X

ഈദ് ആഘോഷിക്കാന്‍ പാക് വിദേശകാര്യ സെക്രട്ടറി ഇന്ത്യയില്‍, അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നേക്കും; മോദി-ഇമ്രാന്‍ കൂടിക്കാഴ്ചയ്ക്കും സാധ്യത

ചര്‍ച്ചകള്‍ പുനരാരംഭിച്ചേക്കുമെന്ന് സൂചന

പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറിയും മുന്‍ ഹൈക്കമീഷണറുമായ സൊഹൈല്‍ മുഹമ്മദ് ഈദ് ആഘോഷത്തിന് ഇന്ത്യയിലെത്തി. പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം ഡല്‍ഹി ജുമാമസ്ജിദിലെ പ്രാര്‍ത്ഥന ചടങ്ങളുകളില്‍ പങ്കെടുത്തു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ഇന്ത്യ പാക് പ്രധാനമന്ത്രിമാര്‍ പങ്കെടുക്കാനിരിക്കെ, വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനം അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ വരെ ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമീഷണര്‍ ആയിരുന്നു സൊഹൈല്‍.

അടുത്ത ആഴ്ചയാണ് ഷാങ്ഹായ് കോര്‍പ്പറേഷന്റെ ഉച്ചകോടി. ഉച്ചകോടിയ്ക്കിടെ ഇന്ത്യ പാക് പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിളിച്ചിരുന്നു. 2016 മുതല്‍ ഇന്ത്യ പാക് ബന്ധത്തിലുണ്ടായ ഉലച്ചില്‍ പുല്‍വാമ ഭീകരാക്രമണത്തോടെ തീര്‍ത്തും വഷളായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ ആണെന്ന് ആരോപിച്ച് ഇന്ത്യ ബാലക്കോട്ടിലെ ഭീകരകേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയിരുന്നു 2016 ല്‍ പത്താന്‍ക്കോട്ടും പിന്നീട് ജമ്മു കശ്മീരിലെ ഉറിയിലും നടന്ന ഭീകരാക്രമണത്തോടെയാണ് ഇന്ത്യ പാകിസ്താന്‍ ബന്ധം വഷളയത്.

2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങലേക്ക് മറ്റ് അയല്‍ രാജ്യങ്ങളിലെ തലവന്‍മാരോടൊപ്പം അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും ക്ഷണം ഉണ്ടായിരുന്നു. ഇതിന് ശേഷം മുന്‍കൂട്ടി പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് പത്താന്‍കോട്ടെ ഇന്ത്യന്‍ വ്യോമ സേനയുടെ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നത്. പിന്നീട് കശ്മീരിലെ ഉറിയിലും സമാനമായ ആക്രമണം നടന്നു. അതിര്‍ത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ ആക്രമണം നടത്തിയ്ത ഉറി സംഭവത്തെ തുടര്‍ന്നായിരുന്നു. പിന്നീട് പുല്‍വാമ ആക്രമണത്തെ തുടര്‍ന്നും ജെയ് ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തെ ഇന്ത്യ ആക്രമിച്ചിരുന്നു. ഇിതിന്റെയൊക്കെ പശ്ചാത്തലത്തില്‍ എന്നാല്‍ ഇത്തവണ പാകിസ്താന് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നില്ല.

പാകിസ്താനുമായി സ്തംഭനാവസ്ഥയിലായ ചര്‍ച്ചകള്‍ പുനരാരംഭിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. അതിനിടെയാണ് പാക് വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലെത്തുന്നത്. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ചര്‍ച്ചകള്‍ക്കിടെ ഇന്ത്യ പാക് പ്രധാനമന്ത്രിമാര്‍ ചര്‍ച്ച നടക്കുകയാണെങ്കില്‍ ഉഭയകക്ഷി ബന്ധത്തില്‍ അത് അനുകൂല മാറ്റങ്ങള്‍ക്ക് കാരണമായേക്കും.

Read More: കാസര്‍കോട് മുണ്ടത്തടം ക്വാറി സമരം: രണ്ടു പേര്‍ അറസ്റ്റില്‍, സിപിഎം നേതാവായ ക്വാറി മുതലാളിയെ പഞ്ചായത്ത് സംരക്ഷിക്കുന്നെന്ന് സമരക്കാര്‍