X

ഗോവിന്ദ് പന്‍സാരെ: മഹാരാഷ്ട്രയില്‍ നിന്നുള്ള ഭീതിജനകമായ സന്ദേശമാണിത്

രൂപേഷ് കാപ്പി

മാനവികതയില്‍ വിശ്വസിക്കുന്ന മനുഷ്യരെ നിരാശപ്പെടുത്തിക്കൊണ്ട്, വേദനിപ്പിച്ചുകൊണ്ട് ഗോവിന്ദ് പന്‍സാരെ തന്റെ ജീവനുവേണ്ടിയുള്ള അവസാന സമരത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. കൊലയാളികള്‍ വിജയിച്ചിരിക്കുന്നു!

മഹാരാഷ്ട്രയില്‍ നിന്നുള്ള വാര്‍ത്തകള്‍ അസ്വസ്ഥതയും ഭയവും ജനിപ്പിച്ചു തുടങ്ങിയിരിക്കുന്നു; ഗുജറാത്തിലേതെന്ന പോലെ. ബി.ജെ.പി, ശിവസേന, കക്ഷികളുടെ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട അസ്വസ്ഥത മാത്രമല്ല ഇത്. അതിലേറെ ആഴമുള്ളതും ഭയപ്പെടുത്തുന്നതുമായ ചില പ്രവണതകളാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസം കോലാപൂരില്‍ പ്രഭാതസവാരിക്കിടെ വെടിയേറ്റ് ജീവനുവേണ്ടി മല്ലടിച്ച് മരണപ്പെട്ട ഗോവിന്ദ് പന്‍സാരെ ആണ് അവസാനമായി നമുക്ക് ലഭിച്ച സന്ദേശം. സി.പി.ഐ.യുടെ നേതാവും പൊതുപ്രവര്‍ത്തകനും ചിന്തകനുമായിരുന്നു അദ്ദേഹം. എന്താണ് അദ്ദേഹത്തിന്റെ വധത്തെ രാഷ്ട്രീയ പ്രാധാന്യമുള്ളതാക്കി മാറ്റുന്നത്? ഔദ്യോഗിക ഇടതുപക്ഷത്തിന്റെ നേതാവ് എന്നതാണോ? കൊലപാതകങ്ങളോട് പൊതുവിലുള്ള എതിര്‍പ്പാണോ? അല്ല. അവയെക്കാളേറെ പ്രാധാന്യമുള്ള രാഷ്ട്രീയ സന്ദേശമുണ്ട് ഈ കൊലയില്‍. ഏത് നിമിഷവും നമ്മില്‍ ആര്‍ക്കുനേരെയും നീളാവുന്ന തോക്കിന്‍കുഴലിന്റെ ഭീഷണിയുണ്ട് ഈ കൊലയില്‍. ആ ഭീഷണി സമകാലിക ഇന്ത്യയുടെയും, മഹാരാഷ്ട്രയുടെയും ഹിന്ദുത്വ രാഷ്ട്രീയ പശ്ചാത്തലവുമായി ബന്ധപ്പെട്ടതുകൂടിയാണ്.

രണ്ടുവര്‍ഷം മുമ്പാണ് നമുക്ക് മറ്റൊരു മുന്നറിയിപ്പ് മഹാരാഷ്ട്രയില്‍ നിന്ന് ലഭിച്ചത്. അന്ധവിശ്വാസനിര്‍മ്മാര്‍ജ്ജന സമിതിയുടെ നേതാവായ നരേന്ദ്ര ധാബോല്‍ക്കറെ പ്രഭാത സവാരിക്കിടെ വെടിവച്ചുകൊന്നുകൊണ്ടായിരുന്നു ആ മുന്നറിയിപ്പ്. ധാബോല്‍ക്കറും പന്‍സാരെയും സുഹൃത്തുക്കളായിരുന്നു. രണ്ടുപേരുടെയും വധത്തില്‍ സമാനതകള്‍ ഏറെയുണ്ട്‌. 68 വയസുകാരന്‍ ധബോല്‍ക്കറും, 84 വയസുകാരന്‍ പന്‍സാരെയും എന്തുകൊണ്ടാണ് യുവാക്കളായ കൊലയാളികള്‍ക്ക് ഭീഷണിയായി തോന്നിയത്? എന്തുതരം പ്രകോപനമാണ് ഈ രണ്ട് വയോധികരും സൃഷ്ടിച്ചത്? അത് മനസ്സിലാക്കാന്‍ അവരുടെ ചില പ്രവര്‍ത്തനമേഖല അറിയുന്നത് നന്നായിരിക്കും. 

