‘കലോറീസ് ഇൻ കലോറീസ് ഔട്ട്’ അഥവാ CICO എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആഹാരരീതി മുതൽ വാട്ടർ ഫാസ്റ്റി(water fast)ൽ എത്തിനിൽക്കുന്നു 2018ന്റെ സ്വന്തം ഡയറ്റുകൾ. ദിവസം മുഴുവൻ വെള്ളം കുടിച്ച് നീക്കുന്ന വാട്ടർ ഫാസ്റ്റ് കൂട്ടത്തിലെ വിചിത്രമായ ഡയറ്റായി. പ്രശസ്തമായ പാലിയോ, മെഡിറ്ററേനിയൻ ഡയറ്റ് ചാർട്ടുകൾ ഒന്നാം സ്‌ഥാനം നിലനിർത്തി. 2018ൽ തരംഗമായ ഡയറ്റുകൾ ഇനി വായിക്കാം…
1. പാലിയോ ഡയറ്റ് (Paleo diet)
പാലിയോലിത്തിക് അഥവ പാലിയോ ഡയറ്റ് പേരുസൂചിപ്പിക്കും പോലെ ‘പാലിയോലിത്തിക് യുഗ’ത്തിലെ ആഹാരരീതിയാണ്. ഉദ്ദേശം 2.5 മില്യൺ മുതൽ 10, 000 വർഷങ്ങൾ മുമ്പ് വരെ. ആധുനിക ഭക്ഷണരീതികൾ ശരീരത്തിന് ദോഷം ചെയ്യുന്നു എന്ന വിലയിരുത്തലാണ് പാലിയോ ഡയറ്റിലേക്ക് സമൂഹത്തെ നയിച്ചത്. കൃഷിചെയ്ത് എടുക്കുന്ന ആഹാരസാധനങ്ങൾ മാത്രമാണ് ഈ ഡയറ്റ് ചാർട്ടിൽ ഇടം നേടിയത്. പാലുൽപ്പന്നങ്ങൾ, പഞ്ചസാര, മദ്യം തുടങ്ങി ഉപ്പ് വരെയുള്ള വസ്തുക്കൾ ഈ ചാർട്ടിൽ അനുവദനീയമല്ല.
മാംസം, മത്സ്യം, പഴം, പച്ചക്കറി, നട്ട്സ് ഉൾപ്പെടെ പാലിയോലിത്തിക് യുഗത്തിൽ വേട്ടയാടിയും മറ്റും ശേഖരിച്ചിരുന്ന ആഹാരമാണ് ഈ ഡയറ്റിൽ തുടരുക.
2. CICO ഡയറ്റ്
CICO ഡയറ്റിൽ നിങ്ങൾക്ക് ബിരിയാണി കഴിക്കാം. സമോസയും പിസയും ചീസ് കേക്കും ഓറിയോയും എന്നുവേണ്ട ഇഷ്ടമുള്ളതെന്തും കഴിക്കാം! അത്ഭുതം തോന്നുന്നുണ്ടോ? ഈ ഡയറ്റിന്റെ പിന്നിലെ ആശയം ഇഷ്ടമുള്ളതെന്തും കഴിക്കുക എന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം, എന്തും മിതമായ രീതിയിൽ എന്നത് മാത്രമാണ്. കഴിക്കുന്ന കലോറിയിലല്ല, അത് ശരീരത്തിൽ നിന്ന് ഒഴിവാക്കുന്നതിലാണ് കാര്യമെന്നത് ഈ ഡയറ്റ് ചാർട്ടിന്റെ തിയറിയാണ്. അതിനാൽ ന്യുട്രീഷനിസ്റ്റുകൾക്ക് പൊതുവെ ഈ ഡയറ്റിനോട് ഇഷ്ടക്കുറവാണ്.
