X

പാക് നയം എങ്ങനെ ശ്രീനഗര്‍ പിടിക്കാമെന്നായിരുന്നു, ഇമ്രാന്‍ ഖാന്റെ കാലത്ത് എങ്ങനെ മുസഫറാബാദ് നിലനിര്‍ത്താം എന്നാണ്: ബിലാവല്‍ ഭൂട്ടോ

ഇമ്രാന്‍ ഖാന്റെ ആര്‍ത്തിയും നയപരാജയവും മൂലം മുസഫറാബാദിലെ സംരക്ഷിക്കേണ്ട അവസ്ഥയിലായി നമ്മള്‍ - ബിലാവല്‍ ഭൂട്ടോ പറഞ്ഞു.

കാശ്മീര്‍ പ്രശ്‌നത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ. പാകിസ്താന്റെ കാശ്മീര്‍ നയം ശ്രീനഗര്‍ എങ്ങനെ പിടിച്ചെടുക്കാം എന്നായിരുന്നു. എന്നാല്‍ ഇമ്രാന്‍ ഖാന്റെ ഭരണത്തില്‍ അത് മുസഫറാബാദ് എങ്ങനെ നിലനിര്‍ത്താം എന്നായി എന്ന് ബിലാവല്‍ കുറ്റപ്പെടുത്തി. ഇമ്രാന്‍ ഖാന്റെ ആര്‍ത്തിയും നയപരാജയവും മൂലം മുസഫറാബാദിലെ സംരക്ഷിക്കേണ്ട അവസ്ഥയിലായി നമ്മള്‍ – ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
പാകിസ്താന്‍ അധീന കാശ്മീരിന്റെ തലസ്ഥാനമാണ് മുസഫറാബാദ്.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പാക് അധീന കാശ്മീരില്‍ അവകാശവാദം ഉന്നയിക്കുന്ന പ്രസ്താവനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും രംഗത്തെത്തിയിരുന്നു. പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എന്ന് അമിത് ഷാ അവകാശപ്പെട്ടപ്പോള്‍, പാകിസ്താനുമായി ഇനി എന്തെങ്കിലും ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറാവുകയാണ് എങ്കില്‍ അത് പാക് അധീന കാശ്മീരിനെ സംബന്ധിച്ച് മാത്രമായിരിക്കുമെന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ഇന്ത്യന്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയത്. ഇന്ത്യ ഫാഷിസ്റ്റുകളുടെ പിടിയിലാണ് എന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മരവിപ്പിക്കുന്നതായി അറിയിച്ച പാകിസ്താന്‍ കാശ്മീര്‍ പ്രശ്‌നവുമായി യുഎന്‍ രക്ഷാസമിതിയേയും അന്താരാഷ്ട്ര നീതിന്യായ കോടതികളേയും സമീപിച്ചിരുന്നു.

This post was last modified on August 27, 2019 6:16 pm