X

ആദ്യ സംവാദത്തില്‍ ട്രംപ് തോറ്റു; അടുത്തതയാള്‍ക്ക് കൂട്ടക്കൊലയാകും

പോള്‍ വാള്‍ഡ്മാന്‍ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നിങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആദ്യപടി നിങ്ങള്‍ക്കൊരു പ്രശ്നമുണ്ട് എന്നത് അംഗീകരിക്കുക എന്നതാണെങ്കില്‍ ഡൊണാള്‍ഡ് ട്രംപ് ഗുരുതരമായ കുഴപ്പത്തില്‍പ്പെട്ടിരിക്കുന്നു. ഹിലാരി ക്ലിന്‍റനുമായുള്ള രണ്ടാം സംവാദത്തിന് കഷ്ടി പത്തു ദിവസം മാത്രം ബാക്കിനില്‍ക്കേ മിക്ക സമ്മതിദായകരും നിരീക്ഷകരും സമ്മതിക്കുന്ന ഒരു കാര്യം ആദ്യ സംവാദത്തില്‍ അയാള്‍ ഏറെ പിറകില്‍പ്പോയി എന്നതാണ്. നടന്നതിനെക്കുറിച്ചും അടുത്ത തവണ മറിച്ചൊരു ഫലം ഉണ്ടാക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അയാളുടെ പ്രചാരണ സംഘവും ട്രംപും തീര്‍ത്തും നിഷേധാത്മകമായ സമീപനത്തിലാണ്.

പക്ഷേ അവിടെ തീര്‍ന്നില്ല. രണ്ടാം സംവാദത്തിന്റെ ചട്ടക്കൂട് പരിഗണിച്ചാല്‍ ആദ്യ സംവാദത്തിനേക്കാള്‍ മോശമായിരിക്കും ട്രംപിന്റെ പ്രകടനം. ക്ലിന്റണ്‍ കൂടുതല്‍ നല്ല പ്രകടനം നടത്തുകയും ചെയ്യും.

പല വിഷയങ്ങളിലും ഏറെനേരം ശ്രദ്ധ നിലനിര്‍ത്താന്‍ കഴിയാഞ്ഞതും തന്റെ സംഘത്തിലെ ആശയക്കുഴപ്പങ്ങളും ആദ്യസംവാദത്തില്‍ ട്രംപിന് പ്രതികൂലമായി. സംവാദത്തിന് മുന്നോടിയായി സാധാരണ സമ്പ്രദായമനുസരിച്ച് പല വിഷയങ്ങളെക്കുറിച്ചും ഒന്നിലേറെ ആളുകള്‍ കാര്യങ്ങള്‍ മനസിലാക്കിക്കാന്‍ ശ്രമിച്ചപ്പോള്‍ അത്തരം യോഗങ്ങളില്‍ ട്രംപിന് ശ്രദ്ധ നിലനിര്‍ത്താന്‍ ആയില്ലെന്ന് അയാളുടെ സംഘത്തിലെ ഒരാള്‍ പറഞ്ഞു.

ചില പ്രമുഖ മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം; 

ട്രംപ് പ്രചാരണവിഭാഗം ആദ്യ സംവാദത്തില്‍ അയാളാണ് മുന്നിലെത്തിയതെന്ന് മറ്റ് പലരെക്കൊണ്ടും പറയിക്കാനുള്ള ശ്രമത്തിലാണെന്ന് സി എന്‍ എന്‍ റിപ്പോര്‍ട് ചെയ്യുന്നു. എന്തെങ്കിലും കുഴപ്പം പറ്റിയെന്ന് സ്ഥാനാര്‍ത്ഥിക്ക് ഇതുവരെ തോന്നിയിട്ടില്ലെങ്കിലും. “ഒരു പ്രശ്നം എന്താണെന്ന് വെച്ചാല്‍ തന്റെ അനുഭാവികളുടെ അടിത്തറ വലുതാക്കണമെന്നും അതിനു ഈ വികാരപ്രകടനങ്ങളും നയങ്ങളും പ്രസിഡണ്ട് പദവിയിലേക്കുള്ള അയാളുടെ തയ്യാറെടുപ്പും  അംഗീകരിക്കാത്ത പുതിയ സമ്മതിദായകരെ കൊണ്ടുവരണമെന്നും ട്രംപിന് ഇതുവരെ മനസ്സിലായിട്ടില്ല. വ്യത്യസ്ഥമായ ചിലത് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ തന്റെ രീതി തന്റെ ഉറച്ച അനുയായികള്‍ ഇഷ്ടപ്പെടുന്നതാണെന്ന് ട്രംപ് പ്രതികരിച്ചു.”

