X

പ്രവാസി മലയാളി ക്ഷേമത്തിന് ഏഴിന നിര്‍ദേശങ്ങള്‍

അഴിമുഖം പ്രതിനിധി

പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ട നിര്‍ദേശങ്ങളും കേരളത്തിന്റെ വികസനത്തിന് പ്രാവസികള്‍ക്കു മുന്നിലുള്ള നിക്ഷേപ സാധ്യതകളും മുന്നോട്ട് വച്ച് കൊച്ചിയില്‍ രണ്ടുദിവസമായി നടന്നുവന്ന ആഗോള പ്രവാസി മലയാളി സംഗമം അവസാനിച്ചു.

പ്രവാസി ക്ഷേമത്തിനായി ഏഴിന നിര്‍ദശങ്ങളാണ് സംഗമത്തില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്.

1, പ്രവാസി മലയാളികളുടെ നിക്ഷേപങ്ങള്‍ക്കായി നോര്‍ക്കയുടെ കീഴില്‍ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുക.

2, പ്രവാസികളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും ഇവ സംബന്ധിച്ചുള്ള പരാതികള്‍ പരിഹരിക്കുന്നതിനുമായി ജുഡീഷ്യല്‍ അധികാരമുള്ള കമ്മീഷന്‍ രൂപീകരിക്കുക.

3, വിവിധ മേഖലകളില്‍ വൈദഗ്ദ്യം നേടിയവരും എന്നാല്‍ ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവരുമായ പ്രവാസികള്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കെറ്റ് നല്‍കുക.

4, പ്രവാസികളുടെ മക്കള്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് ആര്‍ഹമായ പ്രധിനിത്യം ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുക.

5, കേന്ദ്രസര്‍ക്കാരിന്റെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹബ്ബില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെക്കൂടി ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുക.

6, വ്യത്യസ്ത രാജ്യങ്ങളിലായി താമസിക്കുന്ന മലയാളികള്‍ക്കായി നയങ്ങളും പദ്ധതികളും തയ്യാറാക്കുന്നതിന് അഡൈ്വസ് കമ്മിറ്റികള്‍ രൂപീകരിക്കുക.

7, വിദേശരാജ്യങ്ങളിലേക്കു തൊഴില്‍ റിക്രൂട്ടിംഗ് നടത്തുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളെ കൂടുതല്‍ കാര്യക്ഷമമാക്കുക.

കേരളത്തില്‍ എന്‍ ആര്‍ കെ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുക, പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക എന്നീ നിര്‍ദേശങ്ങളും പ്രവാസികള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചു.

കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നിക്ഷേപസാധ്യതയുള്ള മൂന്നു പ്രൊജക്ടുകള്‍ സര്‍ക്കാര്‍ പ്രവാസി മലയാളി സംഗമത്തിന്റെ ഭാഗമായി മുന്നോട്ട് വച്ചിട്ടുണ്ട്. കൊച്ചി മെട്രോ റയില്‍ ടൗണ്‍ഷിപ്പ്, സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് വികസനം, കണ്ണൂര്‍ വിമാനത്താവളം എന്നിവയാണ് പ്രവാസികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. മെട്രോ റെയിലിന്റെ ഭാഗമായി കാക്കനാട് 20 കോടി ചെലവ് കണക്കാക്കി 18 ഏക്കറിലും മുട്ടത്ത് 230 കോടി ചെലവിട്ട് 215 ഏക്കറിലും വരുന്ന ടൗണ്‍ഷിപ്പുകളിലാണ് പ്രവാസി നിക്ഷേപസാധ്യകള്‍ ആരാഞ്ഞത്. സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ 750 കോടിയുടെ നിക്ഷേപസാധ്യകളാണുള്ളത്.1900 കോടി രൂപയുടെ പ്രൊജക്ടായ കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ 16 ശതമാനം സ്വകാര്യ നിക്ഷേപമായിരിക്കുമെന്നാണ് പ്രവാസികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

 

This post was last modified on January 19, 2015 12:13 pm