X

പാരിസ്ഥിതിക മലിനീകരണം നേരത്തെയുള്ള ആര്‍ത്തവ വിരാമത്തിന് കാരണമാവുമെന്ന് പഠനം

സ്ത്രീയുടെ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനവുമായി വായു മലിനീകരണത്തിന് ബന്ധമുണ്ടെന്ന് ഗവേഷകര്‍

സ്ത്രീയുടെ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനവുമായി വായു മലിനീകരണത്തിന് ബന്ധമുണ്ടെന്ന് ഗവേഷകര്‍. സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ പാരിസ്ഥിതിക ഘടകങ്ങള്‍ ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രത്യുത്പാദന ശേഷിയെ മലിനീകരണം ഏതുവിധത്തിലാണ് സ്വാധീനിക്കുന്നതെന്ന് പഠനം പ്രത്യേകമായി പരിശോധിച്ചിട്ടില്ല.

എന്നിരുന്നാലും, അത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന സ്ത്രീകളില്‍ പ്രത്യുത്പാദന കാലയളവ് വളരെ കുറവായിരിക്കുമെന്നും നേരത്തേ ആര്‍ത്തവവിരാമമായെക്കാം എന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ‘നമ്മുടെ ജീവിതത്തിന്റെ പാരിസ്ഥിതിക വശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ ആന്തരിക പരിസ്ഥിതികളെയും ബാഹ്യ പരിസ്ഥിതികളെയും കുറിച്ച് നാം ബോധവാന്മാരാവണം’ എന്ന് പ്രധാന ഗവേഷകനായ ഇറ്റലിയിലെ മൊഡെന സര്‍വകലാശാലയിലെ അന്റോണിയോ ലാ മാര്‍ക്ക പറഞ്ഞു.

എ.എം.എച്ച് എന്ന ഹോര്‍മോണിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് അവര്‍ പഠനം നടത്തിയത്. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് യൂറോപ്യന്‍ സൊസൈറ്റി ഓഫ് ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ ആന്‍ഡ് എംബ്രിയോളജിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ചു. അണ്ഡാശയത്തിലെ കോശങ്ങളാണ് എ.എം.എച്ച് പുറത്തുവിടുന്നത്. അണ്ഡാശയത്തിന് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന മുട്ടകളുടെ എണ്ണത്തെ സംബന്ധിച്ച ധാരണ നല്‍കുന്നത് ഈ ഹോര്‍മോണാണ്. അതിന്റെ അളവ് പലസ്ത്രീകളിലും വ്യത്യസ്തമായിരിക്കും. ജനിതകശാസ്ത്രം, പ്രായം, പുകവലി എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ അതിനെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ പ്രത്യുല്പാദന ശേഷിയില്‍ അതിന് എത്രത്തോളം സ്വാധീനമുണ്ടെന്നത് തര്‍ക്ക വിഷയമാണ്.

എന്നിരുന്നാലും, ഉയര്‍ന്ന അന്തരീക്ഷ മലിനീകരണവും സ്ത്രീകളിലെ പ്രത്യുല്‍പാദനക്ഷമതയും തമ്മില്‍ ബന്ധമുണ്ടെന്ന് മുന്‍ പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നുവെന്ന് ലാ മാര്‍ക്ക പറയുന്നു. കൂടുതല്‍ പഠനത്തിനായി അവര്‍ 1,300 സ്ത്രീകളിലെ എഎംഎച്ചി-ന്റെ അളവ് പരിശോധിച്ചു. 2007-ന്റെ തുടക്കത്തിനും 2017-ന്റെ അവസാനത്തിനും ഇടയില്‍ മോഡെനയില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. പങ്കെടുക്കുന്നവരുടെ വീട്ടുവിലാസങ്ങളില്‍ നിന്ന് അവരുടെ പ്രദേശത്തെ നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ അളവും മറ്റു ചെറു കണികകളുടെ അളവും ദിനംപ്രതി പരിശോധിച്ചു.

25 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ പ്രായം കൂടുംതോറുംരക്തത്തിലെ എഎംഎച്ച് അളവ് കുറഞ്ഞു വരുന്നതായി അവര്‍ കണ്ടെത്തി. ഉയര്‍ന്ന അളവില്‍ വായു മലിനീകരണമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകളിലും എഎംഎച്ച് അളവ് കുറവാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. എഎംഎച്ച് നിലയും ഗര്‍ഭിണിയാകാനുള്ള സാധ്യതയും തമ്മിലുള്ള ബന്ധം വ്യക്തമല്ലെങ്കിലും സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തില്‍ പാരിസ്ഥിതിക ഘടകങ്ങള്‍ ഒരു പങ്കുവഹിക്കുന്നുണ്ടെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നതായി ലാ മാര്‍ക്ക പറഞ്ഞു.

Read More : നിപ ബാധിച്ച യുവാവ് പൂര്‍ണ ആരോഗ്യവാൻ, ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡിന്റെ അനുമതി തേടി