ധബോല്‍ക്കര്‍ ദശകങ്ങളായി ‘അന്ധവിശ്വാസ’ങ്ങള്‍ക്കെതിരെ പോരാട്ടം നയിച്ചുകൊണ്ടിരുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നു. ‘മഹാരാഷ്ട്ര അന്ധവിശ്വാസ നിര്‍മ്മാര്‍ജന സമിതി’ (എം.എ.എന്‍) എന്ന സംഘടനയുടെ സ്ഥാപകനും അദ്ദേഹമായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിരന്തര വിമര്‍ശകനായിരുന്നു. വിശുദ്ധര്‍ക്കും, ആള്‍ദൈവങ്ങള്‍ക്കും കപടസന്ന്യാസിമാര്‍ക്കും എതിരായ നിരന്തര പ്രചാരണങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ദലിത് സംഘടനകളുമായി ചേര്‍ന്ന്, ജാതീയതയ്ക്കും, ജാതീയമായ അതിക്രമങ്ങള്‍ക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായി. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നിയമസഭയില്‍ എത്താറായതോടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.അതുപോലെ തന്നെ പന്‍സാരെയും സാമൂഹിക വിമര്‍ശനങ്ങളിലും, രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പൊതുശ്രദ്ധ നേടിയ നേതാവായിരുന്നു. ശിവാജിയെ കേന്ദ്രമാക്കി ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന മുസ്ലീം വിരുദ്ധ ആശയ പ്രചരണത്തെ ചരിത്രപരമായി ഖണ്ഡിക്കുന്ന ‘ശിവാജി ആരാണ്?’ എന്ന പുസ്തകം മഹാരാഷ്ട്രയില്‍ ഏറെ ജനശ്രദ്ധ നേടിയതാണ്. ശിവാജി ഒരു മുസ്ലീം വിരുദ്ധ രാജാവായിരുന്നില്ല എന്ന് അദ്ദേഹം വാദിക്കുന്നു. ധാബോര്‍ക്കറുമായും അദ്ദേഹത്തിന്റെ സംഘടനയുമായും പന്‍സാരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പൊതുറോഡുകളിലെ ടോള്‍ പിരിവിനെതിരായ സമരത്തിന്റെ മുഖ്യ സംഘാടകനായി പ്രവര്‍ത്തിക്കുകയായിരുന്നു ഇപ്പോള്‍. ഗോഡ്‌സയെ ആദര്‍ശപുരുഷനാക്കി മാറ്റാനുള്ള ഹിന്ദുമഹാസഭയുടെയും ആര്‍.എസ്.എസിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പൊതുനിലപാട് സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം രംഗത്ത് വന്നിരുന്നു. 

വ്യക്തിപരമായ കാരണങ്ങളല്ല, ആശയവും പ്രവര്‍ത്തനവും തന്നെയാണ് കൊലയാളികളെ ഭയപ്പെടുത്തിയിട്ടുണ്ടാവുക എന്ന് നമുക്ക് അനുമാനിക്കേണ്ടിവരും. ധാബോല്‍ക്കറുടെ അതേ അനുഭവം താങ്കളേയും കാത്തിരിക്കുന്നുവെന്ന ഭീഷണി കത്തും അദ്ദേഹത്തിന് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ധാബോല്‍ക്കറുടെ കൊലയാളികള്‍ ആരും ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ കൊലയാളികള്‍ ആരെന്നു പറയാന്‍ നമുക്ക് മുന്നില്‍ കൃത്യമായ തെളിവുകളില്ല. പക്ഷേ പരസ്പര ബന്ധിതമായ ചില രാഷ്ട്രീയ സൂചനകള്‍ നമുക്ക് ചുറ്റിലുമുണ്ട്. അവ നമുക്ക് അവഗണിക്കാനാവില്ല. എന്തൊക്കെയാണ് ആ രാഷ്ട്രീയ സൂചനകള്‍? 

