X

യാക്കരയിലെ ബെക്‌സിനും ബെസ്റ്റിനും ഈസയും യാഹ്യയുമായതിന് പിന്നില്‍

ജെസ്റ്റിന്‍ എബ്രഹാം

ഒലവക്കോട് റയില്‍വേ സ്‌റ്റേഷനില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാത്രമുള്ള യാക്കരയിലേക്ക് അപരിചിതര്‍ കടന്നു വന്നാല്‍ പ്രദേശവാസികളുടെ മുഖത്ത് പരിഭ്രമവും ഭീതിയും നിഴലിക്കും. ഐ എസില്‍ ചേരാന്‍ രാജ്യം വിട്ടെന്ന ആക്ഷേപമുള്ള ഈസയുടെയും യാഹ്യയുടെയും (ബെക്‌സിനും ബെസ്റ്റിനും) വീട് അന്വേഷിച്ചാല്‍ ഉടനെ മറുചോദ്യം ഉണ്ടാവും ‘പത്രക്കാരാണോ?’.

യാക്കരയിലെ ‘കൃപ’ എന്ന വീട്ടില്‍ ഇപ്പോള്‍ പത്രക്കാര്‍ മാത്രമാണ് വരാറുള്ളത്. വീട്ടിലെ നാല് അംഗങ്ങളെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും ഇവര്‍ക്ക് ഐഎസ് ബന്ധം സംശയിക്കപ്പെടുന്ന സാഹചര്യത്തിലും പുറമേ നിന്നുള്ളവര്‍ ആരും തന്നെ ഈ വീട് സന്ദര്‍ശിക്കാറില്ല. 

കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 പേരില്‍ നാലു പേര്‍ ഈ വീട്ടിലെ അംഗങ്ങളാണ്. ഈസയെയും യാഹ്യയെയും കൂടാതെ ഇവരുടെ ഭാര്യമാരായ നിമിഷ എന്ന ഫാത്തിമ, മെറിന്‍ എന്ന മറിയം എന്നിവരാണ് അപ്രത്യക്ഷരായിരിക്കുന്നത്. ഇവരെ കാണാനില്ലെന്നു പൊലീസില്‍ പരാതി നല്‍കി മക്കളുടെ തിരിച്ചുവരവും കാത്ത്, കേള്‍ക്കുന്നതൊന്നും സത്യമാകല്ലേ എന്ന പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ഈസയുടെയും യാഹ്യയുടെയും പിതാവ് വിന്‍സന്റ്.

വളരെ കഷ്ടപ്പെട്ടാണ് വിന്‍സെന്റ് (പിതാവ്) തന്റെ കുടുംബം കെട്ടിപ്പടുത്തത്. മൂന്നു പതിറ്റാണ്ടോളം ഗള്‍ഫില്‍ ജോലി ചെയ്ത വിന്‍സെന്റ് തിരിച്ചെത്തിയശേഷം പാലക്കാട് താമസമാരംഭിക്കുകയും അവിടെ ബിസിനസ് തുടങ്ങുകയും ചെയ്തു. കഷ്ടപ്പാടുകള്‍ എല്ലാം തീര്‍ന്നെന്ന ആശ്വാസത്തിനിടയിലാണ് ഭാര്യ ഉപേക്ഷിച്ച് പോകുന്നത്. എന്നാല്‍ ഇതോടെ തകിടം മറിഞ്ഞത് മൂത്തമകന്‍ ബെക്‌സിന്റെ ജീവിതമായിരുന്നു. വിന്‍സെന്റ് എല്‍സിയെ വിവാഹം കഴിക്കുമ്പോള്‍ ബെക്‌സിന് 22 വയസ്സായിരുന്നു. രണ്ടാനമ്മയായ എല്‍സിയോട് ബെക്‌സിന് ആദ്യം മുതലെ അകല്‍ച്ചയായിരുന്നു. എല്‍സി തന്നെ അക്കാര്യം സമ്മതിക്കുന്നുണ്ട്. ആദ്യ വിവാഹത്തിലെ തന്റെ രണ്ടു മക്കളോടും ബെക്‌സിന് വിരോധം ഉണ്ടായിരുന്നതായും എല്‍സി പറയുന്നു. രണ്ടാനമ്മയോട് ഒരിക്കലും യോജിക്കാന്‍ കഴിയാതിരുന്ന ബെക്‌സിന്‍ വീട് വിട്ട് തൊട്ടടുത്ത് തന്നെയുള്ള കണ്ണാടി എന്ന പ്രദേശത്തേക്ക് താമസം മാറി.

കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജില്‍ ബിബിഎം പഠിക്കാന്‍ പോയ ബെക്‌സിന്‍ അവിടെവച്ചാണു മയക്കുമരുന്നിന് അടിമയാകുന്നത്. ഇത് അയാളെ കുടുംബത്തില്‍ നിന്നും പൂര്‍ണമായി അകറ്റി. ഇക്കാലത്തു തന്നെ പ്രദേശവാസിയായ ഒരു പെണ്‍കുട്ടിയുമായി ബെക്‌സിന്‍ ഇഷ്ടത്തിലായി. എന്നാല്‍ അധികം നീണ്ടു നില്‍ക്കാതെ ആ ബന്ധം തകര്‍ന്നു. അവിടെയും ആശ്വാസം കണ്ടെത്താന്‍ മയക്കുമരുന്നിനെ മാത്രമാണ് ആ ചെറുപ്പക്കാരന്‍ ആശ്രയിച്ചത്. 

മൂത്ത മകന്റെ നാശത്തില്‍ മനംനൊന്ത് കഴിഞ്ഞ വിന്‍സെന്റിന്റെ ഏക പ്രതീക്ഷയായിരുന്നു ഇളയ മകന്‍ ബെസ്റ്റിന്‍. പാലക്കാടും എറണാകുളത്തുമായുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ബംഗളൂരുവിലേക്ക് പോയ ബസ്റ്റിന്‍ പക്ഷേ വിന്‍സെന്റിനെ മറ്റൊരു തരത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് മടങ്ങിവന്നത്. ബെസ്റ്റിന്‍ എന്ന പേരില്‍ ബംഗളൂരുവിലേക്ക് പോയയാള്‍ മടങ്ങിയെത്തിയത് ഇസ്ലാം മതവിശ്വാസിയായ യാഹ്യയായി!

ബംഗളൂരുവില്‍ ബെസ്റ്റിന്റെ സഹപാഠികളികളില്‍ 11 പേര്‍ കാസര്‍ഗോഡ് നിന്നും ഉള്ളവരായിരുന്നു. ബെസ്റ്റിന്റെ മതംമാറ്റത്തിനു പിന്നിലെ പ്രേരകശക്തികളായി സംശയിക്കുന്നത് അവരെയാണെന്നു എല്‍സി പറയുന്നു. പഠന ശേഷം വീട്ടിലേക്കല്ല അയാള്‍ വന്നത്. നേരെ മുംബൈക്കു പോയി. ജോലി കിട്ടിയെന്നാണ് വീട്ടില്‍ പറഞ്ഞത്. 

ഇസ്ലാം മതം സ്വീകരിച്ച ബെസ്റ്റിന്‍ വളരെ വ്യത്യസ്ഥനായിരുന്നു. താടി നീട്ടി വളര്‍ത്തി, ഇസ്ലാം മതാചാരങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും, പ്രഭാഷണങ്ങളും ഒക്കെയായി ജീവിച്ച മകന്‍ തങ്ങള്‍ക്ക് അപരിചിതനായിരുന്നു എന്ന് എല്‍സി പറയുന്നു.

ജ്യേഷ്ടനെ സ്വാധീനിച്ച അനുജന്‍
മയക്കുമരുന്നിന് അടിമയായി ജീവിച്ച ചേട്ടനെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വന്നത് അനുജനായിരുന്നു. യാഹ്യയായി മാറിയ ബെസ്റ്റിന്‍ ചെലുത്തിയ സ്വാധീനത്തില്‍ ബെക്‌സനും ഇസ്ലാം മതം സ്വീകരിച്ചു. അയാള്‍ ഈസയായി. പുതിയൊരു മനുഷ്യനായി മാറുകയും വീട്ടില്‍ വന്ന് പിതാവിനെയും രണ്ടാനമ്മയെയും സന്ദര്‍ശിച്ച് അവരോട് ക്ഷമ ചോദിക്കുകയുമൊക്കെ ചെയ്തു. 

പരിവര്‍ത്തനം ചെയ്യപ്പെട്ട ബെക്സിന്‍ ഒരു അത്ഭുതമായിരുന്നുവെന്ന് എല്‍സി പറയുന്നു. അനുജനെ പോലെ ഇസ്ലാം മതത്തോട് വളരെ അടുത്ത് നിന്ന് മതാചാരങ്ങളെ പിന്‍പറ്റിയ ബെക്സിന്റെ ‘നല്ല ജീവിതത്തില്‍’ തങ്ങള്‍ക്ക് സന്തോഷമായിരുന്നെന്നും എല്‍സി പറയുന്നു.

