X

ഫ്ലാഷ് മോബിനിടയിലെ കരണത്തടി; ഒരമ്മയ്ക്ക് പറയാനുള്ളത്

ലാലി പി എം

തൃശൂരില്‍ മനുഷ്യ സംഗമത്തിന്റെ വേദിയിലിരിക്കെ ഡൂള്‍ ന്യൂസിലെ മനേഷാണ് യാദൃശ്ചികമായി ഒരു വീഡിയോ ക്ലിപ്പിംഗ് കാട്ടിത്തരുന്നത്. പലപ്രാവശ്യം ചാനലുകളിലും ഒരിക്കല്‍ ‘മഹേഷിന്റെ പ്രതികാരം’ സിനിമയിലും ഒക്കെ കണ്ട ചുവടു വയ്പ്പുകളെ വളരെ പരിചയമുള്ളൊരു രംഗം കാണുന്ന ലാഘവ ബുദ്ധിയോടെ സമീപിക്കെ പൊടുന്നനെയാണു ആ രംഗത്തേക്കൊരു സ്ത്രീ കടന്നു വരുന്നതും ഫ്ലാഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളിലൊരാളെ മുഖമടച്ച് അടി കൊടുക്കുന്നതും. അത്യന്തം അവിശ്വസനീയതയോടെയും ആത്മരോഷത്തോടെയും ഇരിപ്പിടത്തില്‍ നിന്നും ചാടിയെണീക്കെ മനേഷ് പറയുന്നുണ്ടായിരുന്നു, ആ കുട്ടിയുടെ അമ്മയാണാ സ്ത്രീയെന്ന്…

ആരാകിലെന്ത്..? എനിക്ക് സഹിക്കാനേ കഴിഞ്ഞില്ല. രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണു ഞാന്‍. ഒരു പക്ഷേ എന്റെ കുട്ടികളുടെ ഓര്‍മ്മയില്‍ പോലും ഉണ്ടാകാനിടയില്ലാത്ത ഒന്നോ രണ്ടോ സ്വകാര്യ ഇടങ്ങളിലെ ശിക്ഷയെ പ്പോലും അത്യന്തം ഖേദത്തോടെ മാത്രം ഓര്‍ക്കുന്ന അമ്മ. ഇപ്പോഴും ഞാനതേപ്പറ്റി ഓര്‍ത്ത് സ്വയം കുറ്റപ്പെടുത്താറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അമ്മയായതു കൊണ്ട് ശിക്ഷിക്കുന്നതു കുഴപ്പമില്ലെന്നും അമ്മയും മകളും തമ്മിലുള്ള പ്രശ്‌നം മാത്രമാണെന്നും അതല്ല അമ്മയല്ലെന്നും മറ്റൊരു യാത്രക്കാരിയാണെന്നും അതു കൊണ്ടവര്‍ തെറ്റുകാരിയാണെന്നുമൊക്കെ നിരന്തരം വായിച്ചു കൊണ്ടിരിക്കേ ഞാനതിശയിക്കുകയാണ്; കുട്ടികളെ അവരുടെ മാതാപിതാക്കള്‍ക്ക് ശിക്ഷിക്കാനര്‍ഹതയുണ്ടോ?

കുട്ടികളെ ഉലക്ക കൊണ്ടടിക്കണമെന്നു മുതല്‍ ശിക്ഷിച്ച് വളര്‍ത്തണമെന്നും അടിമയെപ്പോലെ കാണണമെന്നും തുടങ്ങിയ എത്രയെത്ര പഴഞ്ചൊല്ലുകളാണു നിത്യ ജീവിതത്തില്‍ നാം കേട്ടു കൊണ്ടിരിക്കുന്നത്? ഒരിക്കലെങ്കിലും കുട്ടികളുടെ അവകാശങ്ങളെ പരാമര്‍ശിക്കുന്ന തരത്തില്‍ ഒരു പഴഞ്ചൊല്ലോ പ്രയോഗമോ കണ്ണില്‍ പെട്ടിട്ടേയില്ല.