എല്ലാം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് ട്രംപ് കരുതുന്നതായി അസോസിയേറ്റഡ് പ്രസ്സ് പറയുന്നു. “ഞങ്ങള്‍ സംവാദത്തില്‍ വിജയിച്ചാല്‍ പിന്നെ ഞങ്ങളെന്തിനാണ് രീതി മാറ്റുന്നത്,” ട്രംപിന് നിര്‍ണായക പിന്തുണ നല്‍കുന്ന മുന്‍ ന്യൂ യോര്‍ക് മേയര്‍ റൂഡി ഗിലിയാനി ചോദിച്ചു. പദ്ധതികളെന്താണെന്ന് ഇതുവരെ തീരുമാനിച്ചില്ലെങ്കിലും സംവാദത്തിന് മുമ്പ് ഏതെങ്കിലും തയ്യാറെടുപ്പ് സംവാദങ്ങളില്‍ ട്രംപ് പങ്കെടുത്തേക്കില്ല. തന്ത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും.

ഒന്നുകൂടി ശ്രദ്ധിച്ചാല്‍ വരുംദിനങ്ങളില്‍ തനിക്കെതിരെ ഉപയോഗിക്കാവുന്ന വാചകങ്ങള്‍ ക്ലിന്‍റന് ഇട്ടുനല്‍കുന്നത് ട്രംപിന് ഒഴിവാക്കാം. താന്‍ നികുതി കൊടുക്കാത്തത് തന്റെ മിടുക്കുകൊണ്ടാണെന്ന് കഴിഞ്ഞ സംവാദത്തില്‍ പറഞ്ഞപോലെ. അടുത്ത സംവാദം ടൌണ്‍ഹാള്‍ രീതിയിലാണെന്നത്  ട്രംപിന് കൂടുതല്‍ ദോഷം ചെയ്യും. അത് ഹിലാരിക്ക് ശക്തമായ മുന്‍തൂക്കമുള്ള രീതിയാണ്.

ഇനിയും വോട്ട് ആര്‍ക്ക് ചെയ്യണമെന്ന് നിശ്ചയിക്കാത്ത വോട്ടര്‍മാരായിരിക്കും അടുത്ത സംവാദത്തില്‍ എത്തുക. സംവാദ നിയന്ത്രകരോടൊപ്പം അവരും ചോദ്യങ്ങള്‍ ഉയര്‍ത്തും. ഒപ്പം പൊതുജനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത, വെബ്സൈറ്റില്‍ വന്ന  ചില ചോദ്യങ്ങളും വരും. 1992 മുതല്‍ നിലവിലുള്ള ഈ രീതിയെക്കുറിച്ച് ചില പ്രധാന കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

ഒന്നാമത്തെ കാര്യം സാധാരണ പൌരന്‍മാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ മിക്കപ്പോഴും അപ്രവചനീയമായിരിക്കും. കാമ്പുള്ള ചോദ്യങ്ങളായിരിക്കും എങ്കിലും പ്രചാരണത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്തവയാകണം അവ എന്നില്ല. ഇത് നയങ്ങളെക്കുറിച്ച് ആഴത്തിലും വിശാലവുമായ ധാരണകളുള്ള സ്ഥാനാര്‍ത്ഥിയെ സഹായിക്കും. ആരോഗ്യരക്ഷ നിയമത്തെക്കുറിച്ച് നീണ്ട വിവരണം നല്‍കുന്നതിനൊപ്പം സമുദ്ര നിയമ ഉടമ്പടിയെക്കുറിച്ചും ആവശ്യമെങ്കില്‍ നാലു വാചകം പറയാന്‍ കഴിയുന്നവര്‍ക്കായിരിക്കും ഇത് ഗുണം ചെയ്യുക. 

