X

കാറ്റലോണിയ ഹിതപരിശോധന തുടങ്ങി; അടിച്ചമര്‍ത്താന്‍ പൊലീസ്, സ്വാതന്ത്ര്യത്തിന്റെ ആവേശത്തില്‍ കറ്റാലന്മാര്‍

ഹിതപരിശോധന അംഗീകരിക്കില്ലെന്നാണ് സ്പാനിഷ് ഭരണകൂടം പറയുന്നത്

സ്പാനിഷ് ഭരണകൂടത്തിന്റെ എതിര്‍പ്പിനെ മറികടന്നു രാജ്യത്തു നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനായി കാറ്റലോണിയ നടത്തുന്ന ഹിതപരിശോധന ആരംഭിച്ചു. സ്പാനിഷ് ഭരണകൂടം ഹിതപരിശോധനയെ ശക്തമായി തടയുകയാണ്. പലയിടത്തും പൊലീസും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും നടക്കുന്നുണ്ട്. ഹിതപരിശോധന അനുകൂലികള്‍ക്കെതിരേ പൊലീസ് റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. പൊലീസിന്റെ എതിര്‍പ്പുകള്‍ക്കിടയിലും കറ്റാലന്‍ ജനത വലിയ തോതില്‍ ഹിതപരിശോധനയില്‍ പങ്കെടുക്കുന്നുണ്ട് എന്നതാണ് കാണാനാവുന്നത്.

ഹിതപരിശോധന നിയമവിരുദ്ധമാണെന്നു സ്‌പെയിനിലെ ഭരണഘടന കോടതി നേരത്തെ തന്നെ ഉത്തരവ് ഇട്ടിരുന്നു. എന്തുവിലകൊടുത്തും ഹിതപരിശോധന തടയുമെന്നായിരുന്നു സ്പാനിഷ് സര്‍ക്കാരും വ്യക്തമാക്കിയിരുന്നത്. ഇതിന്റെ ഭാഗമായാണ് പൊലീസ് ബലപ്രയോഗത്തിലൂടെ തന്നെ വോട്ടിംഗ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നടപടികളാണെന്നും വൃദ്ധരായവരെയപോലും പൊലീസ് തെരുവില്‍ വലിച്ചിഴയ്ക്കുകയാണെന്നുമാണ് കാറ്റാലന്‍ അനുകൂലികള്‍ പ്രതിഷേധിക്കുന്നത്. എന്തുവന്നാലും ഹിതപരിശോധനയുമായി മുന്നോട്ടു പോകുമെന്നും ഇവര്‍ പറയുന്നു. കറ്റാലന്‍ പ്രാദേശിക ഭരണകൂടത്തിന്റെ പ്രസിഡന്റ് കാര്‍ലസ് പൂഗ്ഡിമൊന്‍ അടക്കമുള്ള പ്രമുഖര്‍ വോട്ട് ചെയ്തതിന്റ ചിത്രങ്ങളും പുറത്തു വരുന്നുണ്ട്.