മലേഗാവ്, സംഝോത സ്‌ഫോടനങ്ങളിലൂടെ പുറത്തുവന്ന ഹിന്ദുത്വ ഭീകരതയുടെ സാന്നിദ്ധ്യമാണ് ആദ്യ സന്ദേശം. സ്‌ഫോടനം എന്നു കേള്‍ക്കുമ്പോള്‍ മുസ്ലീം എന്നു വായിക്കാന്‍ പഠിപ്പിച്ച പതിവ് രീതികളെ അത് തെറ്റിച്ചു. മുന്‍വിധിയോടെയും വര്‍ഗ്ഗീയമായും ചിന്തിക്കുന്ന പോലീസ് സേന ആദ്യഘട്ടത്തില്‍ നിരപരാധികളെ ഈ കേസുകളിലും ജയിലിലടച്ചു. ഹേമന്ദ് കര്‍ക്കറെയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണമാണ് ഹിന്ദുത്വ ഭീകരതയുടെ പങ്ക് പുറത്തുകൊണ്ടുവന്നത്. ധബോല്‍ക്കറുടെ വധമാണ് രണ്ടാമത്തെ സൂചന. മൂന്നാമതാകട്ടെ പന്‍സാരെയുടെയും. ഹിന്ദുത്വ ഭീകര പ്രവര്‍ത്തനത്തിന്റെ സാന്നിദ്ധ്യത്തിലേക്കും സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവങ്ങള്‍. കേവലം ഗുണ്ടാ ആക്രമണങ്ങളായി ഇരുവധങ്ങളേയും നമുക്ക് കാണാനാവില്ല. സംഘപരിവാര്‍ വിരുദ്ധ ആശയങ്ങള്‍ ഉത്പാദിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന നെടുംതൂണുകളെത്തന്നെ ഇല്ലാതാക്കിക്കൊണ്ട് മാനവികത പകര്‍ന്നു  നില്‍ക്കുന്ന, ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് അത് അവസാനിപ്പിക്കാനുള്ള മുന്നറിയിപ്പ് നല്‍കുകയാണ് ഈ വധങ്ങള്‍. മാര്‍ക്‌സിസ്റ്റുകാര്‍ക്കോ, ഇടതുപക്ഷക്കാര്‍ക്കോ എതിരെ മാത്രമല്ല, ദലിത്, സ്ത്രീ പക്ഷ ലിബറല്‍ ചിന്തകര്‍ ഉള്‍പ്പെട ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്ന മുഴുവനാളുകള്‍ക്കുമുള്ള സന്ദേശമാണിത്. 

ഗോഡ്‌സെയെ ആദര്‍ശവത്ക്കരിക്കാനുള്ള സമീപകാല ശ്രമങ്ങള്‍, ഗോഡ്‌സയെ കേന്ദ്രീകരിച്ച ഒരു രാഷ്ട്രീയ പദ്ധതി അണിയറയില്‍ തയ്യാറാകുന്നതിന്റെ ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഹിന്ദുത്വരാഷ്ട്രമെന്ന തന്റെ ആശയത്തിന് മുന്നിലെ ഏറ്റവും വലിയ തടസ്സമായി താന്‍ കണ്ട ഗാന്ധിയെ വധിച്ചുകൊണ്ട് ഗോഡ്‌സേ മുന്നോട്ടുപോയി. അതേ ഗോഡ്‌സെയെ കേന്ദ്രീകരിച്ച് ഒരു രാഷ്ട്രീയ പദ്ധതി രൂപപ്പെടാന്‍ ഹിന്ദുരാഷ്ട്ര രൂപീകരണത്തിന് മുന്നിലെ വെല്ലുവിളികളെ ശാരീരികമായി ഉന്മൂലനം ചെയ്യുക എന്ന ആശയത്തെ അവര്‍ രാഷ്ട്രീയ പ്രവര്‍ത്തന പദ്ധതിയാക്കി മാറ്റും. അത് ഗോഡ്‌സെയെക്കാള്‍ അപകടകരമായിരിക്കും. നാടുനീളെ ചെറുതും വലുതുമായ നാവുകളും തൂലികകളും കണ്ടെത്തപ്പെടും, അവയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളുണ്ടാവും. ഫാസിസ്റ്റുവിരുദ്ധ നിലപാടുകളെ പിന്‍പറ്റുന്ന ആരും തോക്കുകള്‍ക്കിരയായി എന്നു വരാം. മുസോളിനിയുടെ കരിങ്കുപ്പായക്കാരെപ്പോലെ രാഷ്ട്രീയ കൊലയായളി സംഘം നമ്മെ തേടിവരും. അത്തരമൊരു അധോലോക രാഷ്ട്രീയ കൊലയാളി സംഘത്തിന്റെ സാന്നിദ്ധ്യം മണക്കുന്നതാണ് ഈ രണ്ട് കൊലപാതകങ്ങളും. ഗാന്ധി വധിക്കപ്പെട്ട കാലത്തേക്കാള്‍ ശക്തവും വ്യാപകവുമായ ജനസമ്മിതി ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയില്‍ നേടിയിരിക്കുന്നു എന്നതാണ് ഇത്തരം സംഘങ്ങള്‍ക്ക് സഹായകമായ സാമൂഹിക പശ്ചാത്തലം. 

