ് ഞങ്ങള്‍. റാസ അക്കാദമി താങ്കള്‍ക്കും ഞങ്ങളുടെ പ്രിയ സംഗീതകാരന്‍ എ ആര്‍ റഹ്മാനുമെതിരെ ഫത്വ പുറപ്പെടുവിക്കുകയും ചിത്രം നിരോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ അതിനെ എതിര്‍ത്തവരാണ് ഞങ്ങള്‍.

പക്ഷെ ഞങ്ങളുടെ ഏറ്റവും ഒടുവിലത്തെ സന്തോഷത്തിന് അല്പായുസ്സ് മാത്രം നല്‍കിക്കൊണ്ട് ഞങ്ങളുടെ മേളയുടെ സംഘാടകര്‍ മേളയിലേക്ക് ജൂറി തെരഞ്ഞെടുത്ത രണ്ട് ചിത്രങ്ങളെ ചട്ടവിരുദ്ധമായി മേളയില്‍ നിന്ന് ഒഴിവാക്കിയിരിക്കയാണ്. മാധ്യമങ്ങളില്‍ കൂടി അത് സംബന്ധിച്ച വാര്‍ത്തകളെല്ലാം താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമെന്ന വിശ്വാസത്താല്‍ അതൊന്നും ഇവിടെ വിസ്തരിക്കുന്നില്ല. ഇത് ഭരണാധികാരികള്‍ക്ക് ചില ആശയങ്ങളോടുള്ള അസഹിഷ്ണുതയുടെ പ്രതിഫലനമാണ്. ഭിന്നാഭിപ്രായക്കാരെ നിശ്ശബ്ദരാക്കാന്‍ ഉന്മൂലനം വരെ നടത്താന്‍ സങ്കോചമില്ലാത്ത ഒരു വിഭാഗം ആള്‍ക്കാരുടെ വെറുപ്പിന്റെ രാഷ്ട്രീയം ഈ രാജ്യത്ത് പ്രയോഗത്തിലാക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൌരി ലങ്കേഷ് എന്നീ മനുഷ്യാവകാശ പ്രവര്‍ത്തകരെയും എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരെയുമൊക്കെ വെടിയുണ്ട കൊണ്ട് ഇല്ലാതാക്കിയതിന്റെയും പശുമാംസം കൈവശം വെച്ചു എന്ന് പ്രചരിപ്പിച്ച് ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരെ പരസ്യമായി അടിച്ചുകൊന്നതിന്റെയും തുടര്‍ച്ചയാണിത്. മാനവികതയിലും ജനാധിപത്യത്തിലും വിശ്വാസമുള്ള ഏതൊരാളും പ്രതികരിക്കേണ്ട സന്ദര്‍ഭമാണിത്. അതുകൊണ്ട്, താങ്കളുടെ ചിത്രം മേളയില്‍ നിന്ന് പിന്‍വലിച്ച് താങ്കളുടെ പ്രതിഷേധം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

“വിവിധ സാമൂഹ്യ പശ്ചാത്തലത്തിലുള്ള മനുഷ്യരുടെ അസംഖ്യം സംസ്കാരത്തിനകത്ത് നിന്നുകൊണ്ട് ഭാരതത്തിന് നിരവധി കഥകള്‍ പറയാനുണ്ട്. മറ്റൊരു രാജ്യവുമായി താരതമ്യമില്ലാത്ത ഈ രാജ്യത്തിന്റെ അന്തരീക്ഷം ഐന്ദ്രജാലികമാണ്.ആ അന്തരീക്ഷത്തില്‍ തന്നെ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള അത്ഭുതകരമായ ബന്ധമുണ്ട്. ജീവിതത്തിലെ സഹനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അതിനോടുള്ള മനുഷ്യരുടെ ആസക്തിയും അതില്‍ നിന്നുള്ള പ്രതീക്ഷയും അവിശ്വസ നീയമാണ്.” മുകളില്‍ കൊടുത്ത താങ്കളുടെ വാക്കുകളില്‍ വരച്ചിട്ട ഈ രാജ്യം അതുപോലെ നിലനില്‍ക്കണമെങ്കില്‍ ഈ അമിതാധികാര ശക്തികളുടെ ചെയ്തികള്‍ തടയേണ്ടതാണ് . അതിനുള്ള ഞങ്ങളുടെ വിവിധങ്ങളായ ശ്രമങ്ങള്‍ക്കുള്ള ഒരു തള്ളായിരിക്കും താങ്കളുടെ പ്രതികരണം.

