X

ഹോമിയോ ചികൽസ കൊണ്ട് പ്രത്യേകിച്ച് ഗുണമില്ല, രോഗികൾക്കുള്ള ധന സഹായം ഫ്രാൻസ് നിർത്തുന്നു

ഫ്രഞ്ച് സാമൂഹ്യ സുരക്ഷ മിഷന്റെ ഭാഗമായി നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന 30% ധനസഹായം 2020-ൽ 15% ആയി കുറച്ച് 2021 ആകുമ്പോഴേക്കും പൂർണ്ണതോതിൽ നിർത്തലാക്കാനാണ് ശ്രമം

2021 മുതൽ ഹോമിയോ ചികിത്സയ്ക്കായി രോഗികൾക്ക് ധന സഹായം നൽകുന്നത് നിർത്തുമെന്ന് ഫ്രഞ്ച് സർക്കാർ പ്രഖ്യാപിച്ചു. ഹോമിയോ മരുന്നുകൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലെന്ന് ഒരു പ്രധാന ദേശീയ പഠനം നിഗമനത്തിലെത്തിയതാണ് കാരണം. ദേശീയ ആരോഗ്യ അതോറിറ്റി ഹോമിയോപ്പതിക്കെതിരെ നിലപാടെടുത്തതിനെ തുടർന്ന് ഡോക്ടർ കൂടിയായ ആരോഗ്യമന്ത്രി അഗ്നസ് ബുസിനാണ് തീരുമാനം പ്രഖ്യാപിച്ചത്.

ഫ്രഞ്ച് സാമൂഹ്യ സുരക്ഷ മിഷന്റെ ഭാഗമായി നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന 30% ധനസഹായം 2020-ൽ 15% ആയി കുറച്ച് 2021 ആകുമ്പോഴേക്കും പൂർണ്ണതോതിൽ നിർത്തലാക്കാനാണ് ശ്രമിക്കുന്നതെന്ന് ബുസിന്‍ പറഞ്ഞു. ഫ്രാൻസിലെ പ്രധാനപ്പെട്ട ഡോക്ടർമാരുടെ കൂട്ടായ്മ സർവകലാശാലകളിൽഹോമിയോപ്പതി പഠിപ്പിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഫ്രാൻസിന്റെ നാഷണൽ അതോറിറ്റി ഫോർ ഹെൽത്ത് (HAS) ആണ് ഹോമിയോ മരുന്നുകൾക്ക് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്നു കണ്ടെത്തിയത്. ‘ചികിത്സാചെലവ് തിരിച്ചുകൊടുക്കാൻ മാത്രം ഫലപ്രാപ്തിയൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല’ എന്നാണ് പഠന റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

ജർമനിയും സമാനമായ തീരുമാനം എടുത്തിരുന്നു. അവിടെ 7,000 ഹോമിയോ ഡോക്ടർമാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹോമിയോ ചികത്സക്ക് വരുന്ന ചിലവ് തിരികെ നൽകുന്നത് നിരോധിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരണമെന്നാണ് ജർമ്മന്‍ സഖ്യ സർക്കാറിന്റെ എം.പിയായ കാൾ ലോട്ടർബാക്ക് ആവശ്യപ്പെടുന്നത്. ബ്രിട്ടനിൽ, ഹോമിയോ പരിചരണത്തിനുള്ള ധനസഹായം നിർത്താൻ ദേശീയ ആരോഗ്യ സേവന മന്ത്രാലയം 2017-ൽ തീരുമാനിച്ചിരുന്നു. മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ സ്വീഡൻ, ബെൽജിയം, ഓസ്ട്രിയ എന്നിവിടങ്ങളിലെ പൊതുജനാരോഗ്യ സംവിധാനങ്ങളും ഈ ചികിത്സാ രീതിയെ പിന്തുണക്കുന്നില്ല.

ലോകത്തിലെ ഏറ്റവുംവലിയ ഹോമിയോ മരുന്ന് നിർമ്മാതാക്കളായ, ഫ്രാൻസിൽ നിന്നു തന്നെയുള്ള കമ്പനിയായ, ബോയ്‌റോൺ ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോനുമായി അടിയന്തിര കൂടിക്കാഴ്ച നടത്താൻ അവസരം ചോദിച്ച അവര്‍ ‘തീരുമാനത്തിനെതിരെ പോരാടാന്‍ അവശ്യമായതെല്ലാം ചെയ്യുമെന്നും’ പറഞ്ഞു.

 

 

This post was last modified on August 3, 2019 12:02 pm