X

ആ കുട്ടിക്ക് യാതൊരു പ്രശ്നവുമില്ല, നല്ല സന്തോഷത്തിലാണ്, കണ്ടതില്‍ സന്തോഷം – ഗ്രെറ്റ തന്‍ബര്‍ഗിനെ പരിഹസിച്ച് ട്രംപ്‌

അവള്‍ വളരെ നല്ല ഭാവിയുള്ള സന്തോഷമായി ജീവിക്കുന്ന ഒരു പെണ്‍കുട്ടിയാണ് എന്നാണ് തോന്നുന്നത്. കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം - എന്ന് ട്രംപ് പറയുന്നു.

കാലാവസ്ഥാ വ്യതിയാനം തടയാനുള്ള നടപടികള്‍ക്കായി ആഗോളതലത്തില്‍ പ്രചാരണം നടത്തുന്ന ഗ്രെറ്റ തന്‍ബര്‍ഗിനെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ വൈകാരികമായ പ്രസംഗമാണ് ഗ്രെറ്റ തന്‍ബര്‍ഗ് നടത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം ജനങ്ങള്‍ മരിക്കുകയാണ് എന്ന് ഗ്രെറ്റ തന്‍ബര്‍ഗ് പറഞ്ഞിരുന്നു. എന്നാല്‍ ഗ്രെറ്റ തന്‍ബര്‍ഗിന് യാതൊരു പ്രശ്‌നവുമില്ലെന്നും ആ കുട്ടി വളരെ സന്തോഷമായിട്ടാണ് ഇരിക്കുന്നത് എന്നും ട്രംപ് ട്വീറ്റ് ചെയ്തു.

അവള്‍ വളരെ നല്ല ഭാവിയുള്ള സന്തോഷമായി ജീവിക്കുന്ന ഒരു പെണ്‍കുട്ടിയാണ് എന്നാണ് തോന്നുന്നത്. കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം – എന്ന് ട്രംപ് പറയുന്നു. ഗ്രെറ്റ തന്‍ബര്‍ഗ് യുഎന്‍ പ്രസംഗത്തിനിടെ ട്രംപിനെ രൂക്ഷമായി നോക്കിയത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്, അവര്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. മുഴുവന്‍ ആവാസ വ്യവസ്ഥകളും തകരുകയാണ്. മനുഷ്യരാശി വലിയ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് പറയാനുള്ളത് പണത്തേയും സാമ്പത്തിക വളര്‍ച്ചയേയും കുറിച്ചാണ് – യുഎന്നില്‍ ഗ്രെറ്റ തന്‍ബര്‍ഗ് പറഞ്ഞു.

അപകടകരമായ ആഗോള താപനത്തെ അഭിസംബോധന ചെയ്യുന്നതിന് പുതിയ നൂതന മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവെക്കുന്നതില്‍ ലോക രാജ്യങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഗ്രെറ്റ കുറ്റപ്പെടുത്തി. ‘ഇപ്പോഴും ഇതുപോലെ പറയാനുള്ള പക്വത നിങ്ങള്‍ക്കില്ല. നിങ്ങൾ ഞങ്ങളെ പരാജയപ്പെടുത്തുകയാണ്. എന്നാൽ നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവഞ്ചന യുവാക്കൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു’- സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ കൗമാരക്കാരി ലോകനേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഹരിതഗൃഹ വാതകം പുറന്തള്ളല്‍ സമൂലമായി ഇല്ലാതാക്കുന്നതിന് ഉച്ചകോടി പുതിയ പദ്ധതികളൊന്നും മുന്നോട്ടു വെക്കുന്നില്ലെന്ന് ഗ്രെറ്റ പറയുന്നു. ‘നിങ്ങള്‍ നിങ്ങളുടെ ശൂന്യമായ വാക്കുകളാൽ കവര്‍ന്നെടുത്തത് എന്റെ കുട്ടിക്കാലവും സ്വപ്നങ്ങളുമാണ്’ എന്നാണ് ഏറെ വൈകാരികമായി ഗ്രെറ്റ പറഞ്ഞത്.

This post was last modified on September 24, 2019 3:00 pm