X

കാര്‍ബോഹൈഡ്രേറ്റ് കുറച്ചാല്‍ ഹൃദ്രോഗത്തെ പ്രതിരോധിക്കാം

പാരമ്പര്യ രോഗസാധ്യത ഉള്ളവര്‍ ഹൃദ്രോഗം തടയാന്‍ കൊഴുപ്പും ഉപ്പും കുറഞ്ഞ ആഹാരം കഴിക്കണം. കാര്‍ബോഹൈഡ്രേറ്റും അമിതമാകാന്‍ പാടില്ല.

ഹ്യദയാഘാതം മൂലമുള്ള മരണങ്ങള്‍ ഇപ്പോള്‍ ഏറിവരികയാണ്. പണ്ട് പിന്നിട്ടവരെയാണ് ഇതു കൂടുതല്‍ ബാധിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ യുവാക്കളെയും ഇത് കിഴടക്കാന്‍ തുടങ്ങി. അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പുകവലി, വ്യായാമമില്ലായ്മ, കൊഴുപ്പും ഉപ്പും കൂടിയ ഭക്ഷണരീതി, മനഃസംഘര്‍ഷം, ഉയര്‍ന്ന ബിപി, പ്രമേഹം എന്നിവയൊക്കെ ഹൃദ്രോഗത്തിലേക്കു വഴിതെളിക്കുന്ന ഘടകങ്ങളാണ്. ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നതില്‍ ഭക്ഷണക്രമീകരണത്തിനു മുഖ്യപങ്കുണ്ട്.

പാരമ്പര്യ രോഗസാധ്യത ഉള്ളവര്‍ ഹൃദ്രോഗം തടയാന്‍ കൊഴുപ്പും ഉപ്പും കുറഞ്ഞ ആഹാരം കഴിക്കണം. കാര്‍ബോഹൈഡ്രേറ്റും അമിതമാകാന്‍ പാടില്ല. ദിവസവും വേണ്ട ഊര്‍ജ്ജത്തിന്റെ 50-55 ശതമാനം കാര്‍ബോഹൈഡ്രേറ്റേ കഴിക്കാവൂ. സംസ്‌കരിച്ച ധാന്യങ്ങളുടെ ഉപയോഗം കുറയ്ക്കണം. തൊലി കളയാത്ത ഗോതമ്പും തവിടു നീക്കാത്ത അരിയും തുടങ്ങി മുഴുധാന്യങ്ങളാണു കഴിക്കേണ്ടത്. മൈദ സംസ്‌കരിച്ച ഗോതമ്പ് ആയതിനാല്‍ അതിന്റെ ഉപയോഗം കുറയ്ക്കണം.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. പ്രത്യേകിച്ച് ഡയറ്റ് ഇല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുട്ടയുടെ മഞ്ഞ ഉള്‍പ്പടെ കഴിക്കുന്നതില്‍ അപകടമില്ല. പച്ചക്കറികളും പഴങ്ങളും കഴിക്കാത്തത് ഹൃദ്രോഗത്തിന്റെ ഒരു കാരണമാണ്. ഏകദേശം 300 ഗ്രാം പച്ചക്കറികളും 200 ഗ്രാം പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പയര്‍- പരിപ്പ് വര്‍ഗങ്ങളും അണ്ടിപ്പരിപ്പും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക വഴി പ്രോട്ടീന്‍ ലഭ്യത ഉറപ്പാക്കാം. ഇത് ധാരളം നാരുകളും ശരീരത്തിന് ലഭിക്കും.