X

മാന്ത പൊള്ളിച്ച മണങ്ങളുടെ ടെക്നിക്കളര്‍ സുവര്‍ക്കങ്ങള്‍

കാലത്തിനനുസരിച്ച് കോലവും രീതികളും മാറിയതിന്റെ കൂട്ടത്തിൽ നഷ്ടപ്പെട്ട രുചികളും ഭക്ഷണരീതികളും നിരവധിയാണ്. ഒരിരുപത് കൊല്ലം മുൻപേ കഴിച്ചിരുന്ന, പരിചയിച്ചിരുന്ന പല രുചികളും വിഭവങ്ങളും ഇന്നു കാണാൻ പോയിട്ട് ഇന്നത്തെ തലമുറയ്ക്ക് അറിയുക പോലുമില്ല.

കോഴിക്കോട് ബീച്ച് ഹോട്ടലിന്റെ പിറകു വശത്തായിരുന്നു ഞങ്ങളുടെ തറവാട്. എന്റെ ഓർമ്മയിൽ ഇതിൽ പറയുന്ന പല കാര്യങ്ങളും ഇല്ലെങ്കിലും, ഉമ്മയുടെയും ഉമ്മാമയുടെയും വിശാലവും ആംഗ്യവിക്ഷേപങ്ങള്‍ നിറഞ്ഞതുമായ കിസ്സകൾ കേട്ട് കേട്ട് അവ പുനഃപ്രക്ഷേപണം ചെയ്യുമ്പോള്‍ അതിലെ ഒരു കഥാപാത്രം ഞാൻ തന്നെയാണ്. എന്റെ സൗകര്യത്തിനും മിഴിവിനുമായി ഞാൻ ആവശ്യാനുസരണം ടെക്നീകളറും ബി ജി എമ്മും വാരിച്ചോരിയാറുമുണ്ട്.

1950-കളിലും 60-കളിലും പൂജപ്പൂട്ടിന്റെ സമയത്ത് കുട്ടികളെ ഒരെണ്ണത്തിനെ പോലും വീടുകളിൽ മരുന്നിനു മണക്കാൻ പോലും കാണില്ല. അതിരാവിലെ നാസ്ത്തയും കഴിഞ്ഞു കടുകിട്ടാൽ പൊട്ടുന്ന കടപ്പുറത്തെ വെയിലിൽ കളിക്കാൻ എല്ലാരും ഓടും. മോന്തിക്ക് വീട്ടിൽ തിരിച്ച് കയറുമ്പോൾ മൂത്തമ്മ പറയും “ബ്രാലു ഉപ്പിട്ട് ഒണക്കിയത് അതാ വന്നീന്” എന്ന്‍. ദിവസം മുഴുവൻ പരിശ്രമിച്ച് കറുപ്പിച്ചെടുത്ത തൊലിനിറം, കുളിപ്പിക്കുമ്പോൾ ചകിരി ഇട്ടു ഉരച്ച് കളയാൻ ഉമ്മമ്മാരും അമ്മായിമാരും കഠിനപ്രയത്നം നടത്തും.

അന്നത്തെ കടപ്പുറം വിശാലമായിരുന്നു. റോഡിൽ നിന്നും തിരയടിക്കുന്നത് കാണാമായിരുന്നില്ല. വെള്ളം തൊടണമെങ്കിൽ പത്തു മിനിറ്റോളം നടക്കണം. ആ നടത്തത്തിനും ഓട്ടത്തിനും ഇടക്ക് അവിടെയാകെ നിറഞ്ഞിരുന്ന കുഞ്ഞു കുഞ്ഞു കുഴികളിൽ കാൽ വിരലു പൂണ്ട് പോയാൽ പ്രാണൻ പറക്കുന്ന ഒരിറുക്ക് കിട്ടും. കരഞ്ഞു വിളിച്ച് കാലു വലിച്ചെടുക്കുമ്പോള്‍ എല്ലാ ദേഷ്യവും സംഭരിച്ച് “ആരാണ്ടാ എന്റെ പൊരെയില്‍ കേറി ന്റെ ബീടരെ തോണ്ടിയത്” എന്ന് ചോദിക്കുന്ന ഒരു ഞണ്ട് അറ്റത്ത് തൂങ്ങിക്കിടക്കും. ഈർക്കിലിയും, മുട്ടൻ വടികളുമായി ഞണ്ടിനെ പിടിക്കാൻ കടപ്പുറത്തെ ചേരിയിലെ പിള്ളേരു നടക്കുന്നത് കാണാം, അവരെ ഓരിയിട്ടു വിളിക്കും, “സുബൈറേ… ഇബടൊരെണ്ണം ഇന്നെ കടിച്ചിക്ക്ണോ…”. സുബൈർ വന്നു മണ്ണൂ വാരി പൊത്തും, എന്നിട്ട് അതിനെ പിടി വിടീച്ച് ഈർക്കിലിയിലു കോർക്കും. ഒരു മാല ഞണ്ട് ആയാൽ അത് തോർത്തിലോ കുട്ടയിലോ ഇടും. പിന്നീട് അതു വിൽക്കാൻ അവിടെയുള്ള വീടുകളിലൊക്കെ കേറി ഇറങ്ങും.

