X

ഉറുഗ്വായ് ടീം ചിന്തിക്കുന്നത് മികച്ച ഭാവിയെ കുറിച്ച്: ഡീഗോ ഫോര്‍ലാന്‍

ഡീഗോ ഫോര്‍ലനാന്‍- ഈ മുന്‍ ഉറുഗ്വായ് സ്‌ട്രൈക്കര്‍ യോഗ്യതാ മത്സരങ്ങളിലെ വിശ്വസ്ത മുഖമൊണ് വിശേഷിപ്പിക്കപ്പെടുന്നത്. 2010-ലെ ദഷിണാഫ്രിക്കന്‍ ലോകകപ്പില്‍ അദ്ദേഹത്തിനു ലഭിച്ച ഗോള്‍ഡന്‍ ബോള്‍ പുരസ്‌ക്കാരം ഈ വിശ്വാസതയ്ക്കുള്ള തികഞ്ഞ ആദരവായി തന്നെ കണക്കാക്കാം.

മികച്ച പ്രകടനങ്ങളിലൂടെ ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ ഉറുഗ്വന്‍ ദേശീയ ടീമായ സെലസ്റ്റയിലെ ശ്രദ്ധ പിടിച്ചു പറ്റുന്ന താരമായി മാറാന്‍ ഫോര്‍ലാനു കഴിഞ്ഞിരുന്നു. ലോകകപ്പിലെ ക്വാളിഫയര്‍ മത്സരങ്ങളില്‍ ഉറുഗ്വായ് നടത്തിയിട്ടുള്ള തുടര്‍ച്ചയായ നാടകീയ പ്രകടനങ്ങള്‍ ക്വാളിഫയര്‍ മത്സര ചരിത്രത്തിലെ തന്നെ അസാധാരണ തുടര്‍ച്ചകളായാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം സന്ദര്‍ഭങ്ങളെയെല്ലാം തന്റെ മാറ്റു കൂട്ടുന്നതിനുള്ള വേദിയാക്കി മാറ്റാനും ഫോര്‍ലാനു കഴിഞ്ഞു. ഉറുഗ്വായ് തുടര്‍ച്ചയായി നേരിട്ട് നാലു ഭൂഖണ്ഡാന്തര ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മൂന്നിലും വിജയകരമായി മുന്നേറാന്‍ അവര്‍ക്കു സാധിച്ചു. 2001-ലും 2009-ലും 2013-ലും ആയിരുന്നു അത്.

2018-ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിലേക്കുള്ള സുപ്രധാനമായ ആദ്യ ചുവടാണ് ഈ വരുന്ന ശനിയാഴ്ച്ച റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കാനിരിക്കുന്ന പ്രിലിമിനറി ഡ്രോയെന്നു പറയാം. ആദ്യ യോഗ്യതാ റൗണ്ടില്‍ ഏതൊക്കെ ടീം ഏതൊക്കെ ടീമുകളുമായി മത്സരിക്കണമെന്നു നറുക്കിട്ടു തീരുമാനിക്കുന്ന ബൃഹത് പരിപാടിയാണിത് മുന്‍പ് യോഗ്യതാ മത്സരങ്ങളില്‍ തിളങ്ങിയ ചരിത്രമുള്ള ഫോര്‍ലാനെ തന്നെയാണ് ഫിഫ ഇപ്പോള്‍ പ്രിലിമിനറി ഡ്രോ നിയന്ത്രിക്കുന്ന രണ്ടു പേരില്‍ ഒരാളായി ക്ഷണിച്ചിരിക്കുന്നത്. കൂടെ പങ്കെടുക്കുന്നത് മുന്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡോയും.

നിര്‍ണ്ണായകമായ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതിന്റെ സന്തോഷവും, തന്റെ ലോക കപ്പ് ഓര്‍മ്മകളും, ഭാവി പരിപാടികളുമെല്ലാം ഫിഫ.കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഫോര്‍ലാന്‍ പങ്കു വച്ചു.

