X

മൈഗ്രേന്‍ ചികിത്സാരംഗത്തെ പുതിയ പ്രതീക്ഷകള്‍

മൈഗ്രേന്‍ ചികിത്സ എങ്ങനെ ഫലപ്രദമായി നടത്താമെന്ന ആശങ്കങ്ങള്‍ക്ക് പരിഹാരമായിരിക്കുകയാണിപ്പോള്‍

പ്രമേഹം, അപസ്മാരം, ആസ്മ തുടങ്ങിയ പ്രശ്നങ്ങളേക്കാളും ലോകമെമ്പാടുമുള്ള മനുഷ്യരില്‍ 15% കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണ് മൈഗ്രേന്‍ അഥവ കൊടിഞ്ഞി. സംഗതി ‘ലോകവ്യാപക’മാണെങ്കിലും മികച്ച ചികിത്സാ വിധികള്‍ മൈഗ്രേന്‍ പൂര്‍ണമായും ഭേദമാക്കുന്നതിന് വികസിപ്പിച്ചിട്ടില്ലെന്ന് തന്നെ പറയാം. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തലവേദന പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായി വിപണിയിലെത്തിയ ട്രിപ്റ്റെന്‍സ് ആണ് ഒടുവിലത്തെ മരുന്ന്.

തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോച വികാസങ്ങള്‍ മൂലം ഞരമ്പുകളിലനുഭവപ്പെടുന്ന വേദനയാണ് മൈഗ്രേന്‍. പലവിധ കാരണങ്ങളാല്‍ രക്തക്കുഴലുകളില്‍ സങ്കോച വികാസങ്ങള്‍ അനുഭവപ്പെടാം. ട്രിപ്റ്റെന്‍സ് വികസിപ്പിച്ചത് ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായിരുന്നു. സമ്മിശ്ര പ്രതികരണമാണ് മരുന്നിന് ലഭ്യമായത്. മൈഗ്രേനിന് പരിഹാരമായല്ല; മൈഗ്രേനിലേക്കെത്തുന്ന പ്രശ്നങ്ങള്‍ കുറയ്ക്കുക എന്നതായിരുന്നു ട്രിപ്റ്റെന്‍സ് ചെയ്തത്. മൈഗ്രേനിനെ തുരത്താന്‍ വാല്‍പ്രൊയേറ്റ്, ടോപ്പിരമേറ്റ് എന്നീ മരുന്നുകള്‍ അവതരിപ്പിച്ചെങ്കിലും വ്യക്തമായ ഗുണങ്ങള്‍ ഇല്ലാത്തതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നതും ഇവയുടെ ഉപയോഗത്തില്‍ നിന്ന് രോഗികളെ മാറ്റിനിര്‍ത്തി.

മൈഗ്രേന്‍ ചികിത്സ എങ്ങനെ ഫലപ്രദമായി നടത്താമെന്ന ആശങ്കങ്ങള്‍ക്ക് പരിഹാരമായിരിക്കുകയാണിപ്പോള്‍. കാല്‍സിറ്റോണിന്‍ ജെന്‍- റിലേറ്റഡ് പെപ്റ്റൈഡ് ഇന്‍ഹിബിറ്റേഴ്സ് ആണ് വികസിപ്പിച്ചെടുത്ത പുതിയ മരുന്ന്. സി.ജി.ആര്‍.പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കാല്‍സിറ്റോണിന്‍ ജെന്‍- റിലേറ്റഡ് പെപ്റ്റൈഡ് തലച്ചോറിലെ നാഡീതന്തുക്കള്‍ ഉത്പാദിപ്പിക്കുന്ന രാസപദാര്‍ത്ഥമാണ്. മൈഗ്രേന്‍ അനുഭവപ്പെടുന്ന സമയത്ത്, സി.ജി.ആര്‍.പിയുടെ തോത് വര്‍ധിക്കുകയും ട്രിപ്റ്റെന്‍സ് ഉപയോഗിക്കുമ്പോള്‍ ഇത് പൂര്‍വ്വസ്ഥിതിയിലെത്തുകയും ചെയ്യും.

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ എറേന്യുമാബ് എന്ന, ഈ ശ്രേണിയിലെ മരുന്നിന്റെ ഗുണത്തെക്കുറിച്ചാണ് പരാമര്‍ശം. എസ്.ജി.ആര്‍.പി തോത് ക്രമപ്പെടുത്തി, മൈഗ്രേന്‍ ആക്രമണത്തെ 60% വരെ നിയന്ത്രിക്കാന്‍ പാര്‍ശ്വഫലങ്ങളില്ലാത്ത ഈ മരുന്നിന് ശേഷിയുണ്ടത്രേ.

നിരവധി മരുന്നുകമ്പനികളാണ് ഈ മരുന്ന് അലമാരയ്ക്കുള്ളിലാക്കാന്‍ മത്സരിക്കുന്നത്. ഒരു ജീവിതകാലം മുഴുവന്‍ മൈഗ്രേന്‍ പ്രശ്നങ്ങള്‍ അലട്ടിയവര്‍ക്കും പുതിയ കണ്ടുപിടിത്തത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്. പക്ഷെ,വില കേട്ട് ഞെട്ടുന്നവരും കുറവല്ല. ചികിത്സാരീതി എത്ര ചെലവേറിയതാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 5,41,190 രൂപ(8500 യു.എസ് ഡോളര്‍)യാണ് കണക്കാക്കുന്നത്. കുറഞ്ഞ വിലയില്‍ ആവശ്യക്കാരിലേക്ക് മരുന്നെത്തിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നെട്ടോട്ടമോടുമെന്ന കാര്യത്തില്‍ സംശയമില്ല.