വിവാഹം
ഈസയുടെ ആദ്യ വിവാഹം ഒരു പരാജയമായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം വേര്‍പിരിഞ്ഞു. ഇതിനു ശേഷമാണ് തിരുവനന്തപുരം സ്വദേശി നിമിഷ എന്ന ഫാത്തിമയെ വിവാഹം ചെയ്യുന്നത്. ബംഗളൂരുവില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി മടങ്ങി വന്ന യാഹ്യ തനിക്ക് ഒരു മുസ്ലിം പെണ്‍കുട്ടിയെ ഇഷ്ടമെന്നും വിവാഹം ചെയ്യണമെന്നും പറഞ്ഞു. ഇതുപ്രകാരമാണ് എറണാകുളം തമ്മനം സ്വദേശി മെറിനെ (മറിയം) വിവാഹം ചെയ്യുന്നത്.

മുംബൈ സന്ദര്‍ശനം
ഈസയിലും യാഹ്യയിലും എല്‍സി ശ്രദ്ധിച്ച ഒരുകാര്യം അവരുടെ തുടരെയുള്ള മുംബൈ സന്ദര്‍ശനമായിരുന്നു. ഓരോരോ ആവശ്യങ്ങളാണ് യാത്രകള്‍ക്ക് പറയാറുള്ളത്. മാസത്തില്‍ രണ്ടു തവണയെങ്കിലും ഇത്തരം യാത്രകള്‍ ഉണ്ടായിരുന്നു. മരുമക്കള്‍ ഗര്‍ഭിണികള്‍ ആയ കാലത്തും ഇതിനു മുടക്കം വന്നിട്ടില്ല; എല്‍സി പറഞ്ഞു.

ഈ കാലയളവിലാണ് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണത്തെ കുറിച്ച് യഹ്യ പറഞ്ഞത്. എന്നാല്‍ അദ്ദേഹം ആരാണെന്ന് ചോദിച്ചപ്പോള്‍ മതപ്രഭാഷകന്‍ എന്നു മാത്രമാണ് പറഞ്ഞത്; എല്‍സി ഓര്‍ക്കുന്നു.

ഇസ്ലാം മതം സ്വീകരിച്ച ബെക്‌സിനും ബെസ്റ്റിനും അവരുടെ ഭാര്യമാരായ നിമിഷയ്ക്കും മെറിനും കാസര്‍ഗോഡ് ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ന്നു വന്ന ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം കാര്‍ക്കശ്യത്തോടെയാണ് മതാചാരങ്ങളെ പിന്‍പറ്റിയിരുന്നത്. ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധയോടെയാണ് കണ്ടിരുന്നത്. മരുമക്കളെ ബുര്‍ഖയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. കൂടാതെ ഇവര്‍ക്ക് മൊബൈലില്‍ ഇസ്ലാം മതാനുഷ്ഠാനങ്ങളെ സംബന്ധിച്ച് സ്ഥിരമായി സന്ദേശങ്ങള്‍ വരാറുണ്ടായിരുന്നു. സ്ഥിരമായി മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങള്‍ സ്ഥിരമായി സന്ദര്‍ശിച്ചിരുന്ന ഇവര്‍ ജീവിതവും പുറമെയുള്ളവര്‍ക്ക് നിഗൂഢതയായിരുന്നു. ഒടുവില്‍ വ്യവസായം ചെയ്യുന്നതിനായി ശ്രീലങ്കയിലേക്ക് പോയതുപോലും ഇപ്പോള്‍ സംശയത്തോടെ മാത്രമാണ് വീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ കാസര്‍ഗോഡ് നിന്ന് ഇത്രയധികം പേര്‍ കാണാതായി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ സംശയം തോന്നിയാണ് പോലീസില്‍ പരാതിപ്പെട്ടത്; എല്‍സി പറയുന്നു.

ഉത്തരങ്ങള്‍ കുറവ് 
മക്കളായിരുന്നുവെങ്കിലും അവരെ കുറിച്ച് അധികം അറിയില്ല എന്ന് മാതാപിതാക്കള്‍ സമ്മതിക്കുന്നു. ‘ഞങ്ങള്‍ക്ക് ഇടയില്‍ വര്‍ത്തമാനങ്ങള്‍ കുറവായിരുന്നു,’ എല്‍സി സമ്മതിക്കുന്നു.

