X

ഡ്രോണ്‍ ആക്രമണം – സൗദി അറേബ്യന്‍ എണ്ണ കമ്പനി അരാംകോയുടെ കേന്ദ്രങ്ങളില്‍ തീ പിടിത്തം

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകയും യെമനിലെ ഹൂതി വിമതരേയും സൗദി സംശയിക്കുന്നുണ്ട്.

ഡ്രോണ്‍ ആക്രമണത്തില്‍ സൗദി അറേബ്യന്‍ എണ്ണ കമ്പനിയായ അരാംകോയുടെ കേന്ദ്രങ്ങളില്‍ തീ പിടിത്തം. രണ്ട് കേന്ദ്രങ്ങളിലാണ് തീ പിടിത്തമുണ്ടായത് എന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമേഖല എണ്ണ കമ്പനിയാണ് അരാംകോ. സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണിത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഭീകര സംഘടനകളൊന്നും തന്നെ ഏറ്റെടുത്തിട്ടില്ല.

അബ്‌ക്വെയ്ക്കിലേയും ഖുറെയ്‌സിലേയും കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. കിഴക്കന്‍ സൗദി അറേബ്യയിലെ അരാംകോയുടെ രണ്ട് പ്രധാന കേന്ദ്രങ്ങളാണിവ. അരാംകോ പ്രവര്‍ത്തനങ്ങളെ ആക്രമണം എത്രത്തോളം ബാധിച്ചു എന്നോ ഡ്രോണിന്റെ ഉറവിടമോ വ്യക്തമല്ല. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകയും യെമനിലെ ഹൂതി വിമതരേയും സൗദി സംശയിക്കുന്നുണ്ട്. ഇറാന്റെ പിന്തുണയുള്ള, യെമനിലെ ഹൂതി വിമതര്‍ നേരത്തെ സൗദിയുടെ വിമാനത്താവളങ്ങളും വ്യോമസേന താവളങ്ങളും ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. യെമനില്‍ ഹൂതി വിമതരുടെ കേന്ദ്രങ്ങളില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തുന്നുണ്ട്.

ഇറാനുമായുള്ള സംഘര്‍ഷം തുടരവേയാണ് ആക്രമണം നടന്നിരിക്കുന്നത്. സൗദി സമയം പുലര്‍ച്ചെ നാല് മണി മുതല്‍ അരാംകോ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി സംഘങ്ങള്‍ തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നതായി സൗദി പ്രസ് ഏജന്‍സി പറയുന്നു. രണ്ടിടങ്ങളിലേയും തീ അണയ്ക്കാന്‍ കഴിഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അതേസമയം വളരെ പ്രധാനപ്പെട്ട കാര്യം അറിയിക്കുമെന്ന് ഹൂതികളുടെ അല്‍ മസീറ ടി വി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഹൂതി വിമതര്‍ അരാംകോുടെ ഷായ്ബാ പ്രകൃതി വാതക കേന്ദ്രത്തില്‍ ആക്രമണം നടത്തിയിരുന്നു.

This post was last modified on September 14, 2019 2:33 pm