തറവാടുകളിലെ അംഗസംഖ്യ കാരണം മിക്കപ്പോഴും ഒന്നോ രണ്ടോ കുട്ട ഞണ്ട് വാങ്ങുമായിരുന്നു. പെണ്ണുങ്ങളൊക്കെ കൂടി ഇരുന്നു ഞണ്ട് വൃത്തിയാക്കി, കഴുകി കൂട്ടി വെക്കും. പിന്നാമ്പുറത്ത് തീ കൂട്ടി ഉരുളി വെച്ച് തേങ്ങയരച്ച് മുളകിട്ട് ഞണ്ട് കറി വെക്കുമ്പോൾ അതിന്റെ മണം കൂട്ടി രണ്ട് ചെമ്പ് ചോറു വെയ്ക്കാം എന്നാണു വയ്പ്പ്. അല്ലെങ്കിലും ഓർമ്മയിലെ കറികൾക്ക് പതിന്മടങ്ങ് മണവും ഗുണവും രുചിയുമാണല്ലൊ.

വേനൽപ്പൂട്ട് സമയത്താണു കടപ്പുറത്ത് ആമമുട്ട സുലഭമായിരുന്നത്. ചേരിയിലുള്ളവരും തമിഴന്മാരും ആയിരുന്നു ആമമുട്ടയുടെ ഉപഭോക്താക്കൾ. ചെറിയ ചെറിയ ഉണ്ടകൾ കടപ്പുറമാകെ വ്യാപിക്കും. അത് കുഴി മാന്തിയെടുത്ത് കൊണ്ടു പോയി സാപ്പിടും. ചിലർ രാത്രി കാവലിരുന്നു ആമയെയും പിടിച്ചറുത്ത് തിന്നും. വല്ല വിധേനയും ഒരു കൂട്ടം മുട്ട ആരുടെയും കണ്ണിൽ പെടാതെ വിരിഞ്ഞാൽ അതിൽ നിന്നും വരുന്ന കുഞ്ഞൻ ആമകൾ പലർക്കും വളർത്തു മൃഗമായി മാറും. അങ്ങിനെ വന്നെത്തിയ ആമകൾ തറവാട്ടിൽ പതിവായിരുന്നു… നല്ല പട്ടികൾക്കിടുന്ന പേരിട്ട് “ടോമി”, “ടൈഗർ”, “സീസർ” എന്നീ പേരുകളിൽ വിരാജിച്ചിരുന്ന ആമകൾ തറവാട്ടു മുറ്റത്ത് പതിവായിരുന്നു. വന്നപാടേയുള്ള കൗതുകം പതുക്കെ പതുക്കെ ഇല്ലാതാകുമ്പോൾ പാവം സീസർ വല്ല മൂലയ്ക്കും ഒതുങ്ങും, പിന്നെ എങ്ങോ പോയി മറയും.