യാത്രകളെ കുറിച്ചോ അവരുടെ സന്ദര്‍ശകരെ കുറിച്ചോ യാതൊരു വിവരം തങ്ങള്‍ക്ക് അറിയില്ല. മൊബൈലില്‍ അവര്‍ക്ക് സന്ദേശങ്ങള്‍ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഒടുവിലായി ശ്രീലങ്കയിലേക്ക് പോകുന്ന കാര്യം പോലും യാത്ര പുറപ്പെടുന്ന ദിവസമാണ് അറിഞ്ഞത്.

ഭയത്തോടെ അയല്‍വാസികള്‍
വിന്‍സന്റിനെയും എല്‍സിയെയും കുറിച്ച് നല്ലത് മാത്രമേ അയല്‍വാസികള്‍ക്ക് പറയാനുള്ളൂ. എന്നാല്‍ ഈസയും യാഹ്യയും അയല്‍വാസികള്‍ക്ക് അപരിചിതരാണ്. ഇവരില്‍ ഈസയെയാണ് ഇടയ്‌ക്കെങ്കിലും കണ്ടിട്ടുള്ളത്. യാഹ്യയെ കണ്ടാല്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്നും നാട്ടുകാര്‍ പറയുന്നു.

അയല്‍വാസികളുമായോ നാട്ടുകാരുമായോ യാതൊരു ബന്ധവും ഇവര്‍ പുലര്‍ത്തിയിരുന്നില്ല എന്നു പ്രദേശത്തെ കൗണ്‍സിലര്‍ കൂടിയായ സുഭാഷ് പറയുന്നു. വിന്‍സന്റും എല്‍സിയുമായി അടുപ്പമുണ്ട്. എന്നാല്‍ മക്കളുമായി യാതൊരു ബന്ധവും ഇല്ല. ബെക്‌സിനെ (ഈസ) വഴിയില്‍ കാണാറുണ്ടെങ്കിലും മറ്റുള്ളവരെ തീര്‍ത്തും അവഗണിച്ചു കടന്നുപോവുകയായിരുന്നു രീതി. ഇളയാളെ കണ്ട ഓര്‍മ്മ പോലും. എന്നാല്‍ നാട്ടില്‍ ഇവര്‍ യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടില്ല എന്നും പ്രത്യക്ഷമായ ഒരു രാഷ്ട്രീയ ഇടപെടലുകള്‍ പോലും ഇവര്‍ നടത്തിയിട്ടുള്ളതായി അറിവില്ലെന്നും സുഭാഷ് പറഞ്ഞു.

പുതിയ സംഭവവികാസങ്ങളില്‍ ഇവരുടെ അയല്‍വാസികളാകെ പരിഭ്രാന്തിയിലാണ്. സംശയ ദൃഷ്ടിയോടെയാണ് ഞങ്ങള്‍ എപ്പോള്‍ എല്ലാരേയും കാണുന്നതെന്ന് അവരില്‍ ചിലര്‍ തുറന്നു പറയുന്നു. ഈ കേസ് എന്‍ ഐ എ കൊണ്ട് അന്വേഷിപ്പിക്കണമെന്നു പറഞ്ഞവരുമുണ്ട്. 

യാക്കരയില്‍ നിന്നും നാലുപേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായിരിക്കുന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരള പോലീസ് നിര്‍ജീവമാണ്, അതിനാല്‍ കേസ് എന്‍ഐഎക്ക് കൈമാറണം എന്നാണു ബിജെപി പാലക്കാട് ജില്ല അധ്യക്ഷന്‍ ഇ കൃഷണദാസും പറയുന്നത്. ഈ വിഷയത്തില്‍ യാതൊരു വിധത്തിലുമുള്ള രാഷ്ട്രീയ മുതലെടുപ്പിന് പാര്‍ട്ടി തയ്യാറല്ലന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദര്‍ശിക്കാന്‍ എത്തുന്ന മാധ്യമ പ്രവര്‍ത്തകരെ എല്‍സിയെ പരിചയപ്പെടുത്തിയ ശേഷം പിന്‍വാങ്ങുകയാണ് വിന്‍സെന്റ് ചെയ്യുന്നത്. ജീവിതത്തിലെ തുടര്‍ച്ചയായ ദുരന്തങ്ങളില്‍ പൂര്‍ണമായും ഈ മനുഷ്യന്‍ തകര്‍ന്നുകഴിഞ്ഞു. ഐഎസില്‍ മക്കളും മരുമക്കളും ചേര്‍ന്നത് സത്യം ആകരുതേ എന്നാണ് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന.

(അഴിമുഖം ട്രെയിനി ജേര്‍ണലിസ്റ്റ് ആണ് ജെസ്റ്റിന്‍ എബ്രഹാം)

 

This post was last modified on July 15, 2016 3:06 pm

Related Post
Leave a Comment