X

റോഹിന്‍ഗ്യ വിരുദ്ധ അക്രമം: ഓങ് സാന്‍ സൂ ചിക്കെതിരെ കുറ്റം ചുമത്താന്‍ ഓസ്ട്രേലിയന്‍ അഭിഭാഷകര്‍ കോടതിയില്‍

മ്യാന്‍മര്‍ ഗവണ്‍മെന്റിനെ നിയന്ത്രിക്കുന്ന നേതാവായ ഓങ് സാന്‍ സൂ ചി ഒരു വിഭാഗം ജനങ്ങളെ രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്നതിന് ഉത്തരവാദിയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചിക്കെതിരെ മനുഷ്യത്വവിരുദ്ധ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള അഭിഭാഷകര്‍ കോടതിയെ സമീപിച്ചു. റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. മ്യാന്‍മര്‍ ഗവണ്‍മെന്റിനെ നിയന്ത്രിക്കുന്ന നേതാവായ ഓങ് സാന്‍ സൂ ചി ഒരു വിഭാഗം ജനങ്ങളെ രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്നതിന് ഉത്തരവാദിയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

മ്യാന്‍മര്‍ സൈന്യവും ബുദ്ധിസ്റ്റ് ഭീകരരും അഴിച്ചുവിടുന്ന അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി 6.5 ലക്ഷത്തിലധികം റോഹിങ്ക്യകള്‍ മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേയ്ക്ക് പോയതായാണ് കണക്ക്. സൈന്യം വലിയ തോതില്‍ റോഹിങ്ക്യന്‍ സമൂഹത്തില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടത്തിവരുകയാണ്.

അതേസമയം വിദേശനേതാക്കളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് നിയമപരമായ ഏറെ കടമ്പകളുണ്ട്. യൂണിവേഴ്‌സല്‍ ജൂറിസ്ഡിക്ഷന്‍ പ്രൊസസിന് ഓസ്‌ട്രേലിയയില്‍ അറ്റോണി ജനറലിന്റെ അംഗീകാരം വേണം. ഓങ് സാന്‍ സൂ ചിയെ ഓസ്‌ട്രേലിയയിലേയ്ക്ക് ക്ഷണിച്ചിരിക്കുന്ന ഗവണ്‍മെന്റ് ഏതായാലും അത്തരമൊരു തീരുമാനം എടുക്കാനിടയില്ല. വംശഹത്യ തന്നെയാണ് മ്യാന്‍മറിലെ റാഖിന്‍ പ്രവിശ്യയില്‍ റോഹിംഗ്യകള്‍ക്കെതിരെ നടന്നുവരുന്നതെന്ന് യുഎന്‍ വിലയിരുത്തിയിട്ടുണ്ട്. റോഹിംഗ്യന്‍ ന്യൂനപക്ഷം നേരിടുന്ന പീഡനങ്ങളും അടിച്ചമര്‍ത്തലും സംബന്ധിച്ച് സൂ ചിയുമായി സംസാരിക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ പറഞ്ഞിരിക്കുന്നത്.

This post was last modified on March 17, 2018 4:44 pm