ഹിതപരിശോധ അനുവദിക്കില്ലെന്നും പോളിംഗ് സ്‌റ്റേഷനുകള്‍ സീല്‍ ചെയ്യുന്നുണ്ടെന്നും ബാലറ്റ് പേപ്പറുകള്‍ പിടിച്ചെടുക്കുകയുമാണെന്നും സ്‌പെയിന്‍ ആഭ്യന്തരമന്ത്രാലയം പറയുന്നു. കാറ്റലോണിയയുടെ തലസ്ഥാനമായ ബാഴ്‌സലോണയില്‍ വോട്ടര്‍മാരെ പോളിംഗ് സ്‌റ്റേഷനുകളില്‍ പ്രവേശിപ്പിക്കാതെ പൊലീസ് തടയുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ അനുകൂലിക്കുന്ന ആയിരക്കണക്കിനുപേര്‍ പോളിംഗ് സ്‌റ്റേഷനുകളായി നിശ്ചയിച്ചിരിക്കുന്ന സ്‌കൂളുകള്‍ക്കും മറ്റ് കെട്ടിടങ്ങളിലും നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു. സത്രീകളും കുട്ടികളുമടക്കം ഇക്കൂട്ടത്തിലുണ്ട്. ചിലയിടങ്ങളില്‍ കര്‍ഷകര്‍ ട്രാക്റ്ററുകളും മറ്റും ഉപയോഗിച്ച് പോളിംഗ് സ്‌റ്റേഷനുകള്‍ക്കു മുന്നില്‍ സംരക്ഷണ മതിലുകള്‍ തീര്‍ത്തിട്ടുണ്ടെന്നും വാര്‍ത്തകള്‍ പറയുന്നു. പൊലീസ് എത്തി പോളിംഗ് സ്‌റ്റേഷുകള്‍ സീല്‍ ചെയ്യുന്നത് തടയാനാണ് ഇത്തരം സംരക്ഷണ മതിലുകള്‍. ഞായറാഴ്ച തന്നെ ആയിരക്കണക്കിനു പൊലീസുകാരെ ബാഴ്‌സലോണയിയുടെ വിവിധ ഇടങ്ങളിലായി വിന്യസിച്ചിരുന്നു. ഹിതപരിശോധന നിയമവിരുദ്ധമായതിനാല്‍ ഇതിനായി ഒരു പോളിംഗ് സ്‌റ്റേഷന്‍ പോലും തുറക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് സ്പാനിഷ് ഭരണകൂടം നല്‍കിയിരിക്കുന്നത്. അതേസമയം പൊലീസ് നടപടിയോട് സമാധാനപരമായ പ്രതിഷേധം മാത്രമെ നടത്താവൂ എന്നാണ് ഹിതപരിശോധന സംഘാടകര്‍ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.

സ്വതന്ത്രരാജ്യമായി കാറ്റലോണിയ മാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ എന്നെഴുതിയ ബാലറ്റ് പേപ്പറാണ് തയ്യാറാക്കിയിരിക്കുന്നത്. ‘അതേ’, എന്നും ‘അല്ല’ എന്നും എഴുതിയ രണ്ടു ബാലറ്റ് പെട്ടികള്‍ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും സ്ഥാപിച്ചിട്ടുണ്ട്. കാറ്റലോണിയയുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവര്‍ ബാലറ്റ പേപ്പര്‍ ‘അതേ’ എന്ന എഴുതിയ പെട്ടിയിലും അനുകൂലികാത്തവര്‍ ‘അല്ല’ എന്നെഴുതിയ പെട്ടിയിലും നിക്ഷേപിക്കണം. ഹിതപരിശോധനയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏതു പോളിംഗ് സ്‌റ്റേഷനില്‍ ചെന്നും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.

5.3 മില്യണ്‍ ജനങ്ങള്‍ ഹിതപരിശോധനയില്‍ കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തെ പിന്തുണച്ച് വോട്ട് ചെയ്യുമെന്നാണ് പ്രസിഡന്റ് കാര്‍ലസ് പൂഗ്ഡിമൊന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്നും കാര്‍ലസ് പറയുന്നു. ഈ ഞായറാഴ്ച ജനാധിപത്യത്തിലെ പ്രധാനപ്പെട്ട ദിവസം ആയിരിക്കുമെന്നാണ് വൈസ് പ്രസിഡന്റ് ഒറിയോല്‍ ജുന്‍ക്വിറാസ് അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഇങ്ങനെയൊരു ഹിതപരിശോധന നിയമവിരുദ്ധവും ഭരണഘടന അനുവദിക്കാത്തതുമാണെന്ന് ആവര്‍ത്തിക്കുന്ന സ്പാനിഷ് ഭരണകൂടം ഹിതപരിശോധന ഫലം അംഗീകരിക്കില്ലെന്നാണ് ഉറപ്പിച്ചു പറയുന്നത്. അഭേദ്യമായ ഐക്യവും പൊതുവായതും അഭിവാജ്യവുമായ മാതൃരാജ്യം എല്ലാ സ്‌പെയിന്‍കാര്‍ക്കും വിഭാവനം ചെയ്യുന്നതുമായ രാജ്യത്തിന്റെ ഭരണഘടനയ്ക്കു വിരുദ്ധമാണ് ഈ ഹിതപരിശോധനയെന്നാണ് സ്‌പെയിന്‍ പ്രധാനമന്ത്രി മരിയാനോ രജോയ് പ്രതികരിച്ചത്.

