X

രക്തരൂക്ഷിതം ഹിതപരിശോധന; വിജയം പ്രഖ്യാപിച്ച് കറ്റാലന്മാര്‍, സ്വയം വിഡ്ഡികളാകരുതെന്ന് സ്‌പെയിന്‍

ഹിതപരിശോധന തടയുന്നതിന്റെ ഭാഗമായുള്ള പൊലീസ് നടപടിയില്‍ എഴുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായി വിവരം

മാഡ്രിഡ് പൊലീസിന്റെ വെല്ലുവിളികളെ പ്രതിരോധിച്ചുകൊണ്ട്് കാറ്റലോണിയയുടെ സ്വതന്ത്രരാഷ്ട്ര പദവിക്കായി ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ അനുകൂല വിധി ലഭിച്ചതായി കറ്റാലന്മാര്‍. സ്വാതന്ത്ര്യത്തിലേക്കുള്ള വാതില്‍ തുറന്നിരിക്കുകയാണെന്നാണ് കാറ്റലോണിയ പ്രാദേശിക ഭരണകൂടത്തിന്റെ പ്രസിഡന്റ് കാര്‍ലസ് പുഗ്ഡിമൊന്‍ അഭിപ്രായപ്പെട്ടത്. 42.3 ശതമാനം പോളിംഗ് നടന്നപ്പോള്‍ വോട്ടിംഗില്‍ പങ്കെടുത്തവരില്‍ 90 ശതമാനം പേരും കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ അനുകൂലിച്ചതായി പ്രസിഡന്റ് പറയുന്നു.

എന്നാല്‍ ഈ ഹിതപരിശോധന അംഗീകരിക്കില്ലെന്നാണ് സ്‌പെയിനിലെ ഭരണഘടന കോടതിയും സര്‍ക്കാരും വ്യക്തമാക്കിയിരുന്നത്. പൊലീസ് ഹിതപരിശോധന തടയാന്‍ നടത്തിയ ശ്രമങ്ങള്‍ വലിയ ഏറ്റുമുട്ടലിലേക്കാണ് പോയത്. ഏതാണ്ട് എഴു നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പോളിംഗ് സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടാനും ബാലറ്റ് പേപ്പറുകള്‍ പിടിച്ചെടുക്കാനും നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഹിതപരിശോധന ദിവസമായിരുന്ന ഞായറാഴ്ച പലയിടങ്ങളിലും പൊലീസിനെ തടയാന്‍ കാറ്റലോണിയന്‍ അനുകൂലികള്‍ നടത്തിയ ശ്രമങ്ങളാണ് ഏറ്റുമുട്ടലില്‍ എത്തിച്ചത്. ലാത്തി വീശിയും റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചുമാണ് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്.

മര്‍ദ്ദനങ്ങളെ ചെറുത്ത് നിന്ന് കറ്റാലന്മാര്‍ അവരുടെ സ്വതന്ത്രപൂര്‍ണമായ രാഷ്ട്രമെന്ന ആഗ്രഹത്തില്‍ വിജയിച്ചിരിക്കുന്നുവെന്നാണ് പൊലീസ് നടപടിയെ വിമര്‍ശിച്ചുകൊണ്ട് കാര്‍ലസ് പുഗ്ഡിമൊന്‍ പ്രതികരിച്ചത്.

ഹിതപരിശോധന ഫലം അടുത്ത ദിവസങ്ങളില്‍ തന്നെ കാറ്റലോണിയ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും ജനങ്ങളുടെ സ്വാതാന്ത്ര്യാഭിലാഷം നിയമമാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

അതേസമയം പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടികള്‍ക്കെതിരേ വന്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ചൊവ്വാഴ്ച കാറ്റലോണിയയില്‍ സമരത്തിന് ആഹ്വാനം ചെയ്ത് നാപ്പതോളം ട്രേഡ് യൂണിയനുകളും കറ്റാലന്‍ അസോസിയേഷനുകളും രംഗത്തു വന്നിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ കാറ്റലോണിയ സ്വാതന്ത്ര്യാനുകൂലികള്‍ ബാഴ്‌സലോണയില്‍ തടിച്ചുകൂടി കാറ്റലോണിയന്‍ ദേശീയഗാനം പാടുകയും കൊടികള്‍ വീശുകയും ചെയ്തിരുന്നു. ഇവര്‍ക്ക് വിരുദ്ധമായി കാറ്റലോണിയന്‍ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നവര്‍ ബാഴ്‌സലോണയില്‍ ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു.

കാറ്റലോണിയ ഹിതപരിശോധനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് രംഗത്തു വന്നത്. നിയമവിരുദ്ധമായ വോട്ടെടുപ്പിലൂടെ സ്വയം വിഡ്ഡികളാവുകയാണവര്‍, ജനാധിപത്യത്തോടുള്ള അധിക്ഷേപമാണ് ഇതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

This post was last modified on October 2, 2017 9:23 am