ഓണപ്പൂട്ടിന്റെ സമയതായിരുന്നു സിന്ധികളുടെ “ചട്ടി ഒഴുക്കുന്ന പൂജ”. അന്നത്തെ ദിവസം തറവാട്ടിലെ കുട്ടികൾക്ക് പെരുന്നാളു പോലെയാ. വൈകുന്നേരം ആയാൽ പാനീസ് വെളക്കും കത്തിച്ച് പിടിച്ച്, പാട്ടും മേളവും, ചന്ദനത്തിരിയുടെ മണവും, ലങ്കി മറിയുന്ന കുപ്പായോം ഇട്ടു കോഴിക്കോട്ടെ സേട്ടുമാരു (ഗുജറാത്തികള്‍) മുഴുവൻ കടപ്പുറത്തേക്ക് ഒഴുകിയെത്തും. അവരുടെ പൂജയും മന്ത്രവും കഴിയാൻ അവരെ കൂടാതെ ചിന്ന കുളന്തൈകളും കടപ്പുറമാകെ മണ്ണിൽ കുത്തി കാത്തിരിക്കും. സേട്ടുമാരുടെ കയ്യിലൊക്കെ തുണി കൊണ്ട് വായ കെട്ടിയ കുടങ്ങളുണ്ടാകും, അതിന്റെ മേലെ പൂവും, മൺചിരാതും. അകത്ത് നെയ്ചോറരി, നെയ്യ്, മധുരം, പൈസ… പൂജ കഴിഞ്ഞു അവരു പിരിയേണ്ട താമസം എല്ലാരും കൂടി അങ്ങോട്ട് ഓടും, പൈസയും വിളക്കും പെറുക്കാൻ. പെരുന്നാള്‍ പൈസ കിട്ടുന്ന പോലെയായിരുന്നു അപ്പൊഴത്തെ സന്തോഷം. 

ബീച്ചിലെ ലൈറ്റ് ഹൗസ് അന്നു നോക്കി നടത്തിയിരുന്നത് സീറിക്കാ എന്നു വിളിച്ചിരുന്ന ഒരാളായിരുന്നു. അയാളും ഭാര്യയും അവരുടെ രണ്ട് പെണ്മക്കളും ആ ലൈറ്റ് ഹൗസിന്റെ താഴെ തന്നെയായിരുന്നു താമസിച്ചിരുന്നത്. പെൺകുട്ടികൾ രണ്ട് പേരും ഒരേ സ്കൂളിൽ ആയിരുന്നതുകൊണ്ട്, ലൈറ്റ് ഹൗസ് സന്ദർശനം ഒരു സ്ഥിരം പരിപാടി ആയിരുന്നു. കയ്യിൽ കടല പുഴുങ്ങിയതും നാരങ്ങ വെള്ളവുമായി ഏറ്റവും മുകളിൽ കയറി കടലിലേക്ക് നോക്കി കപ്പലും തിരയും എണ്ണി ആ ഇളംപ്രായത്തിൽ ജീവിതമാകുന്ന മഹാകടലിനെ കുറിച്ചൊക്കെ താത്വികമായ ഒരു അവലോകനം നടത്തി ഇറങ്ങുമ്പോള്‍ ബാല്യത്തിനു ഒരു പകപ്പും ഇല്ലായിരുന്നു. തികഞ്ഞ ശാന്തതയായിരുന്നു. അറബികൾ വന്നു പോയ സമയം ആയിരുന്നെങ്കിൽ സീറിക്കാക്ക തറവാട്ടിലേക്ക് വലിയ പെട്ടി ഈത്തപ്പഴം കൊടുത്തു വിടുമായിരുന്നു. അന്നൊക്കെ കാരക്ക ആയിരുന്നു നാട്ടിൽ കിട്ടിയിരുന്നത്. പഴുത്ത് പതുപതുപ്പുള്ള ഈത്തപ്പഴം അതു കൊണ്ട് വളരെ സൂക്ഷിച്ചേ വീതിച്ചിരുന്നുള്ളൂ. ഒരാൾക്ക് ആകെ മൊത്തം രണ്ടെണ്ണമൊക്കെയെ കിട്ടിയിരുന്നുള്ളൂ. ഉറുമ്പ് കയറുന്നത് പേടിച്ച് കുപ്പിയിലാക്കി, വെള്ളം ഒഴിച്ച പിഞ്ഞാണത്തിന്റെ നടുവിൽ വെക്കും. ഈത്തപ്പഴ മോഷണവും ഒരു സ്ഥിരം വകുപ്പായിരുന്നു തറവാട്ടു കോടതിയിൽ. പിടിക്കപ്പെടില്ല എന്നു മാത്രം.