അന്തര്‍ദേശീയ ഫുട്‌ബോളില്‍ നിന്നും അങ്ങ് വിരമിച്ചിട്ട് അധിക നാളായിട്ടില്ല. അതിനുള്ളില്‍ തന്നെ വീണ്ടും സ്വന്തം രാജ്യത്തേയും ഭൂഖണ്ഡത്തേയും പ്രതിനിധീകരിച്ച് പ്രിലിമിനറി ഡ്രോ പോലൊരു വലിയ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം. എന്തു തോന്നുന്നു ഈയൊരു പ്രത്യേക നിമിഷത്തില്‍?

അതെ ശരിക്കുമൊരു ബഹുമതിയായാണ് ഞാനിതിനെ കാണുന്നത്. ലോക കപ്പെന്നാല്‍ എനിക്കെല്ലാമാണ്. കുട്ടിയായിരുന്നപ്പോള്‍ വിവിധ ലോക കപ്പ് മത്സരങ്ങളുടെ വീഡിയോകള്‍ വീണ്ടും വീണ്ടും ഞാന്‍ കാണുമായിരുന്നു. അങ്ങനെ കളിയെ ഒരുപാടിഷ്ടപ്പെട്ടു. പിന്നീടിതുവരെ ധാരാളം ഫുട്‌ബോള്‍ മത്സരങ്ങളില്‍ കളിക്കാനും മൂന്നു ലോക കപ്പുകളില്‍ പങ്കെടുത്താസ്വദിക്കാനുമുള്ള ഭാഗ്യമുണ്ടായി. ഇപ്പോള്‍ പ്രിലിമിനറി ഡ്രോ പോലൊരു വലിയ ഈവന്റില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാനാവുന്നതില്‍ അഭിമാനമുണ്ട്. പിന്നെ പരിപാടി നടക്കുന്ന സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ എനിക്കിതുവരെ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അവിടെ ആദ്യമായി പോകുന്നതിന്റെയൊരു രസവുമുണ്ട്. അവിടെയൊക്കെ കറങ്ങിക്കാണാനും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിനെക്കുറിച്ച് കുറച്ചറിയാനുമൊക്കെയുള്ള അവസരമുണ്ടാകുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ലോക കപ്പ് യോഗ്യതാ മത്സരങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം താങ്കളുടെ മനസ്സിലേക്കെത്തുത് എന്താണ്?

