പാകിസ്താന് പ്രധാനമന്ത്രിയായി ഓഗസ്റ്റ് 11ന് ഇമ്രാന്‍ ഖാന്‍ സത്യപ്രതിഞ്ച ചെയ്യുന്ന ചടങ്ങിലേയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമില്ല. മോദിയടക്കം എല്ലാ സാര്‍ക്ക് രാജ്യങ്ങളുടേയും നേതാക്കളെ ചടങ്ങിന് ക്ഷണിക്കാനാണ് ഇമ്രാന്‍ ഖാനും തെഹ്രീക് ഇ ഇന്‍സാഫും (പിടിഐ) ആലോചിച്ചിരുന്നത് എന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിദേശ ഭരണ നേതാക്കളെ ആരെയും ക്ഷണിക്കേണ്ടെന്നാണ് പാക് ഫോറിന്‍ ഓഫീസിന്റെ നിര്‍ദ്ദേശം. അതേസമയം മാധ്യമങ്ങള്‍ പറയുന്നത് പോലെ ഇത്തരത്തില്‍ ഒരു ആലോചനയേ ഉണ്ടായിട്ടില്ല എന്നാണ് പിടിഐ വക്താവ് പറയുന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ഐവാന്‍ ഇ സാദിറില്‍ ഒരു ചെറിയ ചടങ്ങ് മാത്രമേ ഉണ്ടാകൂ എന്നും ഫോറിന്‍ ഓഫീസ് വ്യക്തമാക്കി. അതേസമയം ഫോറിന്‍ ഓഫീസിന്റെ ഉപദേശം പിടിഐ തേടിയിരുന്നതായും അവരുടെ ഉപദേശപ്രകാരമാണ് വിദേശ നേതാക്കളെ ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് എന്നും റിപ്പോര്‍ട്ടുകകളുണ്ട്.
ഇമ്രാന്റെ അടുത്ത സുഹൃത്തുക്കളെ മാത്രമേ പാകിസ്താന് പുറത്ത് നിന്ന് ക്ഷണിച്ചിട്ടുള്ളൂ എന്ന് പിടിഐ വക്താവ് ഫവാദ് ചൗധരി അറിയിച്ചു. ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവ്‌ജോത് സിംഗ് സിധു, നടന്‍ ആമിര്‍ ഖാന്‍ എന്നിവരെ ഇന്ത്യയില്‍ നിന്നും ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ സിധു ക്ഷണം സ്വീകരിച്ച് മറുപടി നല്‍കുകയും ചെയ്തു. പാക് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പ്രധാനമന്ത്രി മോദി ഇമ്രാന്‍ ഖാനെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിക്കുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധമടക്കം എല്ലാ തലങ്ങളിലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും സൗഹാര്‍ദ്ദത്തോടെ മുന്നോട്ട് പോകാനുമാണ് താല്‍പര്യപ്പെടുന്നതെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ തന്റെ സത്യപ്രതിജ്ഞക്ക് നരേന്ദ്ര മോദി, പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിനെ ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ച ഷരീഫ് ന്യൂഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തുകയും ചെയ്തിരുന്നു.
This post was last modified on August 2, 2018 4:49 pm
Leave a Comment