സ്റ്റീവന്‍ ഓവര്‍ലി
(വാഷിംഗ്ടണ്‍ പോസ്റ്റ്)
സെല്‍ഫി എടുക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ ഒരു തവണ എങ്കിലും താഴെ പോകാത്തവര്‍ വിരളമാണ്. ഭാഗ്യക്കേടിന്റെ സമയം ആണെങ്കില്‍ ആ ഒരു വീഴ്ച മതി ഡിസ്പ്ലേ പണിമുടക്കാന്‍. ഇതിന് ഒരു ഉത്തമ പ്രതിവിധിയുമായാണ് പ്രമുഖ ഗ്ലാസ് നിര്‍മാണ കമ്പനി ആയ കോര്‍ണിംഗ് തങ്ങളുടെ ഗോറില്ല ഗ്ലാസ്സിന്റെ അഞ്ചാം പതിപ്പുമായി രംഗത്തെത്തുന്നത്. തോളിന്റെ ഉയരത്തില്‍ നിന്നുവരെ താഴെ വീഴുന്ന മൊബൈലുകളുടെ സ്ക്രീന്‍ സംരക്ഷിക്കാന്‍ ആകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2007ല്‍ ഉദ്പാദനം ആരംഭിച്ച ശേഷം ഇതുവരെ സാംസംഗ്, മോട്ടോറോള, എല്‍ ജി ഉള്‍പ്പെടെ 450 കോടിയോളം ഫോണുകളില്‍ ഗോറില്ല ഗ്ലാസ് ഉപയോഗിച്ചിട്ടിട്ടുണ്ട്.
ന്യൂ യോര്‍ക്ക് ആസ്ഥാനമായ കോര്‍ണിംഗ് നടത്തിയ ഒരു ആഗോള സര്‍വ്വേയില്‍ കണ്ടെത്തിയത് 85 ശതമാനം ആളുകള്‍ വര്‍ഷത്തില്‍ ഒരുതവണ എങ്കിലും മൊബൈല്‍ഫോണ്‍ താഴെ ഇട്ടിട്ടുണ്ടെന്നും 55 ശതമാനം ആളുകള്‍ വര്‍ഷത്തില്‍ മൂന്നാല് തവണ താഴെ ഇട്ടിട്ടുണ്ടെന്നും ആണ്. ഇതനുസരിച്ച് മൊബൈല്‍ഫോണിന്റെ ഡിസ്പ്ലേ തകരുന്നത് ഒരു സ്ഥിരസംഭവം ആവാനാണ് സാധ്യത. ഇതിനെ അനുകൂലിക്കുന്നതാണ് മൊബൈല്‍ കമ്പനികളുടെ സര്‍വീസ് സെക്ഷനിലെ കണക്കുകളും. ഏറ്റവും കൂടുതല്‍ പരാതികള്‍ ഉണ്ടാവുന്നത് സ്ക്രീന്‍ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ആണെന്നാണ് മൊബൈല്‍ കമ്പനികള്‍ പറയുന്നത്.
ലബോറട്ടറി ടെസ്റ്റുകളില്‍ നിര്‍മാതാക്കള്‍ ഇടുപ്പിന്റെ ഉയരത്തില്‍ നിന്നും തോളിന്റെ ഉയരത്തില്‍ നിന്നും ടാറിട്ട പ്രതലങ്ങളിലേക്ക് മൊബൈല്‍ഫോണ്‍ താഴെ ഇട്ടു നോക്കിയിരുന്നു. പോക്കറ്റില്‍ വെക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന സമയത്താണ് താഴെ വീഴാനുള്ള സാധ്യത ഏറ്റവും കൂടുതല്‍ എന്ന നിഗമനത്തെ അടിസ്ഥാനമാക്കി ആണിത്. 80 ശതമാനം ടെസ്റ്റുകളിലും അഞ്ചടി ഉയരത്തില്‍ നിന്നുവരെ ഉള്ള വീഴ്ചകളെ ഗോറില്ല ഗ്ലാസ് 5 അതിജീവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗോറില്ല ഗ്ലാസ് ഉണ്ടാക്കുന്ന വിധം: ആദ്യം 400 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കിയ ഉരുക്കിയ ഉപ്പിന്റെ ലായനിയിലേക്ക് ഗ്ലാസ് വെയ്ക്കുന്നു. ഈ സമയത്ത് ഗ്ലാസ്സിലുള്ള സോഡിയം അയോണുകളെ മാറ്റി പൊട്ടാസ്യം അയോണുകള്‍ സ്ഥാനം പിടിക്കുന്നു. പൊട്ടാസ്യം അയോണുകള്‍ക്ക് സോഡിയം അയോണുകളെക്കാള്‍ വലിപ്പം കൂടുതല്‍ ആയതിനാല്‍ ഇവ തിങ്ങിഞെരുങ്ങി ഇരുന്ന് ആഘാതങ്ങളെ ചെറുക്കുന്ന ഒരു പാളി സൃഷ്ടിക്കുന്നു.
എന്നാല്‍ 160 വര്‍ഷം പഴക്കമുള്ള കോര്‍ണിംഗ് കമ്പനിക്ക് ഗോറില്ല ഗ്ലാസ് ഒരു സുപ്രധാന കണ്ടുപിടിത്തമേയല്ല. തോമസ് ആല്‍വാ എഡിസന്റെ ബള്‍ബ്, ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ് പാചകോപരണങ്ങള്‍, പരീക്ഷണാത്മക ടെലിവിഷൻ സെറ്റുകളിൽ ഉപയോഗിച്ച കാഥോഡ് റേ ട്യൂബുകൾ എന്നിവയും കോര്‍ണിംഗ് നിര്‍മിച്ചതാണ്.
ഉപഭോക്താക്കള്‍ തങ്ങളുടെ കയ്യില്‍ ഉള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഏറ്റവും കൂടുതല്‍ കാലം ഉപയോഗിച്ചിട്ട് മാത്രം പുതിയ മോഡലുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് കോര്‍ണിംഗ് തങ്ങളുടെ പുതിയ കണ്ടുപിടിത്തവുമായി വരുന്നത്. വളരെ കുറച്ച് നിര്‍മാതാക്കള്‍ മാത്രമേ തങ്ങളുടെ ഫോണ്‍ വാങ്ങാന്‍ സബ്സിഡി നല്‍കുന്നുള്ളൂ. ഇത് മൂലം മിക്കവരും തവണ വ്യവസ്ഥകളില്‍ ആണ് മൊബൈല്‍ഫോണ്‍ വാങ്ങുന്നത്. എങ്കിലും ഗോറില്ല ഗ്ലാസ് 5ന്‍റെ ഈ അവകാശവാദം ചില മൊബൈല്‍ഫോണുകള്‍ക്ക് എങ്കിലും വിപണിയില്‍ മുന്‍തൂക്കം ഉണ്ടാക്കി കൊടുക്കുമെന്നാണ് കമ്പനി വക്താക്കള്‍ വിശ്വസിക്കുന്നത്.
Leave a Comment