ഒരുപാടു കാര്യങ്ങളുണ്ട്. തീര്‍ച്ചയായും നല്ല ഒരുപാട് മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ തെളിയുന്നുണ്ട്. പിന്നെ 2005-ലേതു പോലെ ചില മോശം സന്ദര്‍ഭങ്ങളും. 2006-ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പില്‍ പങ്കെടുക്കാനുള്ള ക്വാളിഫയറില്‍ ഞങ്ങള്‍ ഓസ്‌ട്രേലിയയോടു തോറ്റു. ഞാന്‍ ശരിക്കും നന്നായി കളിക്കണമെന്നാഗ്രഹിച്ചൊരു ടൂര്‍ണമെന്റായിരുന്നു അത്. പക്ഷേ ഫുട്‌ബോള്‍ എനിക്ക് രണ്ടാമതൊരവസരം കൂടി തന്നു. 2010-ലെ ലോകകപ്പില്‍ എനിക്ക് പ്രതീക്ഷിച്ച പോലെ നന്നായി കളിക്കാന്‍ സാധിച്ചു. ക്വാളിഫയര്‍ ഘട്ടം മുതല്‍ ആവേശം നിറഞ്ഞ മത്സരങ്ങളായിരുന്നു ആ ടൂര്‍ണമെന്റിലേത്. അതിലൊരു മത്സരം പ്രത്യേകമായി ഓര്‍ക്കുന്നുണ്ടെങ്കില്‍ അത് ക്വാളിഫൈയിംഗ് ഘട്ടത്തില്‍ ഇക്വഡോറുമായി നടന്ന മത്സരമാണ് (2009 ഒക്‌ടോബറില്‍ നടന്ന മത്സരത്തില്‍ ഉറുഗ്വായ് 2-1ന് ജയിച്ചിരുന്നു.) അത് ശരിക്കും ഞങ്ങളെ സംബന്ധിച്ചൊരു ജീവന്മരണ പോരാട്ടമായിരുന്നു. വളരെ ഉയര്‍ന്നൊരു പ്രദേശത്താണ് കളിക്കേണ്ടിയിരുന്നത്. മത്സരം പ്രയാസകരമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അത് ശരിക്കും അങ്ങനെ തന്നെയാവുകയും ചെയ്തു. എന്തായാലും കളിയുടെ അവസാന നിമിഷം വിജയ ഗോള്‍ നേടി കളിയവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ആ നിമിഷത്തെയൊരു ത്രില്ലിനെ പറ്റി എന്തു പറഞ്ഞാലും കുറഞ്ഞു പോകും. ആ ഒരു വിജയം കൊണ്ട് പക്ഷേ തുടര്‍ മത്സരങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ആ ഒരു ഘട്ടത്തില്‍ ഞാന്‍ കരുതിയിരുന്നില്ല. പക്ഷേ ആ ടൂര്‍ണമെന്റിലെ മറ്റു മത്സരങ്ങളും ഞങ്ങള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞു. മുന്നിലുണ്ടായിരുന്നു അര്‍ജന്റീനയുമായുള്ള അവസാന മത്സരം വരെയെത്താനുള്ള വലിയൊരു ഊര്‍ജ്ജമാണ് യഥാര്‍ത്ഥത്തില്‍ ഇക്വഡോറുമായുള്ള പോരാട്ടം ഞങ്ങള്‍ക്കു നല്‍കിയതെന്നു പറയാം. നേരിട്ട് ഫൈനലിലേക്ക് കടക്കാനുള്ളൊരും ചാന്‍സ് അപ്പോഴും ഞങ്ങള്‍ക്കവിടെ ഉണ്ടായിരുന്നു. പിന്നീട് പ്ലേ ഓഫില്‍ (മൂന്നും നാലും സ്ഥാനക്കാരെ നിര്‍ണ്ണയിക്കാനുള്ള മത്സരം) ഞങ്ങള്‍ കോസ്റ്ററിക്കയെ തോല്‍പ്പിച്ചു.

ഇപ്പോഴത്തെ ആളുകള്‍ (ഉറുഗ്വായ്) ടീമിനെ നോക്കി കാണുന്ന രീതിയും പിന്നെ താങ്കള്‍ക്ക് മുമ്പുണ്ടായിരുന്ന തലമുറ കണ്ടിരുന്ന രീതിയും തമ്മില്‍ എന്തെങ്കിലും വലിയ വ്യത്യാസം ഉള്ളതായി തോുന്നുണ്ടോ? 

അതെ, അതില്‍ ഒരുപാടു മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രബലമായ മുന്‍കാല ചരിത്രവും, യോഗ്യരായ കഴിവുറ്റ താരങ്ങളും എന്നും ആരാധകരുടെ ആദരവ് പിടിച്ചുപറ്റാന്‍ ഉറുഗ്വായ് ടീമിനെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ മാറ്റം ഉണ്ടായിട്ടുള്ളത് ടീം തലത്തിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഉറുഗ്വായ്ക്ക് പല വലിയ ടീമുകളുമായും മത്സരിക്കാന്‍ കഴിഞ്ഞു. അതും തങ്ങളുടെ സ്വതസിദ്ധമായ കളി പുറത്തെടുത്തു കൊണ്ട്. അവിടെയെല്ലാം ഉറുഗ്വായ് ആ വമ്പന്‍മാര്‍ക്ക് തുല്ല്യരാണെന്നു തെളിയിക്കുകയും ചെയ്തു. 2010-ലേതു പോലുള്ള ധാരാളം നേട്ടങ്ങള്‍ ആളുകള്‍ കണക്കിലെടുത്തു തുടങ്ങിയിട്ടുണ്ട്.

