X

മനുഷ്യക്കടത്ത് തടയാന്‍ ലൈംഗിക തൊഴില്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മെക്സിക്കൊ സിറ്റി

മെക്സികോ സിറ്റിയുടെ മിക്ക ഭാഗങ്ങളിലും ലൈംഗിക തൊഴില്‍ അനുവദനീയമാണെങ്കിലും വ്യത്യസ്തവും അവ്യക്തവുമായ നിയമങ്ങളാണുള്ളത്

മെക്സിക്കോ സിറ്റിയില്‍ ലൈംഗിക തൊഴിലിനുണ്ടായിരുന്ന നിയമപരമായ വിലക്ക് ഒഴിവാക്കി. ആയിരക്കണക്കിന് മെക്സിക്കൻ സ്ത്രീകളെയും കുട്ടികളെയും ഇരകളാക്കുന്ന ലൈംഗിക കടത്തിനെതിരെ സ്വീകരിക്കുന്ന ആദ്യഘട്ട നടപടിയാണിത്. അയൽവാസികൾ പരാതി പറഞ്ഞാൽ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പിഴ ഈടാക്കുവാനോ അറസ്റ്റ് ചെയ്യാനോ നിലവിലെ നിയമം അനുവദിച്ചിരുന്നു. മെക്സിക്കോ സിറ്റി കോൺഗ്രസിൽ നടന്ന വോട്ടെടുപ്പില്‍ 38-0 എന്ന നിലയിലാണ് പുതിയ നിയമം പാസ്സാക്കിയിരിക്കുന്നത്.

ലൈംഗിക തൊഴിലിൽ ഏർപ്പെടാന്‍ പൌരന്മാര്‍ക്ക് അവകാശം നല്‍കുന്നതാണ് പുതിയ നിയമമെന്ന് രാജ്യം ഭരിക്കുന്ന മധ്യ ഇടതുപക്ഷ പാര്‍ട്ടിയുടെ ഒരു നേതാവായ ടെമിസ്റ്റോകള്‍സ് വില്ലനുവ പറഞ്ഞു. ‘ലൈംഗിക തൊഴിലാളികളെ നിയന്ത്രിക്കുന്നതിനുള്ള ആദ്യ ചുവട് കൂടിയാണ് ഇത്. മനുഷ്യക്കടത്തിനെതിരെ പോരാടാനും, ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്താനും ഈ നിയമം സഹായിക്കും’, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെക്സികോ സിറ്റിയുടെ മിക്ക ഭാഗങ്ങളിലും ലൈംഗിക തൊഴില്‍ അനുവദനീയമാണെങ്കിലും വ്യത്യസ്തവും അവ്യക്തവുമായ നിയമങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ ഈ തൊഴില്‍ ചെയ്യുന്നവര്‍ പല നിയമക്കുരുക്കുകളിലും പെട്ടുപോകുവാനും ക്രിമിനല്‍ സംഘങ്ങള്‍ അത് മുതലെടുക്കുവാനും ശ്രമിക്കും.

നിര്‍ബന്ധിത ലൈംഗിക തൊഴില്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യമാണു മെക്സിക്കോ എന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. യുഎസിലെ ട്രാഫിക് ആക്ട് പേഴ്സൺസ് റിപ്പോർട്ടിൽ മെക്സിക്കോ ‘ടയര്‍ ടൂ’ രാജ്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്. അതായത്, മനുഷ്യക്കടത്ത് ഉന്മൂലനം ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങളാണ് ഇത്തരം രാജ്യങ്ങളില്‍ ഉള്ളതെങ്കിലും അതിനുവേണ്ടി കാര്യമായ ശ്രമങ്ങള്‍ ഉണ്ടാകുന്നു എന്നാണ് വിവക്ഷ. സ്ത്രീകളെ കാണാതാകുന്നതിലും, കൊലപാതകങ്ങളിലും, മനുഷ്യക്കടത്തിലുമെല്ലാം ക്രിമിനല്‍ സംഘങ്ങള്‍ക്കുള്ള ബന്ധവും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം പുതിയ നിയമം മെക്സിക്കോയില്‍ പലതരത്തിലുള്ള വിവാദങ്ങള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്. ചില സാമൂഹ്യ സംഘടനകള്‍ ഈ നിയമം മനുഷ്യക്കടത്തിനു കൂടുതല്‍ സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുകയെന്ന വാദവുമായി ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ലൈംഗിക തൊഴിലാളികളും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നവരും നിയമത്തെ സ്വാഗതം ചെയ്തിട്ടുമുണ്ട്.

Read More: ഊരുവിലക്കിനെ തോല്‍പ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍; അവരുടെ പോരാട്ടം പഠിക്കാന്‍ വേണ്ടിയായിരുന്നു

This post was last modified on June 3, 2019 8:31 am

Related Post
Leave a Comment