അഴിമതി, പണം വെളുപ്പിക്കല്‍ കേസുകളില്‍ ബ്രസീലിന്റെ മുന്‍ പ്രസിഡന്റ് ലുല എന്ന ലൂയിസ് ഇനാഷ്യോ ലുല ഡ സില്‍വയ്ക്ക് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ മേല്‍ക്കോടതി ശരിവെച്ചു. ഇതോടെ മൂന്നാം വട്ടം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ആധുനിക ബ്രസീല്‍ ചരിത്രത്തിലെ ഏറ്റവും ജനകീയനായ നേതാവിന്റെ മോഹത്തിന് കനത്ത തിരിച്ചടിയേറ്റു. പോര്‍ട്ടോ അലഗ്രെയില്‍ മൂന്നംഗ അപ്പീല്‍ കോടതിയാണ് കീഴ്‌ക്കോടതി നല്‍കിയ ശിക്ഷ ബുധനാഴ്ച ഏകകണ്ഠമായി ശരിവെച്ചത്. മാത്രമല്ല, കീഴ്‌ക്കോടതി വിധിച്ചിരുന്ന ഒമ്പതര വര്‍ഷത്തെ തടവ് 12 വര്‍ഷവും ഒരു മാസവുമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ലുലയ്ക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ കോടതി വിധി എതിരായതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. വിധിക്കെതിരെ ബ്രസീലില്‍ വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പോര്‍ട്ടോ അലഗ്രെയിലും സാവോ പോളോയിലും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ലുലയുടെ വാദം. താന്‍ നിരപരാധിയാണെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും തന്നെ തടയുന്നതിനുള്ള ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നുമാണ് അദ്ദേഹം വാദിക്കുന്നത്.
വിധി പ്രഖ്യാപിക്കുന്നത് പ്രമാണിച്ച് പോര്‍ട്ടോ അലഗ്രെയിലെ കോടതിയില്‍ വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ബ്രസീലിലെമ്പാടും നിന്നെത്തിയ ആയിരക്കണക്കിന് ലുല അനുയായികള്‍ കോടതി മുറിക്ക് പുറത്ത് പോലീസ് തീര്‍ത്ത ബാരിക്കേഡിന് വെളിയില്‍ തടിച്ചുകൂടിയിരുന്നു. തങ്ങളുടെ പോരാട്ടം തുടരുമെന്നും പ്രതിഷേധങ്ങള്‍ കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് വളരുമെന്നുമാണ് ലുലയുടെ അനുയായികള്‍ പറയുന്നത്. വിധിയെ വിമര്‍ശിച്ച ലുലയുടെ അഭിഭാഷകരായ ക്രിസ്റ്റ്യാനോ മാര്‍ട്ടിന്‍സും വലേസ്‌ക മാര്‍ട്ടിന്‍സും, നീതിനിഷേധത്തിനെതിരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിറ്റിയെ സമീപിക്കുമെന്നും വെളിപ്പെടുത്തി.
2003 മുതല്‍ 2010 വരെ രണ്ടുവട്ടം ലുല ബ്രസീല്‍ പ്രസിഡന്റായിരുന്നു. പിന്നിട് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ദില്‍മ റൂസഫ് രണ്ട് തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും ലുലയുടെ ജനസ്വാധീനത്തിന്റെ പിന്‍ബലത്തിലായിരുന്നു. എന്നാല്‍ ബജറ്റ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് 2016ല്‍ ദില്‍മയെ ഇംപീച്ച് ചെയ്തിരുന്നു. ഇതൊരു രാഷ്ട്രീയ അട്ടിമറിയാണെന്നാണ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ആരോപിക്കുന്നത്. ലോകമെമ്പാടുമുള്ള ഇടതുപക്ഷ അനുകൂലികളും നിയമവിദഗധരും ലുലയ്ക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു. ഈ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് ദില്‍മയാണ്. താന്‍ ലുലയോടൊപ്പമാണെന്ന് ഫുട്ബോള്‍ ഇതിഹാസം ഡിഗോ മാറഡോണ ട്വീറ്റ് ചെയ്തിരുന്നു.
540,000 യൂറോ (ഏകദേശം 43 കോടി രൂപ) വിലവരുന്ന ഒരു കടല്‍ത്തീര ആഡംബര ബംഗ്ലാവ് സമ്മാനമായി ലഭിച്ച സംഭവത്തില്‍ ലുല കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പെട്രോബാസില്‍ നടന്ന കോടിക്കണക്കിന് ഡോളറിന്റെ അഴിമതിക്കുള്ള പ്രതിഫലമാണ് ബംഗ്ലാവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ ബംഗ്ലാവിന്റെ ഉടമസ്ഥത തന്റെ കക്ഷിക്കല്ലെന്ന് ലുലയുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ കോടതികള്‍ തയ്യാറായില്ല.
ലുലയ്ക്ക് ഇനിയും ധാരാളം അപ്പീല്‍ അവസരങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഓഗസ്റ്റ് 15ന് ലുലയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാനാണ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ആലോചിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള കോടതി വിധി സെപ്തംബര്‍ 17ന് മുമ്പ് ഉണ്ടാവാന്‍ ഇടയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിധി വന്നതിന് ശേഷം സാവോ പോളോയില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് തനിക്കെതിരെ ബ്രസിലിലെ വരേണ്യവര്‍ഗ്ഗം കെട്ടിച്ചമച്ചതാണ് കേസെന്ന് ലുല പ്രസ്താവിച്ചു. തന്റ ഭെരണത്തിന്റെ കീഴില്‍ പാവപ്പെട്ട ബ്രസീലുകാര്‍ക്ക് ഉണ്ടായ ഉന്നമനമാണ് അവരെ ഇതിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവര്‍ക്കായുള്ള തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
This post was last modified on January 25, 2018 11:07 am
Leave a Comment