ടീമിന്റെ ചിന്താഗതിയില്‍ ഇത്തരത്തില്‍ ഒരു വലിയ മാറ്റം ഉണ്ടായിത്തുടങ്ങിയതെുമുതലാണെു പറയാന്‍ കഴിയുമോ?

2007-ല്‍ വെനസ്വലയില്‍ നടന്ന കോപ്പ അമേരിക്കക്കു മുമ്പായാണ് മാറ്റങ്ങള്‍ ഉണ്ടായിത്തുടങ്ങിയതെന്നു പറയാം. അവിടെ നിന്നാണത് തുടങ്ങിയത്. തുടര്‍ന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ വന്നു. അതില്‍ തന്നെ ഞാന്‍ നേരത്തെ പറഞ്ഞ ഇക്വഡോറുമായുള്ള മത്സരം. ആ കളിയില്‍ ഞങ്ങള്‍ അത്ഭുതകരമായി ജയിച്ചു. ശരിക്കും പറഞ്ഞാല്‍ ആ ജയമാണ് ടീമിനെ ഇന്നത്തെ അവസ്ഥയില്‍ കൊണ്ടുവന്നു നിര്‍ത്തിയിരിക്കുന്നത്. കളിയിലെ നമ്മുടെ പ്രകടനം നോക്കിയാണ് എപ്പോഴും ആളുകള്‍. നമ്മളെ വിലയിരുത്തുന്നത് ഒരുപക്ഷേ അന്നു തോറ്റിരുന്നുവെങ്കില്‍ ആളുകള്‍ ഞങ്ങളെ തള്ളിക്കളയുമായിരുന്നു. എന്തായാലും മികച്ച ഭാവിയെക്കുറിച്ചാണ് ടീം ഇപ്പോള്‍ ചിന്തിക്കുന്നത്. അതുണ്ടാവുന്നത് മികച്ച റിസല്‍ട്ട് ഉണ്ടാക്കുമ്പോള്‍ തന്നെയാണ്.

താങ്കള്‍ താങ്കളുടെ ആദ്യ ലോകകപ്പ് എങ്ങനെ ഓര്‍ക്കുന്നു?