ഗുജറാത്തി സ്കൂളിന്റെ പിറകിലായിട്ടായിരുന്നു “മൈതാനം” എന്നു പൊതുവെ വിളിച്ചിരുന്ന ചേരിപ്രദേശം. മൈതാനത്തെ പെണ്ണുങ്ങളായിരുന്നു കുറ്റിച്ചിറ ഭാഗത്തെ തറവാടുകളിൽ വീട്ടുജോലിക്ക് പോയിരുന്നത്. അവരുടെ മക്കളും അങ്ങനെ തറവാട്ടിലെ കുട്ടി കൗമീങ്ങളുടെ കൂടെക്കൂടി. തൂത്തുക്കുടി പാത്തു, കാപ്പാട്ടെ ആഷീത്താത്ത, കേങ്ങാരവിടെ സുലോചന, മന്തന്റവിടെ പാത്തു, വെളുത്തീവി, കറുത്തീവി എന്നിങ്ങനെ ഒരു പട തന്നെ ഉണ്ടായിരുന്നു അന്നു തറവാട്ടിൽ. ഇവരുടെ മാപ്ലമാരു മിക്കവരും കടലിൽ പോകുന്നവരും, മീൻ വിൽക്കുന്നവരും ആയിരുന്നതുകൊണ്ട് തറവാട്ടിലേക്കുള്ള മീൻ കൊണ്ടുവന്നിരുന്നത് ഇവരായിരുന്നു. കാട്ടയില മൂത്തമ്മയുടെ ഒരു ഇഷ്ടവിഭവം ആയിരുന്നതുകൊണ്ട്, അത് ചാകര അടിയുമ്പം കാപ്പാട്ടെ ആഷീത്താന്റെ കെട്ട്യോൻ അത് മുടങ്ങാതെ കൊണ്ട് വരുമായിരുന്നു. കരിമ്പഴുക്ക നേന്ത്രപ്പഴം മുറിച്ചിട്ട് തേങ്ങയരച്ച് കാട്ടയില കറി വെച്ചാ പത്തിരിക്ക് അന്നു നല്ല ചിലവാ. കോതമ്പ (ഗോതമ്പ) പത്തിരി മാത്രം തിന്നുന്ന അദ്ദിക്കാക്ക് വരെ അന്നേ ദിവസം നേരിയ പത്തിരി മതി.

പിന്നെ ഉണ്ടായിരുന്നത് മാന്ത ചാകരയാണ്. കുട്ടക്കണക്കിനായിരുന്നു മാന്ത വിറ്റിരുന്നത്, അതിനു മാത്രം വന്നു കയറുമായിരുന്നു. മുളകും ഇഞ്ചീം വെള്ളുള്ളീം കല്ലുപ്പും പെരുഞ്ചീരോം കൂട്ടി ഉരലിലിട്ട് ഇടിച്ചിടിച്ച് അരപ്പാക്കി, ഇലയിൽ പൊതിഞ്ഞ് അടുപ്പിലെ കനലിലിട്ട് ചുടും. ആ പൊതി തുറക്കുമ്പോൾ തോന്നും, സുവർക്കത്തിനു അത്തറിന്റെയും പനിനീരിന്റെയും ഒന്നും മണമല്ല, നല്ല മാന്ത പൊള്ളിച്ച മണം തന്നെ ആയിരിക്കണം എന്ന്.

മാർച്ച് – ഏപ്രിൽ കാലത്താണു കടപ്പുറത്ത് കൂരിക്ക എന്നു വിളിക്കുന്ന നഖത്തിന്റെ വലിപ്പം മാത്രമുള്ള ചിപ്പികൾ അടിയുക. മൈതാനത്തെ കുട്ട്യോളാണ് ഇതു വാരുന്നതും വിൽക്കുന്നതും. പുൽക്കുട്ടയിൽ വാരി നിറച്ച്, കടലിൽ അരയറ്റം വെള്ളത്തിൽ ഇറങ്ങി നിന്ന് അതിലെ മണ്ണ് കഴുകി എടുക്കും. പിന്നീട് തറവാട്ടിന്നും ഇതു വലിയ പാത്രത്തിലിട്ട് വേവിച്ച്, അരി ചേറുന്ന പോലെ അതിന്റെ തോടെല്ലാം ചേറി കളയും. ബാക്കി വരുന്ന കൂരിക്കായിറച്ചി അരിപ്പൊടീം, ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവെപ്പില ഒക്കെ ഇട്ട് കുഴച്ച് കൂരിക്കാപ്പം ഉണ്ടാക്കും.

