X

കാശ്മീരിലെ യുഎന്‍ ഇടപെടല്‍ ആവശ്യത്തെ അമേരിക്ക പിന്തുണക്കണമെന്ന് യുഎസ് പ്രസിഡന്റ് മത്സരാര്‍ത്ഥി ബേണി സാന്‍ഡേഴ്‌സ്

നേരത്തെ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവും ഇടതുപക്ഷക്കാരനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളിലൊരാളുമായ ജെര്‍മി കോര്‍ബിനും കാശ്മീര്‍ പ്രശ്‌നത്തില്‍ യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.

ജമ്മു കാശ്മീരിന്റെ അവസ്ഥയില്‍ വലിയ ആശങ്കയുണ്ട് എന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മത്സരാര്‍ത്ഥികളിലൊരാളും ഇടതുപക്ഷ നേതാവുമായ ബേണി സാന്‍ഡേഴ്‌സ്. കാശ്മീര്‍ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി യുഎന്‍ ഇടപെടണമെന്നും ഇതിനെ യുഎസ് പിന്തുണക്കണമെന്നും സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. നേരത്തെ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവും ഇടതുപക്ഷക്കാരനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളിലൊരാളുമായ ജെര്‍മി കോര്‍ബിനും കാശ്മീര്‍ പ്രശ്‌നത്തില്‍ യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.

കാശ്മിര്‍ താഴ്‌വയിലെ കമ്മ്യൂണിക്കേഷന്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ബേണി സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. കാശ്മീരിലെ സ്ഥിതിഗതികളില്‍ എനിക്ക് വലിയ ആശങ്കയുണ്ട്. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശ പരിഗണനകളും വച്ച് കാശ്മീരി ജനതയുടെ താല്‍പര്യത്തിന് അനുസൃതമായുള്ള പ്രശ്‌ന പരിഹാരത്തിന് യുഎന്‍ ഇടപെടുകയും യുഎസ് ഇതിനെ നിര്‍ബന്ധമായും പിന്തുണക്കുകയും വേണം – ബേണി സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ട് തവണ മധ്യസ്ഥ വാഗ്ദാനം മുന്നോട്ടുവച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടു എന്ന ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഇക്കാര്യം നിഷേധിക്കുകാണുണ്ടായത്. ഫ്രാന്‍സില്‍ നടന്ന ജി സെവന്‍ ഉച്ചകോടിക്കിടെയും ട്രംപ് വാഗ്ദാനം മുന്നോട്ടുവച്ചപ്പോള്‍ കാശ്മീര്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമാണ് എന്നും മൂന്നാം കക്ഷിയെ ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവരാന്‍ താല്‍പര്യപ്പെടുന്നില്ല എന്നുമാണ് മോദി പറഞ്ഞത്. കാശ്മീര്‍ പ്രശ്‌നത്തില്‍ യുഎന്നും അമേരിക്കയും ഇടപെടണമെന്ന നിലപാടിലാണ് പാകിസ്താന്‍. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെ ഈ ആവശ്യം പാകിസ്താന്‍ ശക്തമാക്കുകയായിരുന്നു.

This post was last modified on September 1, 2019 11:58 am