X

‘രണ്ടാം എന്‍ഡോസള്‍ഫാ’നിലേക്ക് ഒരു നാട് മുങ്ങുന്ന വിധം

കേരളത്തിൽ എൻഡോസൾഫാൻ മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാൻസർ മരണം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതെവിടെ? കേരളത്തിന്റെ മരവ്യവസായത്തിന്റെ തലസ്ഥാനം എവിടെ? ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ ആടുജീവിതം നയിക്കുന്നതെവിടെ? ഹവാല പണം/കള്ളനോട്ടു പെരുകുന്നത്, കൈവെട്ടു കേസ് പ്രതികൾ ഒളിച്ചത്, മന്ത്, മലമ്പനി മുതലായവ കേരളത്തിൽ വീണ്ടും കണ്ടെത്തിയതെവിടെ? സ്ഥലവിലയുടെ കുതിച്ചു കയറ്റം കാരണം സാധാരണക്കാരന് ഒരു സെൻറ് പോലും കിട്ടാനില്ലാത്ത ഗ്രാമ പ്രദേശം ഏത്? പൊതുമുതൽ കയ്യേറിയും വയൽ നികത്തിയും വ്യവസായം തുടങ്ങാൻ ഏറ്റവും എളുപ്പം എവിടെ?

പെരുമ്പാവൂർ ആണ് സ്ഥലം. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ, പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകൾ ആയ വെങ്ങോലയും രായമംഗലവും ആണ് ഈ ദുരിതം അനുഭവിക്കുന്ന പ്രദേശം. മുതലാളിമാരുടെ ലാഭക്കൊതിയും അതിനു കൂട്ടായി ഉദ്യോഗസ്ഥ – രാഷ്ട്രീയ നേതൃത്വവും, ദുരിതം അനുഭവിക്കുന്നതിനു പാവം ജനവും. കഥാപാത്രങ്ങൾ പരിചിതർ തന്നെ. ഇപ്പോൾ ഈ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉണ്ടായ കാരണം, വെങ്ങോല പഞ്ചായത്തിൽ കാൻസർ കൂടി വരുന്നു എന്ന ചില പത്ര റിപ്പോർട്ടുകൾ ആണ്. 

നിയമങ്ങൾ കാറ്റിൽ പറത്തിയും, മലിനീകരണ നിയന്ത്രണം വലിച്ചെറിഞ്ഞും അനേകം കമ്പനികൾ ആണ് പ്രവർത്തിക്കുന്നത്. ജനവാസ മേഖലയിൽ ആണ് ഇവ പ്രവർത്തിക്കുന്നത് എന്നതാണ് പ്രാഥമികമായ തെറ്റ്. അവ ഉണ്ടാക്കുന്നത് നാല് തരം മലിനീകരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ജല മലിനീകരണം: വ്യാവസായിക പ്രക്രിയക്ക് ശേഷം വരുന്ന മാലിന്യങ്ങൾ, പൊതു തോടുകളിലെക്കും മറ്റുമാണ് ഇവിടെ ഒഴുക്കുന്നത്. ഒരു ട്രീറ്റ്മെന്റ് പ്ലാന്റ് വച്ചാൽ മതി ലാഭത്തിൽ കുറവ് വരുന്നത് കാരണം ആരും തയാറാകുന്നില്ല. ഈ വ്യവസായങ്ങൾ  പ്രവര്‍ത്തിക്കുന്നതിന് അടുത്ത് കിണറുകൾ ഉപയോഗ ശൂന്യം ആയിക്കഴിഞ്ഞു.

2. വായു മലിനീകരണം: തടിയുടെ നേർത്തപാളികൾ അഥവാ വെനീർ ചേർത്ത് ഒട്ടിച്ചാണ് പ്ലൈവുഡ് ഉണ്ടാക്കുന്നത്. ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ “യുറിയ ഫൊർമാൽഡി ഹൈഡ്” എന്ന രാസവസ്തു ആണ്. രണ്ടു രീതിയിൽ ആണ് ഈ വസ്തു അന്തരീക്ഷത്തിൽ കലരുന്നത്. പ്ലൈവുഡ് ഒട്ടിച്ചതിനു ശേഷം ബാക്കി വരുന്ന മാലിന്യം കത്തിക്കുമ്പോഴും വെനീറുകൾ ഒട്ടിക്കുമ്പോൾ അതിന്റെ പ്രക്രിയയുടെ ഭാഗം ആയി വരുന്ന വാതക ബഹിർഗമനം വഴിയും. ഈ രാസ വസ്തു ഉണ്ടാക്കുന്ന പ്രശ്നം എന്താണ്? ഫൊർമാൽഡിഹൈഡ് ബഹിർഗമനം എന്നത് കാൻസർ ഉണ്ടാക്കുന്നതാണ് എന്ന് വികിപീഡിയ പറയുന്നു, ഇപ്പോഴത്തെ ചില ടി വി പരസ്യങ്ങൾ വരെ ഫൊർമാൽഡിഹൈഡ് ഇല്ലാത്തതു എന്ന് പറഞ്ഞു വരുന്നു.

