X

സ്മൃതി ഇറാനിയുടെ സ്കൂള്‍ രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കുന്ന വിവരാവകാശ ഉത്തരവിന് സ്റ്റേ

വിവരാവകാശ അപേക്ഷകന്‍ മുഹമ്മദ് നൗഷാദുദീന് രേഖകള്‍ പരിശോധിക്കാനും രേഖകളുടെ പകര്‍പ്പ് നല്‍കാനും മുഖ്യവിവരാവകാശ കമ്മീഷണര്‍ ജനുവരി 17ന് ഉത്തരവിട്ടിരുന്നു

കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സ്‌കൂള്‍ രേഖള്‍ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന് മുഖ്യവിവരാവകാശ കമ്മീഷണര്‍ സിബിഎസ്ഇയ്ക്ക് നല്‍കിയ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തു. രേഖകള്‍ സ്വകാര്യമാണെന്ന് കാണിച്ച് നേരത്തെ ഇത് പരിശോധിക്കുന്നതിനുള്ള അനുമതി സിബിഎസ്ഇ നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞുകൊണ്ട് വിവരാവകാശ അപേക്ഷകന്‍ മുഹമ്മദ് നൗഷാദുദീന് രേഖകള്‍ പരിശോധിക്കാനും രേഖകളുടെ പകര്‍പ്പ് നല്‍കാനും മുഖ്യവിവരാവകാശ കമ്മീഷണര്‍ ജനുവരി 17ന് ഉത്തരവിട്ടിരുന്നു.

അതേസമയം മുഖ്യവിവാരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ സിബിഎസ്ഇ നല്‍കിയ പരാതിയില്‍ നൗഷാദുദീന് നോട്ടീസയയ്ക്കാന്‍ ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ് ഉത്തരവിട്ടു. കേസ് ഏപ്രില്‍ 27ലേക്ക് മാറ്റിയിട്ടുണ്ട്. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ ഒരു മൂന്നാം കക്ഷിയുടെ രേഖകള്‍ സൂക്ഷിക്കുകയാണെന്നും അതിനാല്‍ ഇറാനിയുടെ സ്‌കൂള്‍ രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാനാവില്ലെന്നുമുള്ള സിബിഎസ്ഇ വാദമായിരുന്നു നേരത്തെ മുഖ്യവിവരാവകാശ കമ്മീഷണര്‍ തള്ളിയത്. സ്മൃതി സുബിന്‍ ഇറാനിയുടെ 1991ലെയും 1993ലെയും സ്‌കൂള്‍ രേഖകള്‍ സൂക്ഷിക്കുന്ന അജ്മിര്‍ സിബിഎസ്ഇക്ക് അവരുടെ റോള്‍ നമ്പര്‍ കൈമാറണമെന്ന് സ്മൃതി ഇറാനിയോടും അവര്‍ പഠിച്ച സ്‌കൂള്‍ എന്ന് അവകാശപ്പെടുന്ന ഡല്‍ഹിയിലെ ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളിനോടും മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു.