X

ഗര്‍ഭഛിദ്ര നിയമം: ബലാത്സംഗം, രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം എന്നിവയില്‍ ഇളവ് വേണമെന്ന് ട്രംപ്

യുഎസ് പ്രസിഡന്റിനെ പിന്തുണയ്ക്കുന്നവരാണ് കൂടുതലും ഗർഭച്ഛിദ്രത്തെ എതിര്‍ക്കുന്നത്

അലബാമ സംസ്ഥാനം പാസാക്കിയ ഗര്‍ഭചിദ്ര നിരോധന നിയമത്തില്‍ ഇളവ് വേണമെന്ന വാദമുയര്‍ത്തി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അമ്മയുടെ ആരോഗ്യത്തിന് എന്തെങ്കിലും അപകടം ഉണ്ടെങ്കില്‍ മാത്രമേ ഗര്‍ഭഛിദ്രം അനുവദിക്കാവൂ എന്നാണ് അലബാമ സംസ്ഥാനം പാസാക്കിയ നിയമം. എന്നാല്‍ ബലാത്സംഗം, രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം എന്നിവ മൂലം ഗര്‍ഭം ധരിച്ചാല്‍ ഗര്‍ഭഛിദ്രം അനുവദിക്കണം എന്നാണ് ട്രംപിന്റെ നിലപാട്. ട്വിറ്ററിലൂടെയാണ് ട്രംപ് തന്റെ നിലപാട് പ്രഖ്യാപിച്ചത്.

തന്റെ നിലപാട് റോണാള്‍ദ് റീഗന്‍റേതാണ് എന്നു പ്രഖ്യാപിച്ച ട്രംപ് താന്‍ ശക്തനായ ജിവിതാനുകൂലിയാണെന്ന് (pro-life) പറഞ്ഞു. ഗര്‍ഭഛിദ്രം ശക്തമായ പ്രചരണമായി താന്‍ 2020ലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരും എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

23 വികസിത രാജ്യങ്ങളില്‍ ഗർഭച്ഛിദ്രത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന രാജ്യം അമേരിക്കയാണെന്ന് റിപ്പോര്‍ട്ട്. ദി യൂഗോ-കേംബ്രിഡ്ജ് ഗ്ലോബലിസം സർവേ പറയുന്നതു പ്രകാരം 46 ശതമാനം അമേരിക്കക്കാരും ഗർഭച്ഛിദ്രം അസ്വീകാര്യമാണെന്ന് പറയുന്നു. അംഗീകരിക്കുന്നത് 38 ശതമാനം പേരാണ്. അമേരിക്കയിലെ ഏറ്റവും വലിയ ഗർഭച്ഛിദ്ര നിരോധന നിയമം അലബാമ സ്റ്റേറ്റ് പാസ്സാക്കുന്നതിന് മുന്‍പാണ് ഈ സര്‍വ്വേ നടത്തിയിരിക്കുന്നത്.

യുഎസ് പ്രസിഡന്റിനെ പിന്തുണയ്ക്കുന്നവരാണ് കൂടുതലും ഗർഭച്ഛിദ്രത്തെ എതിര്‍ക്കുന്നത്. ട്രംപിനെ അനുകൂലിക്കുന്ന വോട്ടർമാരിൽ 78 ശതമാനവും ഗർഭഛിദ്രം അസ്വീകാര്യമാണെന്ന് അഭിപ്രായപ്പെട്ടു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കൈ ഉള്ള സംസ്ഥാനങ്ങളിളെല്ലാം ശക്തമായ ഗർഭച്ഛിദ്ര നിരോധന നിയമം കൊണ്ടു വരുന്നുണ്ട്. കെന്‍റക്കി, മിസിസിപ്പി, ഒഹിയോ, ജോര്‍ജ്ജിയ എന്നീ സംസ്ഥാനങ്ങളില്‍ നിയമം പ്രാബല്യത്തില്‍ വന്നു. അലബാമയിലാണ് ഏറ്റവും ശക്തമായ നിയമമുള്ളത്. മിസ്സൗറിയും ഈ നിയമം പാസാക്കി. അതേസമയം ഗർഭച്ഛിദ്ര നിരോധനത്തിനെതിരെ ‘സെക്സ് സ്ട്രൈക്ക്’ പോലുള്ള പുതിയ പ്രതിഷേധ രീതികളും അമേരിക്കയില്‍ അരങ്ങേറുന്നുണ്ട്.

Read More: നമ്മുടെ വോട്ടുകള്‍ എവിടെ പോകുന്നു? ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ (FPTP) അടിയന്തര പൊളിച്ചെഴുത്ത് അനിവാര്യം

This post was last modified on May 19, 2019 1:55 pm