X

പാപ്പുവ ന്യൂ ഗ്വിനിയയില്‍ കൂട്ടക്കൊല; ഗോത്ര വിഭാഗത്തില്‍ പെട്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 15 പേര്‍ കൊല്ലപ്പെട്ടു

കൊലപാതകങ്ങൾ, ലൈംഗിക അതിക്രമങ്ങൾ, പ്രതികാര നടപടികൾ തുടങ്ങി പല ക്രൂര കൃത്യങ്ങളും ഈ മേഖലകളില്‍നിന്നും തുടരെത്തുടരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്

പാപ്പുവ ന്യൂ ഗ്വിനിയയിലെ ഹെല പ്രവിശ്യയിൽ നടന്ന കൂട്ടക്കൊലയിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 15 പേര്‍ കൊല്ലപ്പെട്ടു. ഗോത്ര ജനതയ്ക്ക് നേരെ വര്‍ഷങ്ങളായി നടക്കുന്ന അതിക്രമങ്ങളില്‍ ഏറ്റവും വലിയ പൊട്ടിത്തെറിയാണിത്‌. 800 ഓളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കരിഡ ഗ്രാമത്തില്‍ നടത്തിയ റെയ്ഡിലാണ് കൊലപാതകം നടന്നത്.

രണ്ടു ഗര്‍ഭണികളടക്കം എട്ടു സ്ത്രീകളും പതിനഞ്ചു വയസ്സില്‍ താഴെയുള്ള എട്ടു കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് ദൃസ്സാക്ഷികളെ ഉദ്ധരിച്ച് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ടു ചെയ്യുന്നു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് ആക്രമണം നടന്നത്. തോക്കുകളും കത്തിയും ഉയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

ഹെല പ്രവിശ്യയുള്‍പ്പടെ പപ്പുവ ന്യൂ ഗിനിയയിലെ ഉയർന്ന പ്രദേശങ്ങളിലെല്ലാം സമീപ വർഷങ്ങളിൽ ഗോത്രവർഗ അക്രമങ്ങള്‍ രൂക്ഷമാണ്. കൊലപാതകങ്ങൾ, ലൈംഗിക അതിക്രമങ്ങൾ, പ്രതികാര നടപടികൾ തുടങ്ങി പല ക്രൂര കൃത്യങ്ങളും ഈ മേഖലകളില്‍നിന്നും തുടരെത്തുടരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ‘ഈ ദിനം എന്‍റെ ജീവിതത്തിലെ ഏറ്റവും ദുഃഖഭരിതമായ ദിനങ്ങളില്‍ ഒന്നാണെന്നാണ്’ പപ്പുവ ന്യൂ ഗ്വിനിയയുടെ പുതിയ പ്രധാനമന്ത്രി ജെയിംസ് മറാപെ പറഞ്ഞത്. ഹഗുവായ്, ഒകിരു, ലിവി ഗോത്രങ്ങളിൽ നിന്നുള്ള തോക്കുധാരികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും, കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഫെസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

2012 മുതൽ ഈ പ്രദേശത്ത് സ്ഥിരം പോലീസിനെ കൂടുതൽ നിയോഗിക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും മറാപ്പെ ആരോപിച്ചു. 400,000 ആളുകളുള്ള ഒരു പ്രവിശ്യയില്‍ വെറും 60-ല്‍ താഴെ പോലീസുകാരെവെച്ച് എങ്ങിനെ ക്രമസമാധാന പാലനം നടത്തുമെന്നും അദ്ദേഹം ചോദിക്കുന്നു.

Read More: കാരക്കോണം മെഡിക്കൽ കോളജില്‍ 1.78 കോടിയുടെ ക്രമക്കേട്: 20 ചെക്കുകള്‍ കടത്തിയതായി മുന്‍ ഡയറക്ടറും സിപിഐ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ.ബെന്നറ്റ് എബ്രഹാമിനെതിരെ പരാതി