രണ്ടാമതായി, ടൌണ്‍ഹാള്‍ സംവാദത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ആളുകള്‍ക്കിടയിലൂടെ നടക്കുകയും ഇരിക്കുകയും ചെയ്യും. ഇതൊന്നും ട്രംപിന് പരിചിതമായ പണിയല്ല. ഹിലാരിയെ ഭര്‍ത്താവ് ചതിച്ച കഥയും മുന്‍ മിസ് യൂണിവേഴ്സ് അലീഷ്യ മച്ചാഡോ തടിച്ചിയാണെന്ന ആക്ഷേപവും ട്രംപിന് തികട്ടി വരും. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ നടക്കുമായിരിക്കും. പക്ഷേ, ഇതൊക്കെകേട്ട്  ഞെട്ടിയിരിക്കുന്ന സ്ത്രീകളുടെ മുഖത്തേക്ക് ക്യാമറകള്‍ നോക്കുന്ന പരിപാടിയില്‍ അതത്ര ഗുണം ചെയ്യില്ല.

അവസാനമായി, ഒരു ടൌണ്‍ഹാള്‍ പരിപാടിയില്‍ സ്ഥാനാര്‍ത്ഥികള്‍ പറയുന്നതെന്തു എന്നു മാത്രമല്ല അവര്‍ ചോദ്യം ചോദിക്കുന്ന ആളുകളുമായി എങ്ങനെ ഇടപെടുന്നു എന്നതും ജനം ശ്രദ്ധിക്കും. ഇടപെടലിന്റെ സ്വഭാവം അതിന്റെ ഉള്ളടക്കം പോലെ പ്രധാനമാണ്. 1992-ലെ ടൌണ്‍ ഹാള്‍ സംവാദത്തില്‍ “ദേശീയ കടം നിങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തെ എങ്ങനെയാണ് ബാധിച്ചത്?” എന്ന് ഒരാള്‍ ചോദിച്ചത് ഓര്‍മ്മയുണ്ടാകും. ആദ്യം ഉത്തരം പറഞ്ഞ ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ് ചോദ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ എടുത്ത് മറുപടി പറയാന്‍ കഷ്ടപ്പെട്ടു. എന്നാല്‍ ബില്‍ ക്ലിന്‍റന്‍ അവരുടെ അടുത്തേക്ക് ചെന്ന് ഒന്നുകൂടി ചോദിച്ചു, “പറയൂ, നിങ്ങളെ എങ്ങനെയത് ബാധിച്ചു?”“ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു, വീടുകള്‍ നഷ്ടമായി.” ക്ലിന്‍റന്‍ സമ്പദ് രംഗത്തെ അത് ബാധിച്ചതിനെക്കുറിച്ചും രാജ്യത്തിനെ ബാധിച്ചതിനെക്കുറിച്ചും സംസാരിച്ചു.

ഉത്തരത്തെക്കുറിച്ചല്ല ആളുകള്‍ ഓര്‍മ്മിച്ചത്, എത്ര വേഗമാണ് ക്ലിന്‍റന്‍ ആ വോട്ടറെ ഉള്‍ക്കൊണ്ടത് എന്നതിലായിരുന്നു. ആളുകള്‍ അത് ഇഷ്ടപ്പെട്ടു. പ്രകടനാത്മകതയുടെ പേരിലും നന്നായി പ്രസംഗിക്കാത്തതിന്റെ പേരിലുമൊക്കെ ഹിലാരിക്ക് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരാറുണ്ടെങ്കിലും, ആളുകളുമായി ബന്ധം സ്ഥാപിക്കാനും വിശാലമായ ആശങ്കകള്‍ ഉള്‍ക്കൊള്ളാനും അവര്‍ക്ക് കഴിവുണ്ട്.

