X

അനില്‍ ബൈജാല്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍

നജീബ് ജംഗിന്റെ രാജിയെ തുടര്‍ന്നാണു ബൈജാലിന്റെ നിയമനം

മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ആര്‍എസ്എസ്- സംഘപരിവാര്‍ ബന്ധമുള്ള വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഉപദേശകവൃന്ദത്തില്‍ അംഗവുമായിരുന്ന അനില്‍ ബൈജാലിനെ ഡല്‍ഹിയുടെ പുതിയ ലഫ്. ഗവര്‍ണര്‍ ആയി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബൈജാലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയച്ചു. നജീബ് ജംഗ് രാജിവച്ചതിനെ തുടര്‍ന്നാണ് അനില്‍ ബൈജാലിന്റെ നിയമനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി, അനില്‍ ബൈജാല്‍, മുന്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അജയ് രാജ് ശര്‍മ എന്നിവരുടെ പേരുകളായിരുന്നു നജീബ് ജംഗിന്റെ പകരക്കാരനായി ഉയര്‍ന്നുകേട്ടിരുന്നത്.

വിവേകാന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ബന്ധപ്പട്ടു നില്‍ക്കുന്നവരില്‍ നിന്നും മോദി സര്‍ക്കാര്‍ സുപ്രധാനപദവികളിലേക്ക് ഇതിനു മുമ്പും പലരേയും നിയമിച്ചിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇതേ വഴിയില്‍ ഉന്നത സ്ഥാനത്തേക്ക് എത്തിയ ആളാണ്.

1969 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബൈജാല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ഡല്‍ഹി വികസന അഥോറിറ്റി ചെയര്‍മാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2006 ല്‍ കേന്ദ്ര നഗരവികസന മന്ത്രാലയം സെക്രട്ടറിയായാണ് അദ്ദേഹം സര്‍വീസില്‍് നിന്നും വിരമിക്കുന്നത്.

This post was last modified on December 28, 2016 7:49 pm