3. മാക്രോബയോട്ടിക്സ് റെജീം
1930കളിൽ ജോർജ് ഒസാവാ (George Ohsawa) പ്രസിദ്ധമാക്കിയതാണ് ഈ ഡയറ്റ്. ജീവിതശൈലിയെ പോലും പോസിറ്റീവായി ബാധിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഓർഗാനിക്കും കൺവെട്ടത്ത് വളരുന്നതുമായ ഭക്ഷണ വസ്തുക്കൾ മാത്രമാണ് ഈ ശൈലിയിൽ ഇടം പിടിക്കുക. പഴം, പച്ചക്കറി, ധാന്യങ്ങൾ തുടങ്ങിയവ ഉദാഹരണം. ചെറിയ തോതിൽ മത്സ്യവും ഉൾപ്പെടുത്തും. പച്ചക്കറിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് ഉത്തമമാണ് ഈ ഡയറ്റ്. വിശക്കുമ്പോൾ മാത്രം ആഹാരം, നന്നായി ചവച്ചരച്ച് കഴിക്കുക, ശുദ്ധമായ വെള്ളം മാത്രം കുടിക്കുക, കാപ്പി, മദ്യം എന്നിവ ഒഴിവാക്കുക തുടങ്ങി ജീവിതശൈലിയിലും ഈ ഡയറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഉറങ്ങുന്നതിന് 2-3മണിക്കൂർ മുമ്പ് ആഹാരം കഴിക്കണം എന്നതും നിർബന്ധമാണ്. പ്രകൃതിദത്തമായ ഉത്പന്നങ്ങൾ ചർമ്മ സംരക്ഷണത്തിനും മുടി സംരക്ഷണതിനും ഉപയോഗിക്കുക, വ്യായാമം കൃത്യമാക്കുക തുടങ്ങിയവയും പ്രത്യേകതയാണ്.
4. റോ ഫുഡ് ഡയറ്റ്
സാലഡും പഴങ്ങളും മാത്രമല്ല റോ ഫുഡ് ഡയറ്റ്. വേവിക്കാത്തതും കൃത്രിമ പദാർഥങ്ങൾ ചേർക്കാത്തതുമായ ആഹാരങ്ങൾ ഈ ചാർട്ടിന്റെ ഭാഗമാകും. കഴിക്കുന്ന ആഹാരത്തിന്റെ 75% എങ്കിലും വേവിക്കാത്തതായിരിക്കണം എന്നതാണ് ഈ ഡയറ്റിന്റെ രീതി. പഴങ്ങൾ ധാരാളമായി ഉൾപ്പെടുന്ന ഡയറ്റാണിത്. വേവിക്കാത്ത മുട്ട, പാൽ ഉത്പന്നങ്ങൾ വേണമെങ്കിൽ റോ മീറ്റ് എന്നിവയും ഉപയോഗിക്കാം. റോ നട്ട്സ്, ഡ്രൈ ഫ്രൂട്ട്, ഒലിവ് ഓയിൽ എന്നിവയും ഉൾപ്പെടുത്താം.
5. വാട്ടർ ഫാസ്റ്റിംഗ്
അനാരോഗ്യം വരുത്തിവെക്കുന്ന ഡയറ്റ് എന്ന വിശേഷണം വാട്ടർ ഫാസ്റ്റിംഗിനുണ്ട്. നുട്രീഷനിസ്റ്റുകൾ ഒഴിവാക്കാൻ നിർദേശിക്കുന്ന ഡയറ്റാണിത്. അതേസമയം യൂട്യുബിലും ഇൻസ്റ്റഗ്രാമിലും ഏറെ പ്രചാരം നേടിയിട്ടുമുണ്ട്. ഭാരം കുറയാനും, തെളിഞ്ഞ ചർമ്മം ലഭിക്കാനും മികച്ച ഡയറ്റ് ചാർട്ട് എന്നതാണ് വിശേഷണം. ഖരരൂപത്തിൽ ഒന്നും കഴിക്കാതെ വെള്ളം മാത്രം കുടിക്കുന്നതാണ് രീതി. ശീലിക്കാൻ ആഗ്രഹിക്കുന്നവർ വിദഗ്ധോപദേശം തേടുന്നത് നന്നായിരിക്കും