X

നാഗ്പൂരില്‍ ബുദ്ധമതത്തിലേക്ക് ‘ഘര്‍ വാപ്പസി’: മതം മാറിയത് 5000ല്‍ അധികം പേര്‍

ഒബിസി വിഭാഗത്തില്‍ പെട്ട 5000ലധികം പേരാണ് നാഗ്പൂരില്‍ ഞായറാഴ്ച ബുദ്ധമതം സ്വീകരിച്ചത്. സത്യശോധക് ഒബിസി പരിഷത്തിന്‌റെ നേതൃത്വത്തിലാണ് മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിച്ചത്.

ഡോ.ബി.ആര്‍ അംബേദ്കര്‍ ആറ് ലക്ഷത്തോളം വരുന്ന ദളിത് അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചിട്ട് 60 വര്‍ഷമാകുമ്പോള്‍ വീണ്ടും നാഗ്പൂരില്‍ ബുദ്ധമതത്തിലേയ്ക്ക് കൂട്ട പരിവര്‍ത്തനം. ഒബിസി വിഭാഗത്തില്‍ പെട്ട 5000ലധികം പേരാണ് നാഗ്പൂരില്‍ ഞായറാഴ്ച ബുദ്ധമതം സ്വീകരിച്ചത്. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയില്‍ വച്ച് തന്നെയാണ് ചടങ്ങ് നടന്നത്.

സത്യശോധക് ഒബിസി പരിഷത്തിന്‌റെ നേതൃത്വത്തിലാണ് മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിച്ചത്. മതപരിവര്‍ത്തനം നടത്തിയവരെ തിരികെ ഹിന്ദുമതത്തിലേയ്ക്ക് എത്തിക്കുന്ന പരിപാടിക്ക് ആര്‍ എസ് എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ നല്‍കിയ പേര് ഖര്‍ വാപ്പസി എന്നാണ്. സത്യശോധകും പരിപാടിയെ ഘര്‍ വാപ്പസി എന്നാണ് വിളക്കുന്നത്. അംബേദ്കര്‍ മനുസ്മൃതി കത്തിച്ച ദിവസം കൂടിയാണ് ഡിസംബര്‍ 25. സാവിത്രിബായ് ഫൂലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ആദ്യത്തെ സ്‌കൂള്‍ ആരംഭിച്ചതും ഒരു ഡിസംബര്‍ 25നായിരുന്നു.

2011 മുതല്‍ സത്യശോധക് പരിഷ്ദ് ഇതിനായുള്ള ശ്രമം തുടങ്ങിയിരുന്നു. നാഗവംശജര്‍ എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. തങ്ങളുടെ പൂര്‍വികര്‍ മദ്ധ്യകാലത്ത് ബുദ്ധമതക്കാരായിരുന്നു എന്ന് മതപരിവര്‍ത്തനം നടത്തിയവര്‍ പറയുന്നു. ഇതുകൊണ്ടാണ് ഘര്‍ വാപ്പസി എന്ന് ചടങ്ങിനെ വിളിക്കുന്നത്. ബുദ്ധമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കും. രാജ്യവ്യാപകമായി ബുദ്ധപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണെന്നും സത്യശോധക് പരിഷദ് വ്യക്തമാക്കുന്നു.

This post was last modified on December 27, 2016 3:38 pm