X

ആദി കണ്ടു, അരുണ്‍ ഗോപി ഉറപ്പിച്ചു; അടുത്ത ചിത്രത്തില്‍ നായകന്‍ പ്രണവ് തന്നെ

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം രാമലീലക്കു ശേഷം നിർമിക്കുന്ന ചിത്രത്തിന്റെ രചനയും അരുൺ ഗോപിയുടേത്

ജീത്തു ജോസഫിന്റെ ആദിക്കു ശേഷം പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് രാമലീലയിലൂടെ ശ്രദ്ധേയനായ അരുൺ ഗോപി. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം രാമലീലക്കു ശേഷം നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും അരുൺ ഗോപി തന്നെ. ഈ ജൂണില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പുതിയ ചിത്രത്തെ കുറിച്ച് അരുണ്‍ ഗോപി അഴിമുഖത്തോട്;

“ആദി കണ്ട സമയത്തു തന്നെ എന്‍റെ മനസിലുള്ള കഥാപാത്രം പ്രണവിന് അവതരിപ്പിക്കുവാൻ കഴിയുമെന്ന് തോന്നിയിരുന്നു. അത് വ്യക്തമായി മനസിലാക്കിയത് കൊണ്ട് തന്നെയാണ് പ്രണവിനെ സമീപിച്ചതും. പ്രണവ് മറ്റൊരു തലത്തിലുള്ള ആളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ജീവിതത്തെ വേറൊരു രീതിയിൽ നോക്കി കാണുന്ന ഒരാൾ എന്നൊക്കെ പറയാം. ഈ കഥ പറയാൻ ചെന്നപ്പോൾ വളരെ കംഫർട്ടബിൾ ആയി തന്നെ പ്രണവ് കഥ കേൾക്കുകയുണ്ടായി. കഥ കേട്ടതിനു ശേഷം തനിക്ക് അത് ചെയ്യാൻ പറ്റുന്ന കഥാപാത്രമാണോ അല്ലയോ എന്ന് ആലോചിക്കാനുള്ള സമയവും പ്രണവ് എടുത്തിരുന്നു. അതിനിടയിൽ പ്രണവ് അദ്ദേഹത്തിന്റേതായ യാത്രകളും നടത്തിയിട്ടുണ്ടായിരുന്നു. പ്രണവിനെ സംബന്ധിച്ചിടത്തോളം അയാൾ നമ്മളോട് നമുക്കു കാണാം, സംസാരിക്കാം എന്നു പറഞ്ഞു കഴിഞ്ഞാൽ ഏത് യാത്രകൾക്കിടയിലാണെങ്കിലും പറഞ്ഞ സമയത്തു തന്നെ ആൾ നമ്മളെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.”

സിനിമയുടെ വിശദ വിവരങ്ങള്‍ പറയാറായിട്ടില്ല എന്നും നായികയെ തീരുമാനിച്ചിട്ടില്ല എന്നും അരുണ്‍ ഗോപി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായതിനെ തുടര്‍ന്ന് റിലീസ് വൈകി എങ്കിലും ആദ്യ ചിത്രം തന്നെ സാമ്പത്തിക വിജയമാക്കി മാറ്റാന്‍ സാധിച്ച സംവിധായകനാണ് അരുണ്‍ ഗോപി. പ്രണവിന്റെ ആദ്യ ചിത്രമായ ജീത്ത് ജോസഫിന്റെ ആദി മികച്ച വിജയം നേടി മുന്നേറുകയാണ്.