3. ശബ്ദ മലിനീകരണം: ബോയിലെർ പ്രവർത്തിക്കുമ്പോൾ അത്യുച്ചത്തിൽ ഉള്ള ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്. അതിനു വേണ്ടി രാത്രികാല പ്രവർത്തനം നിരോധിക്കണം എന്നാണ് നിർദേശം; പാലിക്കപ്പെടുന്നില്ല.

4. മനുഷ്യ വിസർജ്യ മലിനീകരണങ്ങൾ: ചെറിയ രണ്ട് മുറികളിൽ 25 പേരോളം അന്യ സംസ്ഥാനക്കാരെ പാർപ്പിച്ചാൽ, അവർക്ക് ടോയ്ലെറ്റ് ഇല്ലാതിരുന്നാൽ എന്ത് സംഭവിക്കും? ചുറ്റുപാടും നശിക്കും. കൂടാതെ മാരക വ്യാധികൾ പടരും. ഇവിടെ  സംഭവിക്കുന്നത്‌ വേറൊന്നും അല്ല. 

ഈ പ്രശ്നത്തിൽ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മൌനം, നിസംഗത മുതലായവ പാലിച്ചിരിക്കുകയാണ്. മുതലാളിമാരുടെ പണം വാങ്ങി സ്വത്തു വാങ്ങിക്കൂട്ടുന്നു എന്ന ആരോപണം ശക്തമാണ്. ഇടതുപക്ഷത്തിനു പൊതുവെ ഈ പ്രശ്നങ്ങളോട് അനുഭാവം ഉണ്ടെങ്കിലും, എന്തുകൊണ്ടോ അനങ്ങാൻ പറ്റാത്ത സ്ഥിതി ആണ്. മലിനീകരണ രഹിത വ്യവസായം മാത്രം മതി എന്ന് ഉറച്ചു പറയാൻ മടിയാണ് പൊതുവിൽ.

ബെസ്റ്റ് ഓഫ് അഴിമുഖം 

കേവല പരിസ്ഥിതിവാദികളോട്: പൊടിക്കൈകളല്ല വേണ്ടത്
ഒരു ജനതയെ ഇല്ലാതാക്കുമ്പോള്‍ : റോസ് മലക്കാരുടെ ജീവിതം
കാതിക്കുടം : അനീതി പെരുമഴ പോലെ പെയ്യുമ്പോള്‍
സര്‍ക്കാര്‍ അറിയുന്നതിന് : ഇടുക്കി തീറെഴുതാന്‍ വരട്ടെ
കടലുണ്ടിപ്പുഴയെ വീണ്ടെടുക്കേണ്ടതുണ്ട്

സേവ് രായമംഗലം എന്ന പേരിൽ ഒരു മുദ്രാവാക്യവും ആയി പരിസ്ഥിതി സംരക്ഷണ കർമ സമിതി ആണ് സജീവം ആയി സമര രംഗത്ത് ഉള്ളത്. വറുഗീസ് പുല്ലുവഴി എന്ന റിട്ടയേർഡ്‌ സ്കൂൾ അദ്ധ്യാപകൻ ആണ് ഈ സമരത്തിന്റെ നേതാവ്. എതിര്ക്കുന്നവരെ പണം, ഗുണ്ടാ ശക്തി എന്നിവ ഉപയോഗിച്ച് തടുക്കാൻ ശ്രമിക്കുന്നു എങ്കിലും പരിസ്ഥിതി സംരക്ഷണം എന്ന പൊതുബോധം അതിശക്തം ആണ്.

ഫൊർമാൽഡിഹൈഡ് ആണോ വെങ്ങോലയിലും രായമംഗലത്തും ഉണ്ടായ കാൻസർ മരണങ്ങളുടെ ഉത്തരവാദി? പരിശോധിക്കപ്പെടെണ്ട വസ്തുത അല്ലേ ഇത്? മലിനീകരണം ഉണ്ടാക്കാത്ത  പശകളിലേക്ക് ഈ വ്യവസായം മാറേണ്ടതില്ലേ? മലിനീകരണ നിയന്ത്രണ ബോർഡിനും, ആരോഗ്യവകുപ്പിനും ഈ ചോദ്യത്തിന് എന്താണ് പറയാൻ ഉള്ളത്?. ഇവിടെ നന്നായി ജീവിച്ചു മരിക്കണം എന്നാഗ്രഹിക്കുന്ന ജനത്തിന് അറിയാൻ താല്പര്യം ഉണ്ട്. 

അനൂപ് വര്‍ഗീസ് കുരിയപ്പുറം

സമകാലിക കേരളത്തിലെ വികസന പ്രശ്നങ്ങള്‍, ജനകീയ ഇടപെടലുകള്‍, ദൈനംദിന ജീവിതം തുടങ്ങിയ വിഷയങ്ങളെ പരാമര്‍ശിക്കുന്ന കോളം. ഐ.ടി മേഖലയില്‍ ഉദ്യോഗസ്ഥന്‍. വെബ്സൈറ്റുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവിടങ്ങളില്‍ എഴുതാറുണ്ട്.

More Posts

This post was last modified on December 16, 2016 2:46 pm