ഇന്നത്തെ കടപ്പുറത്ത് ആകെ അടിയുന്നത് ഹോട്ടെലുകാരു കൊണ്ടിടുന്ന മാലിന്യവും, പ്ലാസ്റ്റിക്കും, ഹവായി ചെരുപ്പും, ഇടക്കെപ്പോഴെങ്കിലും ശവങ്ങളും ഒക്കെയാണ്.

പിന്നെ കഴിക്കാൻ; ഭൂലോകത്ത് എന്തൊക്കെ ഉപ്പിലിടാമോ, അതൊക്കെ അവിടെ ഉപ്പിലിട്ട് കിട്ടും. പീസും മുട്ടേം, കടുക്ക നിറച്ചതും, ഷവർമ്മയും, ഐസ് ഒരതിയതും… കടപ്പുറം എന്നും ഭക്ഷണപ്രിയരുടെ ഒരു സമ്മേളന സ്ഥലം തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐസിബി

മലബാറിലെ ഒരു നിറഞ്ഞ കുടുംബത്തില്‍ ജനിച്ചു. വിദ്യാഭ്യാസവും വളര്‍ച്ചയും മലബാറ് തന്നെ നല്കി. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ ബിരുദവും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്ത ബിരുദവും. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായി മംഗലാപുരത്തും, ക്രിമിനല്‍ സൈക്കോളജിസ്റ്റായി കോഴിക്കോടും വിയ്യൂരും ജയിലുകളില്‍ പ്രവര്‍ത്തന ചരിത്രം. ഒരു പാട് കൊലയും, കളവും, ബലാത്സംഗവും കേട്ട് മനസ്സ് മരവിച്ചപ്പോള്‍ അഹിംസയാവാം ഇനി എന്ന തീരുമാനത്തില്‍ ഗ്രീന്‍പീസ് എന്ന ലോകസംഘടനയില്‍ സമരങ്ങളും അറസ്റ്റും പ്രതിഷേധങ്ങളും ആയി കുറച്ചു കാലം. ഇനി കുറച്ചു കാലം വെറുതെ ഇരിക്കണം, യാത്രിക്കണം, തിന്നണം, എഴുതണം, ശൂന്യതയിലേക്ക് നോക്കി ചിരിക്കണം എന്ന് തീരുമാനിച്ചു ഇപ്പോള്‍ ജോലിയും കൂലിയും ഇല്ലാതെ തോന്നിയത് പോലെ തോന്നിയ സമയത്ത് ചെയ്യുന്നു. വിവാഹിത. ഭര്‍ത്താവ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍. മകന്‍ ആദം. ഒരുപാട് ആളുകളും പാചകവും 'വര്‍ത്താനവും' തിങ്ങി പാര്‍ത്ത ഒരു മലബാര്‍ കുടുംബത്തില്‍ ജനിച്ചു. അത് കൊണ്ട് തന്നെ ജനങ്ങളും, ഭക്ഷണവും, കേട്ടുകേള്‍വികളും, അടക്കം പറച്ചിലുകളും പ്രിയപെട്ടതായി മാറി. വളര്‍ന്നപ്പോള്‍ ഈ പ്രിയങ്ങള്‍ക്ക് ശാഖകള്‍ നല്കി പ്രിയങ്ങള്‍ സംസ്‌കാരത്തോടും, ഭാഷാശൈലികളോടും, ചടങ്ങുകളോടും, പുതുമകളോടും ആയി മാറി. വീണ്ടും വളര്‍ന്നപ്പോള്‍ മേല്‍പ്പറഞ്ഞ പ്രിയങ്ങളെ കൂട്ടിയിണക്കുന്ന യാത്രകളായി പ്രിയം.

More Posts

Follow Author:

This post was last modified on December 16, 2016 2:27 pm