അഴിമുഖം പ്രതിനിധി
നിയമവിധേയമായി മാത്രമേ വെടിക്കെട്ട് പാടുള്ളൂവെന്ന് ഹൈക്കോടതി. രാത്രി വെടിക്കെട്ട് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഹര്‍ജിയില്‍ അവധിദിവസമായ വിഷുദിനത്തിലും കോടതി വാദം കേള്‍ക്കും. വളരെ അപൂര്‍വമായിട്ടാണ് കോടതി അവധി ദിവസങ്ങളില്‍ വാദം കേള്‍ക്കാന്‍ ചേരുക.
പകല്‍ ശബ്ദം കുറഞ്ഞ വെടിക്കെട്ട് നടത്താമെന്ന് കോടതി നിര്‍ദ്ദേശം നടത്തിയിട്ടുണ്ട്. വെടിക്കെട്ടിന്റെ ശബ്ദത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെടിക്കെട്ടിന് 140 ഡെസിബല്ലിന് ശബ്ദ പരിധി കോടതി നിശ്ചയിച്ചു. നിലവിലെ നിയമങ്ങളില്‍ വീഴ്ച വരുത്തുന്നതായി കോടതി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടു. ദേശ വിരുദ്ധ ശക്തികള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു.
110 പേരുടെ മരണത്തിന് ഇടയാക്കിയ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി പൊലീസിനെ വിമര്‍ശിക്കുകയും ചെയ്തു. അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കളക്ടറുടെ അനുമതിയില്ലാത്ത വെടിക്കെട്ട് എങ്ങനെ നടന്നുവെന്നും എന്തുകൊണ്ട് തടഞ്ഞില്ലെന്നും കോടതി ചോദിച്ചു.
കോടതിയുടെ ചോദ്യത്തോട് പൊലീസിന് തൃപ്തികരമായി മറുപടി നല്‍കാനായില്ല. പൊലീസിന് ഉത്തരവാദിത്വം ഇല്ലേയെന്നും കോടതി ചോദിച്ചു.
ക്ഷേത്ര ട്രസ്റ്റികള്‍ക്കും ലൈസന്‍സികള്‍ക്കും എതിരെ മാത്രമല്ല വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും കേസെടുക്കണം എന്ന് കോടതി പറഞ്ഞു. കടുത്ത മനുഷ്യാവകാശ ലംഘനം നടന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
ക്രൈംബ്രാഞ്ച് അന്വേഷണം മതിയോ എന്ന് സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണമെന്ന് കോടതി പറഞ്ഞു. വലിയ വെടിക്കെട്ടുകള്‍ നിരോധിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചപ്പോള്‍ സമ്പൂര്‍ണ നിരോധനത്തെ എതിര്‍ക്കുന്ന നിലപാടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. സ്‌ഫോടകവസ്തു നിയമത്തിന്റെ ലംഘനമുണ്ടായതായി കേന്ദ്രം അറിയിച്ചു. ഏഴ് ചട്ടങ്ങളിലാണ് ലംഘനമുണ്ടായിരിക്കുന്നത്.
ജസ്റ്റിസ് ചിദംബരേഷ് നല്‍കിയ കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി സ്വീകരിച്ചു കൊണ്ട് വെടിക്കെട്ട് നിരോധിക്കണമോയെന്ന വിഷയത്തില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.
എന്നാല്‍ എത്ര പേര്‍ പ്രതികളായുണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ക്ഷേത്ര ഭാരവാഹികളുടെ മൊഴികള്‍ പ്രകാരം മത്സര കമ്പം അനുമതിയില്ലാതെ നടന്നുവെന്നത് വ്യക്തമാണ്. മത്സര കമ്പത്തിനുവേണ്ടി ഒരുക്കങ്ങള്‍ നടന്നുവെന്ന് ഭാരാഹികള്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
This post was last modified on April 12, 2016 4:16 pm
Leave a Comment