ഹിന്ദുത്വ രാഷ്ട്രീയ ചരിത്രത്തെ പഠിക്കുമ്പോള്‍ മഹാരാഷ്ട്രയ്ക്കുള്ള പങ്ക് നമുക്ക് വ്യക്തമാവും. ആര്‍.എസ്.എസ്. പിറന്നത് നാഗ്പൂരിലാണ്. നാഗ്പൂരുകാരനായ ഹെഡ്ഗവാറാണ് അതിന്റെ സ്ഥാപകനേതാവ്. ഗോഡ്‌സെ പൂനെക്കാരനായിരുന്നു. 2009 ലെ ഗോവ സ്‌ഫോടനക്കേസില്‍ പിടിക്കപ്പെട്ടവര്‍ സനാതന്‍ സന്‍സ്ഥ എന്ന സംഘടനയില്‍ പെട്ടവരായിരുന്നു. ധാബോല്‍ക്കര്‍ വധത്തില്‍ അതേ സംഘത്തിന്റെ പങ്കും ആരോപിക്കപ്പെട്ടിട്ടുണ്ടായിരുന്നു. അവരുടെ ആസ്ഥാനവും മഹാരാഷ്ട്ര തന്നെ. ഫെയ്‌സ് ബുക്കില്‍ എഴുതിയതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട യുവാവിന്റെ കൊലയാളികള്‍ ഹിന്ദുരാഷ്ട്ര സേവന എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു. അതും പൂനെ കേന്ദ്രീകരിച്ച സംഘടനയാണ്. അതിലെ കൊലയാളിക്ക് ഹിന്ദുത്വ ശൗര്യ പുരസ്‌കാരം നല്‍കി ഈയിടെ ആദരിക്കുകയുണ്ടായി. കൂടാതെ നിരവധി വര്‍ഗ്ഗീയ കലാപങ്ങളുടെ പാരമ്പര്യവും മുംബൈയും പൂനെയും പേറുന്നുണ്ട്. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തില്‍ അക്രമോത്സുകമായ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വേരുകള്‍ അത്രയും ശക്തമാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു ഹിന്ദുത്വ-കൊലയാളി സേനയുടെ ഉദയം അസാദ്ധ്യമായ ഒന്നല്ല മഹാരാഷ്ട്രയ്ക്ക്. (തീര്‍ച്ചയായും അംബേദ്കര്‍ ഉള്‍പ്പെടെ ശക്തമായ ഇടത്, ലിബറല്‍ ചിന്തകളുടെ സാന്നിദ്ധ്യത്തെ മറന്നുകൊണ്ടല്ല ഇങ്ങനെ വിലയിരുത്തുന്നത്.) ഇന്ത്യന്‍ ഇടത്, ലിബറല്‍ ചിന്തയുടെ തലകളിലേക്ക് നീളുന്ന തോക്കിന്‍കുഴലുകള്‍ മഹാരാഷ്ട്രയില്‍ ഉയര്‍ന്നിരിക്കുന്നു. അത് നാളെ പുതിയ തലകള്‍ തേടി, ഇര തേടി ഇറങ്ങുമോ എന്ന ഭയവിഹ്വലമായ ചിന്ത പന്‍സാരെയുടെയും ധാബോന്‍ക്കറുടേയും വധങ്ങള്‍ ഉയര്‍ത്തുന്നു.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍ )

 

*Views are personal

This post was last modified on February 22, 2015 1:13 pm