ഉദാഹരണത്തിന് പ്രൈമറിയില്‍ പ്രസിഡണ്ടായിരിക്കാനും ഒപ്പം വിനയം പാലിക്കാനും എങ്ങനെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഒരു ജൂത പുരോഹിതന്‍ ചോദിച്ചു. അ നിമിഷം അവര്‍ ചിന്താമഗ്നയായി (ഒരു തികഞ്ഞ രാഷ്ട്രീയക്കാരിയെപ്പോലെ ഉത്തരം ആലോചിക്കുകയായിരിക്കാമെങ്കില്‍പ്പോലും ). അതായത് ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്കറിയാം. അവരെ വ്യക്തിപരമായി അറിയുന്ന ആളുകള്‍ പറയുന്നത് വ്യക്തിബന്ധങ്ങളില്‍ ഏറെ ആകര്‍ഷണീയത പുലര്‍ത്തുന്ന ഹിലാരിയെ പൊതുവേദികളില്‍ അങ്ങനെയല്ല കാണുന്നത് എന്നാണ്. പക്ഷേ ലക്ഷക്കണക്കിനു ആളുകളുണ്ടെങ്കിലും ഒരാളുമായി നേരിട്ടുള്ള ഇടപഴകലില്‍ അവര്‍ക്ക് യാതൊരു പിഴവും വരില്ല.

അത്തരമൊരു ചോദ്യത്തിന് കോപ്രായം കൂടാതെ മറുപടി പറയാന്‍ ഡൊണാള്‍ഡ് ട്രംപിന് കഴിയുമോ? തങ്ങളെ ഗൌരവമായി ബാധിക്കുന്നു എന്ന് പൌരന്‍മാര്‍ കരുതുന്ന വിഷയങ്ങളില്‍ സത്യസന്ധമായി അതിനൊപ്പമാണെന്ന തരത്തില്‍ മറുപടി നല്‍കാനാകുമോ? ഒരാളുടെ കണ്ണില്‍ കുറച്ചു സെക്കണ്ടുകള്‍ക്കപ്പുറം അനുതാപത്തോടെ നോക്കാനാകുമോ?

ഇതുവരെ കണ്ടതില്‍ നിന്നും അതിനൊന്നും ഒരു സാധ്യതയുമില്ല. ഒരുകാരണം ഇതൊന്നും ട്രംപ് ഒരുകാലത്തും ചെയ്യുന്നതല്ല എന്നാണ്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, വ്യാപാരികള്‍ എന്നിവരുടെയൊക്കെ ചെറുസംഘങ്ങളുമായി ഹിലാരി നിരവധി  കൂടിക്കാഴ്ച്ചകള്‍ ദീര്‍ഘനേരം നടത്തിയിട്ടുണ്ട്. ട്രംപാകട്ടെ വേദിയില്‍ നിന്നും ആളുകളിരിക്കുന്നതിന്റെ ആദ്യവരിക്കപ്പുറം പോകാറില്ല. പക്ഷേ ഇത് ശീലത്തിന്റെ പ്രശ്നമല്ല-അയാള്‍ അങ്ങനെയൊരാളല്ല എന്നാണ്. എന്തൊക്കെ കഴിവുകളുണ്ടെങ്കിലും അയാള്‍ ഒരു ജനകീയനായ കക്ഷിയല്ല.

ഇതെല്ലാം കാണിക്കുന്നത് രണ്ടാം സംവാദത്തില്‍ ഹിലാരി ക്ലിന്‍റന്‍ തന്റെ മികച്ച ഭാവത്തിലും ഡൊണാള്‍ഡ് ട്രംപ് തപ്പിത്തടഞ്ഞും ആയിരിക്കുമെന്നാണ്. കഷ്ടപ്പെട്ട് തയ്യാറെടുത്താലും ആദ്യ വട്ടത്തെക്കാള്‍ നന്നാകാനുള്ള സാധ്യതയൊന്നും കാണുന്നുമില്ല. വലിയ വീഴ്ച്ചയാണ് ട്രംപിനെ അടുത്ത സംവാദത്തില്‍ കാത്തിരിക്കുന്നത്.

This post was last modified on October 1, 2016 7:39 am