X

ഐ എഫ് എഫ് കെ മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഏദനും രണ്ടുപേരും

മരണത്തെ കേന്ദ്രപ്രമേയമാക്കി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് 'ഏദന്‍'

മാനുഷിക ബന്ധങ്ങളുടെ തീവ്രതയും വൈരുദ്ധ്യങ്ങളും ആവിഷ്ക്കരിക്കുന്ന ലോകോത്തര സിനിമകളുടെ മത്സരവിഭാഗമാണ് 22 മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. മലയാളത്തില്‍ നിന്ന് ‘ഏദനും’രണ്ടുപേരും’ ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഭാഷയിലും ഭാവത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി എത്തുന്ന ഈ സിനിമകള്‍ നിത്യ ജീവിത പ്രശ്‌നങ്ങളിലേക്കും അവ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളിലേക്കും വാതില്‍ തുറക്കുന്നു. പ്രണയം, മരണം, ലൈംഗികത തുടങ്ങിയ മനുഷ്യജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് ശക്തമായ ദൃശ്യഭാഷ നല്‍കുകയാണ് സംവിധായകര്‍. അമിത് വി മസുര്‍കര്‍ സംവിധാനം ചെയ്ത ന്യൂട്ടണ്‍, നില മാധബ് പാണ്ഡയുടെ ഡാര്‍ക്ക് വിന്‍ഡ് എന്നിവയാണ് മത്സരവി’ാഗത്തിലെ മറ്റ് ഇന്ത്യന്‍ സിനിമകള്‍. ഈ വിഭാ’ാഗത്തിലെ മലയാള ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശന വേദികൂടിയാണ് ചലച്ചിത്രോത്സവം.

മരണത്തെ കേന്ദ്രപ്രമേയമാക്കി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘ഏദന്‍’. കഥയ്ക്കുള്ളില്‍ നിന്ന് പുതിയ കഥകള്‍ വിരിയിക്കുന്ന ഇന്ത്യന്‍ ഇതിഹാസങ്ങളുടെ ആഖ്യാനരീതിയാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. പ്രേം ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘രണ്ടുപേര്‍’. സംവിധായകനാകാന്‍ ആഗ്രഹിച്ച നായകന്‍ സ്വന്തം ജീവിതത്തിലെ പ്രതിസന്ധികള്‍ നിറഞ്ഞ രാത്രിയെ കാമറയില്‍ പകര്‍ത്താന്‍ തീരുമാനിക്കുന്നു. ആ രാത്രിയില്‍ നായകന്‍ നേരിടുന്ന നോട്ട് പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന് ആധാരം.

തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രവും നീതിയുക്തവുമായുള്ള നടത്തിപ്പ് നേരിടുന്ന വെല്ലുവിളികളാണ് ‘ന്യൂട്ടണി’ല്‍ പ്രതിപാദിക്കുന്നത്. ഇന്ത്യയുടെ ബൃഹത്തായ രാഷ്ട്രീയ പാരമ്പര്യവും സൂക്ഷ്മമായ സാമൂഹിക പ്രശ്—നങ്ങളും സംവിധായകന്‍ തിരശ്ശീലയില്‍ എത്തിക്കുന്നു.

64 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജ്യൂറി പരാമര്‍ശം ലഭിച്ച ചിത്രമാണ് ‘ഡാര്‍ക്ക് വിന്‍ഡ് . നില മാധബ് പാണ്ഡ സംവിധാനം ചെയ്ത ഈ സിനിമ രാജസ്ഥാനിലെ കര്‍ഷകരുടെ ജീവിതഗന്ധിയായ കഥ പറയുന്നു.

സ്വവര്‍ഗ പ്രണയവും ബുദ്ധദര്‍ശനങ്ങളും പ്രമേയമാക്കി അനുച ബൂന്യവതന സംവിധാനം ചെയ്ത ‘മലില ദി ഫെയര്‍വെല്‍ ഫ്‌ളവര്‍’, ആന്റണ്‍ ചെഖോവിന്റെ നാടകത്തെ ആസ്പദമാക്കി ഇല്‍ഗര്‍ നജാഫ് സംവിധാനം ചെയ്ത പോംഗ്രനേറ്റ് ഓര്‍ച്ചാഡ്’, പലായനത്തിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന ‘റിട്ടേണീ’, ഭയവും ഏകാന്തതയും വിതയ്ക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തില്‍ കൗമാരക്കാരി തന്റെ പ്രണയത്തിനും ജീവിതത്തിനുമായി നടത്തു ചെറുത്തുനില്‍പ്പിന്റെ കഥ പറയുന്ന ‘സിംഫണി ഫോര്‍ അന’, അയോബ് ഖ്വനീരിന്റെ ‘ദി വേള്‍ഡ് ഓഫ് വിച്ച് വി ഡ്രീം ഡസ് നോട്ട് എക്—സിസ്റ്റ്’, അന്നെമാരി ജസിരിന്റെ ‘വാജിബ്’, ഇറാനിയന്‍ ചിത്രമായ ‘വൈറ്റ് ബ്രിഡ്ജ്’ എന്നിവയാണ് മത്സര വിഭാഗത്തിലെ മറ്റ് ചിത്രങ്ങള്‍.

സുവര്‍ണ്ണ ചകോരത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രത്തിന് 15 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനിക്കുന്നത്. മികച്ച സംവിധായകര്‍, നവാഗത സംവിധായകര്‍ എന്നീ വിഭാഗങ്ങളില്‍ രജത ചകോര പുരസ്കാരം നല്‍കും. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനും രജത ചകോരം സമ്മാനിക്കും. മത്സര വിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിന് നെറ്റ്പാക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡും ഫിപ്രസി ജൂറി തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് അന്തര്‍ദ്ദേശീയ ഫിലിം ക്രിട്ടിക്‌സ് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡും വിതരണം ചെയ്യും.

This post was last modified on December 2, 2017 9:31 am