X

ജനിതക തകരാര്‍ മൂലമുണ്ടാകുന്ന അന്ധതയ്ക്ക് ജീൻ തെറാപ്പി; ആദ്യ ചികിത്സാ പരീക്ഷണം വിജയം

കാഴ്ച നഷ്ടപ്പെട്ട് തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ജീൻ തെറാപ്പിയിലൂടെ കാഴ്ച വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഒഫ്റ്റൽമോളജിയിൽ തന്നെ ഒരു പുത്തൻ വഴിത്തിരിവായിരിക്കുമെന്നും സമീപഭാവിയിൽ തന്നെ ചികിത്സ സാധാരണമാകുമെന്നും പ്രതീക്ഷിക്കുന്നതായി പ്രൊഫസർ റോബർട്ട് മക്‌ലാറൻ പറയുന്നു.

ഒട്ടുമിക്ക ആളുകളെയും അന്ധതയിലേക്ക് നയിക്കുന്ന ഏജ് റിലേറ്റഡ് മാക്യുലാർ ഡീജെനെറേഷൻ ( എഎംഡി) എന്ന അവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള ആദ്യ ജീൻ തെറാപ്പി പരീക്ഷണം വിജയകരമായി പൂർത്തിയായി. ജീൻ തെറാപ്പി പരീക്ഷണത്തിനായി തിരഞ്ഞെടുത്ത യുകെയിലെ പത്ത് രോഗികളിൽ 80 കാരിയായ  ജാനറ്റ് ഓസ്ബോൺ എന്ന സ്ത്രീയിലാണ് ആദ്യം പരീക്ഷിച്ചത്. പാശ്ചാത്യ രാജ്യങ്ങളിലെ അന്ധതയുടെ വളരെ സാധാരണമായ ജനിതക കാരണമായ എഎംഡി എന്ന അവസ്ഥയെ ജീൻ തെറാപ്പി മൂലം പരിഹരിക്കാനാകുമോ എന്ന നീണ്ട നാളത്തെ അന്വേഷങ്ങൾക്കൊടുവിലാണ് ചികിത്സ നടന്നത്. ഓക്സ്ഫോർഡ് ഐ ഹോസ്പിറ്റലിൽ ഒഫ്താൽമോളജി പ്രോഫസർ റോബർട്ട് മക്‌ലാറൻറെ നേതൃത്വത്തിലാണ് ചികിത്സ നടന്നത്.

പ്രായമേറുന്നതിനനുസരിച്ച് റെറ്റിനയിലെ കോശങ്ങൾ നശിക്കുന്നത് തടയാനായി ഒരു സിന്തറ്റിക് ജീനിനെ പുതിയതായി ജാനറ്റിന്റെ കണ്ണിലേക്ക് പ്രവേശിപ്പിച്ചായിരുന്നു ചികിത്സ നടത്തിയത്. യുകെയിൽ ഏകദേശം 600,000  പേരും എ എം ഡി ബാധിച്ചവരാണ്. അവരുടെ കാഴ്ചശക്തി പതിയെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ നിർണ്ണായക ചികിത്സ പരീക്ഷണം നടത്തിയത്. “എന്റെ ഇടതു കണ്ണിന് മങ്ങൽ അനുഭവപ്പെട്ടിരുന്നതിനാൽ പെട്ടെന്ന് മുഖങ്ങൾ ഒന്നും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. അവസ്ഥ കൂടുതൽ മോശമാകുന്നതിനു മുൻപ് തന്നെ ഇത് പരിഹരിക്കാനായാൽ ഈ ചികിത്സ വളരെ അത്ഭുതകരമായിരിക്കും.” ചികിത്സ കഴിഞ്ഞു പുറത്തിറങ്ങിയ ജാനറ്റ് ഓസ്ബോൺ പറയുന്നു.

തെറാപ്പി പരീക്ഷണത്തിനായി എത്തിയ ജാനറ്റ് ഉൾപ്പടെയുള്ള പത്ത് പേർക്കും ഡ്രൈ എഎംഡി എന്ന അവസ്ഥയാണുണ്ടായിരുന്നത്. ഇവർക്ക് പ്രായം കൂടുന്നതിനനുസരിച്ച് പതുക്കെ കാഴ്ച നഷ്ടമാകും. വർഷങ്ങൾക്കുശേഷം ചിലപ്പോൾ കാഴ്ച പൂർണ്ണമായി തന്നെ നഷ്ടമായേക്കും. വെറ്റ് എഎംഡി എന്ന അവസ്ഥയിലാണെങ്കിൽ പെട്ടെന്നാകും കാഴ്ച നഷ്ടമാകുന്നത്. എങ്കിലും ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാനായാൽ ഈ അവസ്ഥ പൂർണ്ണമായും മാറ്റിയെടുക്കാനാകും.

കണ്ണിന്റെ റെറ്റിനയിൽ സമന്വിത കാഴ്ചയ്ക്ക് സഹായിക്കുന്ന പ്രധാന ഭാഗമാണ് മക്യൂല. പ്രായമാകുന്നതോടെ ഇതിനു കേടു സംഭവിക്കുകയും റെറ്റിന കോശങ്ങൾ നശിക്കുകയും ചെയ്യുന്നു. ഇതാണ് അന്ധതയ്ക്കും കാഴ്ച മങ്ങുന്നതിനും കാരണമാകുന്നത്. കാഴ്ച നഷ്ടപ്പെട്ട് തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ജീൻ തെറാപ്പിയിലൂടെ കാഴ്ച വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഒഫ്തൽമോളജിയിൽ തന്നെ ഒരു പുത്തൻ വഴിത്തിരിവായിരിക്കുമെന്നും സമീപഭാവിയിൽ തന്നെ ചികിത്സ സാധാരണമാകുമെന്നും പ്രതീക്ഷിക്കുന്നതായി പ്രൊഫസർ റോബർട്ട് മക്‌ലാറൻ പറയുന്നു.

This post was last modified on May 12, 2019 12:21 pm