X

സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്

അറബ് ടെലിവിഷൻ ചാനലുകള്‍ പ്രക്ഷേപണം ചെയ്ത തൽസമയ ദൃശ്യങ്ങളില്‍ പ്രതിഷേധക്കാരുടെ കൂടാരങ്ങള്‍ അഗ്നിക്കിരയാക്കുന്നതും, ചിലര്‍ ഓടി രക്ഷപ്പെടുന്നതും കാണാമായിരുന്നു

സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്. ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും ഡസൻകണക്കിന് പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തതായി അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ പ്രതിഷേധം നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവെപ്പ് നടത്തിയത്.

ആയിരക്കണക്കിന് പ്രതിഷേധക്കാർ ടയറുകള്‍ കത്തിച്ചും കല്ലുകള്‍ കൂടിയിട്ടും റോഡുകള്‍ ഉപരോധിച്ചു. ഖാര്‍ത്തൂമിന്‍റെ പലഭാഗങ്ങളില്‍നിന്നും വലിയ രീതിയിലുള്ള പുക പടര്‍ന്നിരുന്നു. സൈനിക ഹെഡ്ക്വോര്‍ട്ടേഴ്സിന് പുറത്തെ നൈല്‍ സ്ട്രീറ്റ് റോഡ്‌ പൂര്‍ണ്ണമായും പ്രക്ഷോഭകര്‍ ഉപരോധിച്ചു. ഈ റോഡ്‌ അടച്ചിടാന്‍ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതും അതിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചതുമാണ് വെടിവെപ്പില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏകാധിപതിയായ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയിരുന്നു. അതിന് ആദ്യം പിന്തുണ നല്‍കിയ സൈന്യംതന്നെ പിന്നീട് അധികാരം ഏറ്റെടുക്കുകയായിരുന്നു. ഒരു ജനകീയ സര്‍ക്കാറിന് അധികാരം കൈമാറണമെന്ന ആവശ്യം പല കാരണങ്ങള്‍ പറഞ്ഞു സൈന്യം നിരാകരിച്ചു. അതാണ്‌ സൈന്യത്തിനെതിരെ സമരം നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.

റാപിഡ് സപ്പോർട്ട് ഫോഴ്സിലെ (ആർ.എസ്.എഫ്) പട്ടാളക്കാര്‍ ആശുപത്രികള്‍ പോലും വളഞ്ഞിട്ട് വെടിവെക്കുകയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിച്ചുവെന്നും ദൃസ്സാക്ഷികള്‍ പറയുന്നു. സൈനിക ഹെഡ്ക്വോര്‍ട്ടേഴ്സിന് പുറത്തു സമാധാനപരമായി ഇരുന്നു പ്രതിഷേധിക്കുക മാത്രമായിരുന്നു തങ്ങള്‍ ചെയ്തെതെന്നും, യാതൊരു പ്രകോപനവും കൂടാതെയാണ് പട്ടാളം അക്രമം നടത്തിയതെന്നും സുഡാനിലെ പ്രൊഫഷണൽസ് അസോസിയേഷൻ പറഞ്ഞു. ഡിസംബറിൽ ആരംഭിച്ച പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുന്നത് ഈ സംഘടനയാണ്.

അറബ് ടെലിവിഷൻ ചാനലുകള്‍ പ്രക്ഷേപണം ചെയ്ത തൽസമയ ദൃശ്യങ്ങളില്‍ പ്രതിഷേധക്കാരുടെ കൂടാരങ്ങള്‍ അഗ്നിക്കിരയാക്കുന്നതും, ചിലര്‍ ഓടി രക്ഷപ്പെടുന്നതും കാണാമായിരുന്നു. ഖാര്‍ത്തൂമിന്‍റെ പല ഭാഗങ്ങളിലും ശക്തമായ വെടിവെപ്പുകള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

സുഡാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനകംതന്നെ 90 കവിഞ്ഞിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെപ്പ് നടന്ന സൈനിക ഹെഡ്ക്വാര്‍ട്ടേഴ്സിന് മുമ്പിലാണ് പ്രതിഷേധക്കാര്‍ പ്രധാനമായും പ്രക്ഷോഭം നടത്തുന്നത്. ഇവിടം ഒഴിഞ്ഞ് പോകണമെന്ന് പട്ടാളക്കാര്‍ കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read More: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നന്നായി എഴുതി; എല്ലുകൾ പൊടിയുന്ന രോഗത്തെ തോല്‍പ്പിച്ച് ലത്തീഷ അന്‍സാരി