X

രാജ്യസഭയുടെ ഭേദഗതികളെ പണബില്ല് കൊണ്ട് മറികടന്ന് കേന്ദ്രസര്‍ക്കാര്‍

ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട നാല് ബില്ലുകളും പണ ബില്ലുകളായാണ് പാസാക്കിയത്.

2017ലെ ഫിനാന്‍സ് ബില്‍ പ്രതിപക്ഷം മുന്നോട്ട് വച്ച അഞ്ച് ഭേദഗതികള്‍ ലോക്‌സഭ തള്ളിക്കൊണ്ടും രാജ്യസഭ അംഗീകരിച്ചും പാസായി. സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയില്‍ ഇത് അപ്രതീക്ഷിതമായിരുന്നില്ല. പണ ബില്ലായത് മൂലം രാജ്യസഭയുടെ നിര്‍ദ്ദേശങ്ങള്‍ ലോക്‌സഭയില്‍ തള്ളിക്കൊണ്ട് സര്‍ക്കാരിന് ബില്‍ പാസാക്കാനായി. കോണ്‍ഗ്രസ്‌നേതാവ് ദിഗ് വിജയ് സിംഗ് മൂന്ന് ഭേദഗതികളും സിപിഎം നേതാവ് സീതാറാം യെച്ചൂരി രണ്ട് ഭേദഗതികളുമാണ് നിര്‍ദ്ദേശിച്ചത്.

നിര്‍ണായക ബില്ലുകള്‍ ഇത്തരത്തില്‍ പണബില്ലായി അവതരിപ്പിച്ച് രാജ്യസഭ നിലപാടിനെ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നയത്തെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. പണബില്ലുകള്‍ ലോക്‌സഭയുടെ അംഗീകാരം നേടിയ ശേഷം രാജ്യസഭയിലേയ്ക്ക് വരുന്നതാണ് കീഴ്‌വഴക്കം. രാജ്യസഭ ബില്‍ തള്ളുകയോ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയോ ചെയ്യുകയാണെങ്കില്‍ അത് അംഗീകരിക്കണോ വേണ്ടയോ എന്ന് അന്തിമതീരുമാനമെടുക്കേണ്ടത് ലോക്‌സഭയാണ്. ഇതുമൂലം സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയുടെ തീരുമാനം സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുള്ള ലോക്‌സഭയ്ക്ക് എളുപ്പത്തില്‍ മറികടക്കാനായി. അതേസമയം ധനബില്ലായാണ് പാസാക്കുന്നതെങ്കില്‍ അതിന് രണ്ട് സഭകളുടേയും അംഗീകാരം വേണം.

ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട നാല് ബില്ലുകളും പണ ബില്ലുകളായാണ് പാസാക്കിയത്. ഇത് ഈ രാജ്യത്തിന്റെ ജനാധിപത്യത്തിനുള്ള ഏറ്റവും വലിയ അടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളിന് കൗണ്‍സിലിന് ഇത്തരം സാഹചര്യത്തില്‍ എന്ത് പ്രസക്തിയാണുള്ളത്?. അഭിമാനമുണ്ടെങ്കില്‍ രാജ്യസഭാംഗങ്ങള്‍ രാജി വയ്ക്കണമെന്നും മൊയ്‌ലി അഭിപ്രായപ്പെട്ടു. സഭാനടപടിക്രമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെടുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് ആരോപിച്ചു. ലോക്‌സഭയില്‍ ഭൂരിപക്ഷമുള്ളത് കൊണ്ട് എന്തുമാകാമെന്ന് വിചാരിക്കരുതെന്നും സൗഗത റോയ് പറഞ്ഞു. കോര്‍പ്പറേറ്റുകളില്‍ നിന്ന് വാങ്ങിയ പണം സംബന്ധിച്ച കണക്കുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തണം എന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളും ഭേദഗതികളും രാജ്യസഭ അംഗീകരിച്ചിരുന്നു.

വായനയ്ക്ക്: https://goo.gl/5nA2Bz

This post was last modified on March 30, 2017 8:04 pm