X

ട്രംപിന് തിരിച്ചടി; കുടിയേറ്റക്കാരെ നാടുകടത്തുന്നത് താല്‍ക്കാലികമായി തടഞ്ഞ് കോടതി

നീതിന്യായ വകുപ്പിന്റെ പ്രതികരണവുംകൂടെ കേട്ട ശേഷമാണ് ജൂലൈ 23 വരെ കുടിയേറ്റക്കാരെ നാടുകടത്തുന്നത് തടഞ്ഞുകൊണ്ട് കോടതി വിധിച്ചിരിക്കുന്നത്.

അമേരിക്കയുടെ ‘സീറോ ടോളറന്‍സ്’ നയത്തിന്റെ ഭാഗമായി കുടിയേറ്റ കുടുംബങ്ങളില്‍ നിന്നും വേര്‍പ്പെടുത്തിയ കുട്ടികളെ കുടുംബങ്ങളിലേക്ക് തിരിച്ചയച്ച് അവരെ നാടുകടത്തുന്നതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം കുറഞ്ഞത് ഒരാഴ്ചയെങ്കിലും കാത്തിരിക്കണമെന്ന് കാലിഫോര്‍ണിയയിലെ ജില്ലാ ജഡ്ജി ഉത്തരവിട്ടു.

കുടുംബങ്ങളേ കൂട്ടിയിണക്കിയ ശേഷം ത്വരിതഗതിയില്‍ അവരെ നാടുകടത്താന്‍ പോകുന്നു എന്ന കിംവദന്തികള്‍ പ്രചരിക്കുന്നതിനിടെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എസിഎല്‍യു) നല്‍കിയ ഹരജിയിലാണ് ജഡ്ജി ഡാന സബ്രാവ് അനുകൂല വിധി പ്രസ്താവിച്ചിരിക്കുന്നത്.

അമേരിക്കയില്‍ അഭയാര്‍ഥികളായി പരിഗണിക്കാന്‍ അപേക്ഷ നല്‍കണോ എന്ന് തീരുമാനിക്കാന്‍ തങ്ങളില്‍ നിന്നും വേര്‍പ്പെടുത്തിയ കുട്ടികളെ തിരികെ അയച്ചതിനു ശേഷം മാതാപിതാക്കള്‍ക്ക് ഒരാഴ്ചയെങ്കിലും സമയം നല്‍കണമെന്ന് എസിഎല്‍യു കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നീതിന്യായ വകുപ്പിന്റെ പ്രതികരണവുംകൂടെ കേട്ട ശേഷമാണ് ജൂലൈ 23 വരെ കുടിയേറ്റക്കാരെ നാടുകടത്തുന്നത് തടഞ്ഞുകൊണ്ട് കോടതി വിധിച്ചിരിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ സീറോ ടോളറന്‍സ് പോളിസി പ്രാബല്യത്തില്‍ വന്നതുമുതല്‍, മാതാപിതാക്കളില്‍ നിന്നും വേര്‍പ്പെടുത്തിയ അഞ്ചുവയസ്സും അതിനുമുകളിലുള്ള 3000 കുട്ടികളെ പുനരധിവസിപ്പിക്കാനായി ജൂലൈ 26 വരെ ഡാന സബ്രാവ് നല്‍കിയ അന്തിമകാലാവധി പൂര്‍ത്തിയാക്കാന്‍ ഇപ്പോഴും ട്രംപ് ഭരണകൂടം പാടുപെടുകയാണ്.

അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ചവരെ കുറ്റവാളികളായിക്കണ്ട് വിചാരണ ചെയ്യണമെന്നാണ് പുതിയ നയം പറയുന്നത്. 5 വയസ്സിനു താഴെയുള്ള 103 കുട്ടികളെ കഴിഞ്ഞ ചൊവ്വാഴ്ചക്കകം അവരുടെ മാതാപിതാക്കളിലേക്ക് മടക്കി അയക്കണമെന്ന് സബ്രാവ് ഉത്തരവിട്ടിരുന്നുവെങ്കിലും 57 പേരെ മാത്രമാണ് തിരികെ അയച്ചിരുന്നത്. ശേഷിക്കുന്ന 46 കുട്ടികളെ സുരക്ഷാ കാരണങ്ങള്‍ ഉള്ളതിനാലാണ് വിട്ടയക്കാത്തത് എന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

This post was last modified on July 17, 2018 3:16 pm