X

ദിലീപിന്റെ അറസ്റ്റ്; പോലീസ് നടപടി മണ്ടത്തരമായി കരുതുന്നില്ല- വിനായകന്‍

അല്‍പ്പം കൂടി കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ല സമയം വരുമെന്നും വിനായകന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി മണ്ടത്തരമായി കാണുന്നില്ലെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് വിനായകന്‍. ഇനി അങ്ങനെയാണെങ്കില്‍ അത് സങ്കടകരമാണെന്നും വിനായകന്‍ പറഞ്ഞു. 65-ാമത് നെഹ്‌റു ട്രോഫിയുടെ ലോഗോ പ്രകാശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കും പല കാര്യങ്ങളും പറയാനുണ്ട്. എന്നാല്‍ കാത്തിരിക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തിയാകട്ടെ എന്നും വിനായകന്‍ പറഞ്ഞു.

മലയാള സിനിമയില്‍ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അല്‍പ്പം കൂടി കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ല സമയം വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയിരിക്കുകയാണ്. നടിയെ ആക്രമിച്ച സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ ദിലീപാണെന്നും പ്രതികളും സാക്ഷികളുമൊക്കെ സിനിമാ മേഖലയില്‍ പെട്ടവരായതുകൊണ്ട് പുറത്തിറങ്ങിയാല്‍ അവരെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ദിലീപ് നാലു തവണ കണ്ടതിന് തെളിവുകളുണ്ട്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ സാധിക്കാത്തതും ജാമ്യം നല്‍കാതിരിക്കാന്‍ മതിയായ കാരണമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഡാലോചന നടത്തിയെന്നത് അടിസ്ഥാനരഹിതമാണെന്ന് ദിലീപിനു വേണ്ടി ഹാജരായ അഡ്വ. രാംകുമാറും വാദിച്ചു. സിനിമാ സെറ്റുകളില്‍ സ്ഥിരമായി എത്തുന്ന പള്‍സര്‍ സുനി ചില സെറ്റുകളില്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നു എന്നതുകൊണ്ട് ഗൂഡാലോചന നടത്തി എന്നര്‍ത്ഥമില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു.

This post was last modified on July 21, 2017 5:52 pm