കുട്ടികളെ ശിക്ഷിക്കാന്‍ അര്‍ഹതപ്പെട്ടവരെന്നു നമ്മള്‍ കരുതുന്നവരില്‍ പ്രമുഖരാണു മാതാപിതാക്കളും അധ്യാപകരും. അവര്‍ക്ക് സ്വയം ന്യായീകരിക്കാന്‍ പുരാണം മുതല്‍ മതഗ്രന്ഥങ്ങളും ഐതിഹ്യങ്ങളും വരെ കൂട്ടുപിടിക്കും.

ശാസ്ത്രം അതിന്റെ പാരമ്യതയെ പുല്‍കുമ്പോഴും ഇത്തരം പാരമ്പരാഗത മനോഭാവത്തില്‍ നിന്ന് വിടുതല്‍ നേടാന്‍ അവര്‍ക്കാവുന്നതേയില്ല. കുട്ടികളെന്നാല്‍ തല്ലിയും ശാസിച്ചും ‘നേരേ’യാക്കി വളര്‍ത്തേണ്ടവരാണ് എന്ന ധാരണയാണ്. എന്നാല്‍ എന്താണീ നേരിന്റെ മാനദണ്ഡമെന്ന് ചോദിച്ചാല്‍ പലര്‍ക്കും പലതാകും. ഒരു മതവാദിയുടെ ശരിയാവില്ല ഒരു യുക്തിവാദിയുടെ ശരി. എന്നാല്‍ അതില്‍ നിന്നൊക്കെ വിഭിന്നമാകും ശാസ്ത്രത്തിന്റെ ശരി.

കുട്ടികള്‍ അവരുടെ മനസിലും ചിന്തയിലും ഒരു സമ്പൂര്‍ണ വ്യക്തിയാണെന്ന് നമ്മളെപ്പോഴും മറന്ന് പോകുന്നുണ്ട്. കുട്ടികളുടെ മനസിനെയോ അവരുടെ വ്യക്തിത്വത്തെയോ തീരെ പരിഗണിക്കാതെ മറ്റുള്ളവരുടെ മുന്നിലോ സ്വകാര്യ ഇടത്തിലോ അവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ നിഷേധിക്കപ്പെടുന്നത് മനുഷ്യനെന്ന നിലയിലുള്ള അവരുടെ അവകാശമാണ്. ഫാസിസത്തിനെതിരേ പ്രതിഷേധിക്കുകയും ആഞ്ഞടിക്കുകയും ചെയ്യുന്ന നമ്മള്‍ മുതിര്‍ന്നവര്‍ എന്ന ഒരേയൊരു പ്രിവിലേജില്‍, തങ്ങളുടെ ശിക്ഷ ഏറ്റു വാങ്ങാന്‍ അര്‍ഹതപ്പെട്ടവരെന്ന ധിക്കാരത്തില്‍ അവരെ ശാരീരികമായും മാനസികമായും തകര്‍ക്കുന്നു.

നിങ്ങളുടെ അധികാരപരിധിയിലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നവരെ മറ്റുള്ളവരുടെ മുന്നില്‍വെച്ച് അപമാനിക്കുവാന്‍ ആരാണു നിങ്ങള്‍ക്കധികാരം തന്നത്? നിങ്ങളേറെ വെറുക്കുകയും ശകാരിക്കുകയും ചെയ്യുന്ന പാശ്ചാത്യ സംസ്‌കാരത്തില്‍, അവിടത്തെ നിയമങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ എത്ര മഹത്തരമാണെന്നോ! അവിടെ മാതാപിതാക്കളാണെന്ന് കരുതി എന്തും ചെയ്യാനൊന്നും നിയമം അവരെ അനുവദിക്കുന്നില്ല. ഒരൊറ്റ ഫോണ്‍കോളിലൂടെ നിയമത്തെ തനിക്കൊപ്പമാക്കാന്‍ അവിടെ കുട്ടികള്‍ക്ക് കഴിയും. ഇവിടെയോ ശിക്ഷെയന്നത് ഒരവകാശമായും ആവശ്യമായും കടമയായും മാതാപിതാക്കളുടെയും അധ്യാപകരുടെയും ബോധത്തില്‍ പതിച്ചു കൊടുത്തിട്ടുണ്ട് നമ്മുടെ സംസ്‌കാരം.