സെക്സി ദുര്‍ഗ്ഗ ഇനി ഹിന്ദുത്വയെ തുളയ്ക്കുന്ന ‘S’ കത്തിയാണ് സംഘപരിവാറുകാരേ…

ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അബ്ബാസ്‌ കിയരോസ്തമിക്ക് വിസ അനുവദിക്കാത്ത യു എസ് ഗവണ്‍മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മേള ബഹിഷ്ക്കരിച്ച ഫിന്നിഷ് സംവിധായകന്‍ അകി കൌറിസ്മാക്കിയുടെ മാതൃക നമ്മുടെ മുന്നിലുണ്ട്. ചിക്കാഗോ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ പ്ലാക്ക് അവാര്‍ഡ് വാങ്ങിക്കാന്‍ പോകാനുള്ള വിസ നല്‍കാത്തതില്‍ പ്രതിഷേധിച്ച് താങ്കളുടെ സഹജീവിയായ ബഹ്മാന്‍ ഘോബഡി അത് നിരസിച്ചതും ഓര്‍മ്മയുണ്ടാവുമല്ലോ. ഒന്നുമില്ലെങ്കില്‍ ഇസ്ലാമിക പ്രവാചകന്‍ മുഹമ്മദിനെ ആക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ ഒരു ഡെന്മാര്‍ക്ക് പത്രത്തില്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് 2006ല്‍ പതിനേഴാമത് നാറ്റ് ഫിലിം ഫെസ്റ്റിവലില്‍ നിന്ന് താങ്കളുടെ ദ വില്ലോ ട്രീ എന്നാ ചിത്രം താങ്കള്‍ തന്നെ പിന്‍വലിച്ചതെങ്കിലും ഓര്‍ക്കുമല്ലോ.

‘ബാഹുബലിയോടൊപ്പം സെക്സി ദുര്‍ഗ്ഗ തിരഞ്ഞെടുക്കാത്തതിന് നന്ദി’; ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു

ഞങ്ങളുടെ നാട്ടില്‍ നടക്കുന്ന ആദ്യപ്രദര്‍ശനം ഇങ്ങനെ മുടങ്ങുന്നതിലും സ്വന്തം നാട്ടുകാരുടെ മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിലും ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരുടെ മനസ്സ് കലക്കുമെന്നതില്‍ സംശയമില്ല. ഇന്ന് ആ സങ്കടം ഏറ്റുവാങ്ങുന്നത് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പറ്റാത്ത ഇടമായി നമ്മുടെ രാജ്യം മാറാതിരിക്കാനാണ് എന്ന തിരിച്ചറിവില്‍ അവര്‍ അതൊക്കെ സഹിക്കുമെന്നാണ് വിശ്വാസം. So we aficionados of cinema once again urge you to withdraw your film ‘Beyond the Clouds’ from the 48th IFFI in consultation with your cast and crew.

സസ്നേഹം,
ഇന്ത്യാ മഹാരാജ്യത്തെ സിനിമാ പ്രാന്തന്മാര്‍

സെക്‌സി ദുര്‍ഗയും നൂഡും: പഴയ പൈങ്കിളി നായികയ്ക്ക് മനസിലാകില്ല ഈ സിനിമകള്‍

പി ടി രാമകൃഷ്ണന്‍

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്‍ ഇന്‍ഡ്യയുടെ റീജിയണല്‍ കൗണ്‍സില്‍ അംഗം

More Posts

This post was last modified on November 19, 2017 4:46 pm