X

വരും വര്‍ഷങ്ങളിലെ ആദ്യ മൂന്ന് സമ്പദ് വ്യവസ്ഥകളിലൊന്ന് ഇന്ത്യയായിരിക്കും: അരുണ്‍ ജയ്റ്റ്ലി

വ്യവസായ സൗഹൃദത്തിന്റെ കാര്യത്തില്‍ ഇന്ത്യ നാലുവര്‍ഷം മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 65 പോയിന്റുകള്‍ നേടി ഇന്ത്യഇപ്പോള്‍ 77-ാം സ്ഥാനത്താണ്.

വരും വര്‍ഷങ്ങളിലെ ആദ്യ മൂന്ന് സമ്പദ് വ്യവസ്ഥകളിലൊന്ന് ഇന്ത്യയായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സഹായപദ്ധതി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ജയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുവര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒമ്പതാം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്ത് എത്തി. 2019-ല്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ സൗഹൃദത്തിന്റെ കാര്യത്തില്‍ ഇന്ത്യ നാലുവര്‍ഷം മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 65 പോയിന്റുകള്‍ നേടി ഇന്ത്യഇപ്പോള്‍ 77-ാം സ്ഥാനത്താണ്. വ്യവസായ സൗഹൃദത്തിന്റെ കാര്യത്തില്‍ ആദ്യ 50-ല്‍ രാജ്യത്തെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ ലക്ഷ്യത്തിനോട് വളരെ അടുത്ത് എത്തി കഴിഞ്ഞു.

യുപിഎ സര്‍ക്കാരുകളുടെ കാലത്ത് നയപരമായ കാലതാമസവും അഴിമതിയും ഇന്ത്യയിലേയും വിദേശത്തേയും നിക്ഷേപകരെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തിയിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്തെ നാലുവര്‍ഷം രാജ്യത്തെ വിലക്കയറ്റം 10.4 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക സൂചികകളിലെല്ലാം സ്ഥിരത കൈവരിച്ചു.

ആധാര്‍ നടപ്പിലാക്കിയതുമൂലം പ്രതിവര്‍ഷം 90,000 കോടിരൂപയാണ് സര്‍ക്കാരിന് മിച്ചംപിടിക്കാന്‍ സാധിക്കുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതി നടത്തിക്കൊണ്ടുപോകാന്‍ ഇത്രയും തുക പര്യാപ്തമാണ്. ചരക്കുസേവന നികുതി നടപ്പിലാക്കിയത് ചെറുകിട, ഇടത്തര വ്യവസായങ്ങള്‍ക്ക് പ്രയോജനം ചെയ്തെന്നും നികുതി പരിഷ്‌കരണം നടപ്പിലാക്കിയ വര്‍ഷം തന്നെ 334 വസ്തുക്കളുടെ നികുതി കുറഞ്ഞതായും ജയ്റ്റലി പറഞ്ഞു.

This post was last modified on November 4, 2018 10:42 am

Related Post
Leave a Comment