കാറ്റലോണിയെ പൂര്‍ണമായി പൊലീസ് നിയന്ത്രണത്തില്‍ ആക്കിയിരിക്കുകയാണെന്നാണ് അറിയിക്കുന്നത്. നേരത്തെ ഹിതപരിശോധനയുമായി മുന്നോട്ടു പോകുന്നതിന്റെ പേരില്‍ കറ്റാലന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും റഫറണ്ടം വെബ്‌സൈറ്റുകള്‍ പൂട്ടിക്കുകയും ചെയ്തിരുന്നു. ലക്ഷകണക്കിനു ബാലറ്റ് പേപ്പറുകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. പ്രാദേശികമായി തയ്യാറാക്കിയിരുന്ന 2,315 പോളിംഗ് സ്‌റ്റേഷനുകളില്‍ 1,300 എണ്ണം ശനിയാഴ്ച പൊലീസ് പൂട്ടിച്ചിരുന്നു. കോടതി ഉത്തരവിന്റെ പേരില്‍ സിവില്‍ ഗാര്‍ഡുകള്‍ കാറ്റലിയന്‍ ടെക്‌നോളജി ആന്‍ഡ് കമ്യൂണിക്കേഷന്‍ സെന്ററിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തുകയും പോളിംഗ് സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ചിരുന്ന സോഫ്റ്റ്‌വെയറുകള്‍ വിച്ഛേദിക്കുകയും ഓണ്‍ലൈന്‍ വോട്ടിംഗ് ആപ്ലിക്കേഷനുകള്‍ നിശ്ചലമാക്കുകയും ചെയ്തിരുന്നു.

7.5 മില്യണ്‍ ജനങ്ങള്‍ കാറ്റലോണിയയില്‍ താമസിക്കുന്നുണ്ട്. സ്‌പെയിനിന്റെ ആകെ ജനസംഖ്യയുടെ 16 ശതമാനവും കറ്റാലന്മാരാണ്. സ്‌പെയിനിന്റെ കയറ്റുമതിയില്‍ 25.6 ശതമാനവും നടക്കുന്നത് കാറ്റിലോണിയയില്‍ നിന്നാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 19 ശതമാനവും ഇവിടെനിന്നാണ്. വിദേശനിക്ഷേപത്തിന്റെ 20.7 ശതമാനവും കാറ്റലോണിയയിലാണ്. ചുരുക്കി പറഞ്ഞാല്‍ സ്‌പെയിന്‍ മ്പദ്ഘടനയുടെ നെടുംതൂണാണ് കാറ്റലോണിയ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോള്‍ ക്ലബ്ബായ ബാഴസലോണയും കറ്റാലോണിയയുടെ ഭാഗമാണ്. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശമായ കാറ്റലോണയിലെ ജനങ്ങള്‍ അവരുടെ സ്വന്തം ഭാഷയും സംസ്‌കാരവുമാണ് പിന്തുടരുന്നത്. സ്വതന്ത്ര ഭരണകൂടമാണ് ഇവിടെയുള്ളതെങ്കിലും സ്വതന്ത്രപദവി കാറ്റലോണിയയ്ക്ക് സ്പാനീഷ് ഭരണഘടന അനുവദിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി തങ്ങള്‍ക്ക് സ്വാതതന്ത്ര്യം വേണമെന്ന ആവശ്യം കറ്റാലന്‍മാര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ അവര്‍ വിശാലമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും അതും കടന്ന് രാജ്യത്തെ വിഘടിപ്പിച്ചുകൊണ്ട് വേര്‍പ്പെട്ടു നില്‍ക്കേണ്ടതില്ലെന്നുമാണ് സ്പാനിഷ് ദേശീയവാദികള്‍ പറയുന്നത്. ഹിതപരിശോനയ്‌ക്കെതിരേ മാഡ്രിഡില്‍ വന്‍ പ്രതിഷേധ റാലികള്‍ നടന്നിരുന്നു.