2002-ല്‍ ജപ്പാനിലും ദഷിണ കൊറിയയിലുമായി നടന്ന ലോകകപ്പായിരുന്നു അത്. വളരെ നല്ല ഓര്‍മ്മകളാണ് എനിക്കെന്റെ ആദ്യ ലോക കപ്പിനെക്കുറിച്ചുള്ളത്. ജപ്പാനിലെ ഗോടെംമ്പയിലും കൊറിയയിലുമായി നടത്തിയ തയ്യാറെടുപ്പുകള്‍, ചില സൗഹൃദ മത്സരങ്ങള്‍ക്കായി സിംഗപ്പൂര്‍ സന്ദര്‍ശിച്ചത്. എല്ലാം എനിക്കൊരു പുതിയ അനുഭവമായിരുന്നു. കളിച്ചതിനെക്കുറിച്ചാണെങ്കില്‍ അവസാന മാച്ചില്‍ 45 മിനിട്ട് മാത്രമേ എനിക്കു കളിക്കാന്‍ അവസരം ലഭിച്ചുള്ളു. ഫസ്റ്റ് ഹാഫില്‍ നമ്മുടെ ടീം സെനഗലിനോട് 3-0ത്തിന് പിന്നില്‍ നില്‍ക്കുകയായിരുന്നു. ഗ്രൂപ്പു ഘട്ടത്തില്‍ ഒരു കളിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. ജയിച്ച് അടുത്ത ഘട്ടത്തിലേക്കു പോകാനുള്ള സാധ്യതയൊക്കെ വളരെ പരിമിതം. ഞാന്‍ കളിച്ചത് അത്തരത്തില്‍ തീര്‍ത്തും ദുഷ്‌ക്കരമായൊരു സാഹചര്യത്തിലാണ.് എനിക്കിറങ്ങേണ്ടി വന്ന വലതു വശത്തെ മിഡ്ഫീല്‍ഡര്‍ പൊസിഷനും ഞാനധികം പരിചയിച്ചിട്ടില്ലാത്തതായിരുന്നു. സെക്കന്‍ഡ് ഹാഫില്‍ ഞങ്ങള്‍ ആദ്യ ഗോള്‍ നേടി. തുടര്‍ന്നു ഞാനും ഒരു ഗോളടിച്ചു. ശരിക്കും നല്ലൊരു ഗോള്‍. അതിനെ തന്നെയാണ് ഞാനെന്റെ അന്തര്‍ദേശീയ കരിയറിലെ ഏറ്റവും മികച്ച ഗോളായി കണക്കാക്കുന്നത്. തുടര്‍ന്നാ കളിയില്‍ സമനില ഗോള്‍ നേടാനും ഞങ്ങള്‍ക്കായി. അതിനു മുമ്പ് മറ്റൊരു ഗോള്‍ നേടാന്‍ എനിക്കവസരം കിട്ടിയെങ്കിലും ഗോള്‍ ഒത്തുവന്നില്ല. അന്ന് പോയിന്റ് നിലയിലെ നേരിയ വ്യത്യാസത്തിനാണ് ഞങ്ങള്‍ക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള അവസരം നഷ്ടമായത്. മത്സരത്തിന്റെ ഫലം എന്തു തന്നെയായാലും വ്യക്തിപരമായി എനിക്കാ ടൂര്‍ണമെന്റ് മികച്ചൊരനുഭവമായിരുന്നു. അതില്‍ തന്നെ മറ്റൊരു കാര്യം, ദേശീയ ടീമിന്റെ ഭാഗമായി ഞാന്‍ കളിച്ച ആദ്യ മത്സരവും അതു തന്നെയായിരുന്നു. അതു ലോക കപ്പില്‍ തന്നെയായത് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു.

താങ്കള്‍ താങ്കളുടെ കരിയറിലധികവും കളിച്ചിട്ടുള്ളത് വലിയ വലിയ ക്ലബുകള്‍ക്കു വേണ്ടിയാണ്. ലോക കപ്പിന്റെ ചുറ്റുപാടും അതിലനുഭവിക്കുന്ന സമ്മര്‍ദ്ദവുമൊക്കെ തീര്‍ത്തും വ്യത്യസ്തമാണെന്നു പറയാറുണ്ട്. സ്വന്തം അനുഭവത്തില്‍ അങ്ങനെ പറയുന്നത് ശരിയാണെന്നു തോന്നുന്നുണ്ടോ?