ഫ്‌ളാഷ് മോബിലെ കുട്ടിയെ അടിച്ചത് അവളുടെ അമ്മയെന്നതോ അതല്ല നാട്ടുകാരിലൊരുവളോ എന്നതല്ല പ്രശ്‌നം. അപരന്റെ മേല്‍ അധികാരപ്രയോഗം നടത്താന്‍ മറ്റൊരാള്‍ക്ക് ആരനുവാദം കൊടുത്തൂ എന്നതാണ്. ഒരു പെണ്‍കുട്ടിക്ക് മേല്‍ കൈവയ്ക്കാന്‍ മറ്റൊരുവള്‍ക്ക് തോന്നുന്ന അതേ തോന്നലാണു സദാചാരസംരക്ഷകരായും ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പ്രചാരകരായും പലരൂപത്തില്‍ പലഭാവത്തില്‍ നമ്മുടെ ജീവിതങ്ങളിലേക്ക് അതിക്രമിച്ച് കയറിവരുന്നത്. എന്തുകൊണ്ടാണ് ഒരു ആണ്‍കുട്ടിയുടെ നേര്‍ക്ക് അവരുടെ കരങ്ങള്‍ ഉയരാഞ്ഞത്. അത് അവന്‍ തിരിച്ച് പ്രതികരിക്കുമെന്ന ഭയത്തിനേക്കാള്‍ ഉപരി നാടിന്റെ സദാചാരം സംരക്ഷിക്കേണ്ടത് സ്ത്രീകളാണെന്ന സമൂഹയുക്തിയും സംഘപരിവാര്‍ മനോഭാവവുമാണ്.

ഇതേ മനോഭാവമുള്ളവരുടെ ചെറുകൂട്ടങ്ങളെയാണു ചുംബനസമരത്തിലും വാലന്റൈന്‍ ദിനങ്ങളിലും നമ്മള്‍ കണ്ടത്. നമ്മളെന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കാന്‍ സംസ്‌കാരം അനുവാദം കൊടുത്തവര്‍. 

നാണക്കേടോടെ പറയട്ടെ; ആ പെണ്‍കുട്ടിയുടെ കരണത്തടിച്ചത് നാമോരോരുത്തരുമാണ്
ഫ്ലാഷ് മോബ്: തല്ലിയത് അമ്മയെന്നുള്ള പ്രചരണം തെറ്റ്- ഡിവൈഎഫ്ഐ നേതാവ്

കുട്ടി മാപ്പു കൊടുക്കുകയും പ്രശ്‌നം ഒത്തു തീര്‍പ്പാകുകയും ചെയ്തൂവത്രേ. എങ്കിലത് അപമാനിക്കപ്പെട്ടവളുടെ നല്ല മനസ്. എന്നാല്‍ ഒരൊറ്റ മാപ്പപേക്ഷകൊണ്ട് മാത്രം തീര്‍ക്കാവുന്ന തെറ്റല്ല അത്. 

ഇന്ത്യ കൂടി ഒപ്പിട്ട കുട്ടികളുടെ അവകാശ ഉടമ്പടിയിലെ പ്രധാന അവകാശങ്ങളുടെ ലംഘനമാണ്. നിഷേധമാണ്. അതു സമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വ്യക്തമായ ധാരണകളുണ്ടാക്കേണ്ടതുണ്ട്.

ഫാസിസമെന്നത് ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്നതോ ന്യൂനപക്ഷം ഭൂരിപക്ഷത്തിനു മേല്‍ പ്രയോഗിക്കുന്നതോ തിരിച്ചുള്ളതോ മാത്രമല്ല, ഒരാളുടെ വിവരക്കേടും അഹങ്കാരവും താന്‍പോരിമയും ദുര്‍ബലരായ മറ്റൊരാളിലേക്കും അടിച്ചേല്‍പ്പിക്കുന്നതുമാണെന്നും സമൂഹം തിരിച്ചറിയപ്പെടേണ്ടതുണ്ട്.

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ലാലി പി എമ്മിന്‍റെ ലേഖനം

അതേ, ജെഎന്‍യു തിരിച്ചറിവിന്റെ കണ്ണാടിയാണ്

(എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on March 29, 2016 5:01 pm