X

യുവാക്കളെ കൊലപ്പെടുത്താൻ വെനസ്വേലന്‍ സര്‍ക്കാരിന്റെ കൊലയാളി സംഘങ്ങള്‍; ആയിരങ്ങളെ കൊലപ്പെടുത്തിയെന്ന് യു എന്‍

വെനസ്വേലയിലെ സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (എഫ്.എ.ഇ.എസ്) നടത്തുന്ന നര നായാട്ടിനെ കുറിച്ച് നിരവധിപേര്‍ തുറന്നു പറഞ്ഞതായി ‘അല്‍ ജസീറ’ റിപ്പോര്‍ട്ടു ചെയ്യുന്നു

യുവാക്കളെ കൊലപ്പെടുത്താൻ വെനസ്വേലൻ സുരക്ഷാ സേന ഡെത്ത് സ്ക്വാഡുകളെ അയയ്ക്കുന്നതായി യു.എൻ റിപ്പോര്‍ട്ട്. അറസ്റ്റിനെ പ്രതിരോധിക്കുന്ന കുറ്റവാളികളില്‍ കഴിഞ്ഞ വർഷം 5,287 പേരും ഈ വര്‍ഷം മെയ് 19-വരെ മാത്രം 1,569 പേരും മരണമടഞ്ഞതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. അവിടുത്തെ നിയമവിരുദ്ധമായ കൊലപാതകങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേൽ ബാച്ചലെറ്റ് വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.

വെനസ്വേലയിലെ സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (എഫ്.എ.ഇ.എസ്) നടത്തുന്ന നര നായാട്ടിനെ കുറിച്ച് നിരവധിപേര്‍ തുറന്നു പറഞ്ഞതായി ‘അല്‍ ജസീറ’ റിപ്പോര്‍ട്ടു ചെയ്യുന്നു. വീടുകളിൽ അതിക്രമിച്ചു കയറുന്ന ഡെത്ത് സ്ക്വാഡുകൾ സ്ത്രീകളെയും കുട്ടികളേയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായും, വിലപ്പെട്ട സാധനങ്ങളെല്ലാം എടുത്തുകൊണ്ടുപോവുകയും ചെയ്തതായും ദൃസ്സാക്ഷികള്‍ പറയുന്നു. ‘കുടുംബാംഗങ്ങളിൽ നിന്ന് യുവാക്കളെ വേര്‍പ്പെടുത്തിയ ശേഷമാണ് അവരെ വെടിവെച്ചു കൊല്ലുന്നതെന്നാണ് യു.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

എഫ്.എ.ഇ.എസ് എങ്ങിനെയാണ് ഇത്തരം കൃത്യങ്ങള്‍ നടത്തുന്നതെന്നും തെളിവുകള്‍ കേട്ടിച്ചമക്കുന്നതെന്നും ദൃസ്സാക്ഷികള്‍ കൃത്യമായി പറയുന്നുണ്ട്. ‘ആയുധങ്ങളും മയക്കുമരുന്നുകളും അവര്‍ തന്നെ ഒളിപ്പിച്ചുവെക്കും. പ്രത്യാക്രമണം നടന്നെന്ന് അധികാരികളെ ബോധ്യപ്പെടുത്താന്‍ ഇരയെ വളഞ്ഞതിനു ശേഷം വെറുതെ ആകാശത്തേക്കും മതിലുകളിലേക്കും വെടിവെക്കും’.
രാഷ്ട്രീയ എതിരാളികളെയും സർക്കാരിനെ വിമർശിക്കുന്ന ആളുകളെയും നിർവീര്യമാക്കുകയോ അടിച്ചമര്‍ത്തുക്കുകയോ കുറ്റവാളിയാക്കുകയോ ചെയ്യുക എന്ന പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ തന്ത്രത്തിന്‍റെ ഭാഗമാണ് ഈ കൊലപാതകങ്ങള്‍. കഴിഞ്ഞ മാസം വെനിസ്വേല സന്ദർശിച്ച ബാച്ചലെറ്റ് കാര്യങ്ങളെല്ലാം നേരിട്ടു ബോധ്യപ്പെട്ടിരുന്നു. അതിന്മേലുള്ള റിപ്പോര്‍ട്ട് ഇന്ന് യു.എൻ മനുഷ്യാവകാശ കൗൺസിനു സമര്‍പ്പിക്കും.

യു.എന്നിന്‍റെ കണ്ടെത്തലുകളെ കുറിച്ച് വെനിസ്വേലന്‍ സർക്കാർ നല്‍കിയ രേഖാമൂലമുള്ള പ്രതികരണവും യുഎൻ പുറത്തുവിട്ടിട്ടുണ്ട്. അവിടുത്തെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള ഭാഗികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും, വസ്തുനിഷ്ഠമല്ലാത്ത ഉറവിടങ്ങളെ പിന്‍പറ്റിയും, ഔദ്യോഗിക വിവരങ്ങൾ അവഗണിച്ചുമാണ് ഐക്യരാഷ്ട്ര സംഘടന ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് വെനസ്വേല ആരോപിക്കുന്നു.

Read More: കുഴിമടിയന്മാരായ ബഡക്കൂസുകൾക്ക് പറ്റിയ സാഹിത്യപ്പണി ചെയ്ത സുൽത്താൻ: ഇന്ന് ബഷീറിന്റെ 25ാം ചരമവാർഷികം

This post was last modified on July 5, 2019 9:53 am