ലോകകപ്പിലാവുമ്പോള്‍ നമ്മള്‍ കളിക്കുന്നത് നമ്മുടെ രാജ്യത്തിനു വേണ്ടി തന്നെയാണ്. അതു തന്നെയാണ് നമ്മളെ സംബന്ധിച്ച് എല്ലാം. ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചു മാറുന്നുണ്ട്. എതു ശരിയാണ് പ്രധാന്യമുള്ള മറ്റു മത്സരങ്ങളും ധാരാളം വരുന്നുണ്ട്. പക്ഷേ അതിനൊന്നും എന്തായാലും ലോക കപ്പിന്റെ പ്രാധാന്യം കുറയ്ക്കാനാവില്ല. ലോകം മുഴുവന്‍ കാത്തിരിക്കുന്നത് ലോകകപ്പിനു വേണ്ടിയാണ്. ഏതൊരു കളിക്കാരനും കുട്ടിക്കാലം മുതല്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന സ്വപ്നമായിരിക്കും ദേശീയ ടീമില്‍ കളിക്കുക, രാജ്യത്തിന്റെ ജഴ്‌സിയണിഞ്ഞു ദേശീയ ഗാനം പാടുക എന്നതൊക്കെ. ഒരു കാണിയായി, ആരാധകനായി ഇതൊക്കെ കണ്ട് വികാരധീനനായ അനുഭവവും വ്യക്തിപരമായി ഉണ്ടാകും. അതു കൊണ്ട് കളി തുടങ്ങുന്നതിന് മുമ്പുള്ള ആ നിമിഷങ്ങളില്‍ ആരാധകരുടെ മനസ്സിലൂടെ പോകുന്ന ചിന്തകള്‍ നമ്മുക്ക് കൃത്യമായി അറിയാന്‍ സാധിക്കും. ഏറ്റവും മികച്ച കളിക്കാര്‍ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന വേദിയാണ് ലോകകപ്പ്. കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും രാജ്യത്തിനു തന്നെയും ആനന്ദവും അഭിമാനവും നല്‍കുക എന്നതാണ് ലോക കപ്പില്‍ പങ്കെടുക്കുന്ന ഓരോ കളിക്കാരന്റേയും ലക്ഷ്യം. തീര്‍ച്ചയായും ഭൂമിയിലെ തന്നെ ഏറ്റവും വലിയ ഈവന്റാണ് ലോകകപ്പെന്നു ഞാന്‍ പറയും.

താങ്കള്‍ സംസാരിക്കുമ്പോള്‍ താങ്കളുടെ വാക്കുകളില്‍ നല്ലൊരു കോച്ചിനു വേണ്ട എല്ലാ ഗുണങ്ങളും ഉള്ളതായി തോന്നുന്നുണ്ട്. കോച്ചായി പ്രവര്‍ത്തിക്കാന്‍ താത്പര്യമാണോ? അങ്ങനെയെന്തെങ്കിലും പദ്ധതിയുണ്ടോ?

ഈയിടെയായി അങ്ങനെ ചില ആലോചനകളൊക്കെ തോന്നുന്നുണ്ട്. സത്യം പറഞ്ഞാല്‍ എനിക്കെന്റെ ജേഷ്ഠന്റെ കൂടെ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണു താത്പര്യം. അദ്ദേഹം ഫുട്‌ബോളും കളിക്കും. നല്ലൊരു ഡിഫന്‍ഡറാണ്. എന്റെ അച്ഛനും നല്ലൊരു ഫുട്‌ബോള്‍ പ്ലെയറാണ്. ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്നാല്‍ പിന്നെ വിഷയം ഫുട്‌ബോള്‍ തന്നെയാവും. അവര്‍ രണ്ടു പേരും ഡിഫന്‍ഡേഴ്‌സാണ്. ഞാന്‍ സ്‌ട്രൈക്ക് കളിക്കും. ജേഷ്ഠന്‍ ഇപ്പോള്‍ തന്നെ ഫുട്‌ബോള്‍ കോച്ചിംഗ് നല്‍കുന്നുണ്ട്. ഞാന്‍ എപ്പോള്‍ വേണമെങ്കിലും ഈ രംഗത്തേക്കു വന്നേക്കാം. കാര്യങ്ങളൊക്കെ എങ്ങനെ വന്നു ചേരുമെന്നു കാത്തിരുന്നു കാണാം. എനിക്കു പക്ഷേ ഫുട്‌ബോള്‍ കണ്ടും, കളിക്കാരോടും കോച്ചേഴ്‌സിനോടും ചോദ്യങ്ങള്‍ ചോദിച്ചും അവരെ കേട്ടും കഴിയാനാണ് കൂടുതലിഷ്ടം. എന്തായാലും ഫുട്‌ബോളുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊക്കെ പ്രവര്‍ത്തികളുമായി തുടരുമെന്നു മാത്രം ഉറപ്പായി പറയാം.

This post was last modified on July 22, 2015 3:48 pm