X

“ഞങ്ങളെ വിശ്വസിക്കൂ, മസൂദ് അസ്ഹറിന്റെ കാര്യം ശരിയാക്കി തരാം: ചൈന

ചര്‍ച്ചകള്‍ തുടരും. പ്രശ്‌നം പരിഹരിക്കപ്പെടും - ലുവോ ഷാഹുയ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാം എന്ന് ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോ ഷാഹുയ് ആണ് ഇക്കാര്യം പറഞ്ഞത്. യുഎന്‍ രക്ഷാസമിതിയില്‍ മസൂദ് അസ്ഹറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ചൈന തടഞ്ഞത് നാല് ദിവസം മുമ്പാണ്. എന്നെ വിശ്വസിക്കൂ, ഇതൊരു സാങ്കേതിക തടസം മാത്രമാണ്. ചര്‍ച്ചകള്‍ തുടരും. പ്രശ്‌നം പരിഹരിക്കപ്പെടും – ലുവോ ഷാഹുയ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നത് ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമാണ്. ചൈന പല തവണ നീക്കം തടസപ്പെടുത്തുകയും ചെയ്തു. ഏറ്റവുമൊടുവിലെ ചൈനയുടെ ഇടപെടല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുമെന്ന സൂചന നല്‍കിയിരുന്നു. അതേസമയം ചൈനയുമായുള്ള നയതന്ത്ര ബന്ധവും ചര്‍ച്ചകളും സജീവമായി തുടരുമെന്ന നിലപാട് തന്നെയാണ് ഇന്ത്യ വ്യക്തമാക്കിയത്.