X

ആറുമാസം നടക്കാൻ തയ്യാറാണോ? ഇത്തവണ ഗുണം തലച്ചോറിനാണ്

18 മാസം നീണ്ട പഠനവും ഡയറ്റില്‍ കുറച്ചുകൂടി മാറ്റവും വരുത്തിയാല്‍ ഓര്‍മശേഷിയും ഉണരും

തിരിച്ചറിയല്‍ ശേഷി അല്ലെങ്കില്‍ ധാരണാശക്തി കുറഞ്ഞുപോകുന്നതായി തോന്നുന്നുണ്ടോ? പ്രായമേറുന്തോറും തലച്ചോര്‍ പിന്നോട്ട് വലിയുന്നത് അനുഭവിച്ചറിയുന്നുണ്ടോ? ആഴ്ചയില്‍ മൂന്ന് ദിവസത്തെ സൈക്ലിംഗ് അല്ലെങ്കില്‍ നടത്തിലൂടെ ഇതിന് പരിഹാരമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഹൃദയത്തിന് അനുയോജ്യമായ ഡയറ്റ് ശീലിക്കുക, നടക്കുക, സൈക്കിള്‍ ചവിട്ടുക. പ്രായം അലട്ടാത്ത ഒരു തലച്ചോറായിരിക്കും കൈവരുന്നതെന്ന് ന്യൂറോളജി മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു.

‘കാര്‍ഡിയോവാസ്‌കുലാര്‍ പ്രവര്‍ത്തനങ്ങള്‍ ക്രമമാകുന്നതാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള ഏക പ്രതിവിധി. തലച്ചോറിന്റെ ആരോഗ്യം കൂടുന്നതിന് അനുസരിച്ച് ഹൃദയാരോഗ്യം കൂടുമെന്നും’ ലേഖനം പ്രസിദ്ധീകരിച്ച ജെയിംസ് ബ്ലൂമെന്തല്‍ (James Blumenthal) പറയുന്നു.

ഡയറ്റിനും വ്യായാമത്തിനും മുകളിലായി ഒന്നുമില്ല

‘വിഷാദത്തിനും ഹൃദ്രോഗത്തിനും തടയിടാന്‍ ഡയറ്റും വ്യായാമവും’ ഈ ആശയം ആദ്യമായി പഠനവിധേയമാകുകയായിരുന്നു എന്ന് ജെയിംസ് ബ്ലൂമെന്തല്‍ പറയുന്നു.ഹൃദ്രോഗസാധ്യതയുള്ള 160 പേരില്‍ നടത്തിയ പഠനത്തില്‍ ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനവും നിരീക്ഷിച്ചു. നാല് ഗ്രൂപ്പുകളായി തിരിച്ച് ആറുമാസം നീണ്ട പഠനമാണ് നടന്നത്. ഹൈപ്പര്‌ടെന്ഷന്‍ ഒഴിവാക്കാനായി DASH ഡയറ്റ് (ഉപ്പും കൊഴുപ്പും ഒഴിവാക്കി) ആണ് ആദ്യത്തെ ഗ്രൂപ്പ് ശീലിച്ചത്. ഡയറ്റിന് പ്രാധാന്യം നല്‍കാതെ വ്യായാമത്തില്‍ ശ്രദ്ധ പതിപ്പിച്ച് രണ്ടാം ഗ്രൂപ്പും രണ്ടും പരിശീലിച്ച് മൂന്നാം ഗ്രൂപ്പും ഈ പഠനത്തിന്റെ ഭാഗമായി. ശീലിച്ച രീതികളില്‍ മാറ്റം വരുത്താതെ ദിവസവും അരമണിക്കൂര്‍ വിദഗ്ധ ക്ലാസുകള്‍ (ഹൃദ്രോഗം വരാതിരിക്കാന്‍) കേള്‍ക്കുന്നതായിരുന്നു നാലാമത്തെ ഗ്രൂപ്പ്.

എല്ലാവരുടെയും രക്തസമ്മര്‍ദം,പ്രമേഹം,തലച്ചോറിന്റെ പ്രവര്‍ത്തനശേഷി എന്നിവ മുന്കൂട്ടി രേഖപെടുത്തിയിരുന്നു. ഇതേ ടെസ്റ്റുകള്‍ പഠനത്തിന് ശേഷം ആവര്‍ത്തിച്ചു.

ആറുമാസത്തില്‍ കൈവന്ന മാറ്റം

വ്യായാമത്തില്‍ ശ്രദ്ധ പതിപ്പിച്ച ഗ്രൂപ്പിലെ അംഗങ്ങളുടെ ശാരീരിക/തലച്ചോര്‍ പ്രവര്‍ത്തനം മികച്ച രീതിയില്‍ വര്‍ധിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ഇത് കാര്യമായി പ്രതിഫലിച്ചു. DASH ഡയറ്റ് മാത്രമായി മുന്‍പോട്ട് പോയ ഗ്രൂപ്പിന് കാര്യമായ വ്യത്യാസമുണ്ടായില്ല. അതിനാല്‍ ഡയറ്റ് മാത്രമായി ആരോഗ്യത്തെ സംരക്ഷിക്കുമെന്ന വിശ്വാസം വേണ്ടെന്ന് ഗവേഷകര്‍ പറയുന്നു അതേസമയം ഡയറ്റും വ്യായാമവും ഒരുമിച്ച് ശീലിച്ച മൂന്നാം ഗ്രൂപ്പാണ് ഞെട്ടിച്ചത്. തലച്ചോറിന്റെ കാര്യക്ഷമതയില്‍ 9 വയസ്സിന്റെ പ്രായക്കുറവ്. ഹൃദയാരോഗ്യത്തില്‍ വര്‍ദ്ധനവ്. കൂടാതെ ശാരീരിക ക്ഷമതയും ഉയര്‍ന്നു!

ഓര്‍മശേഷിയില്‍ മാറ്റമില്ല

നാല് ഗ്രൂപിന്റെയും ഓര്‍മശക്തിയില്‍ മാറ്റം വന്നതായി കണ്ടെത്തിയില്ല. അതില്‍ അത്ഭുതപ്പെടാനില്ലെന്ന് ഗവേഷകര്‍ പറയുന്നു. ‘ജീവിതശൈലിയിലെ മാറ്റം പോലെ എളുപ്പത്തില്‍ വര്‍ധിക്കുന്ന ഒന്നല്ല ഓര്‍മശക്തി. അതിന് സമയമെടുക്കും. 18 മാസം നീണ്ട പഠനവും ഡയറ്റില്‍ കുറച്ചുകൂടി മാറ്റവും വരുത്തിയാല്‍ ഓര്‍മശേഷിയും ഉണരും’. ഏത് പ്രായക്കാര്‍ക്കും ശീലിക്കാവുന്ന എളുപ്പമുള്ള മാര്‍ഗമാണിത്. ആറുമാസത്തെ ശീലങ്ങള്‍ നേടിത്തരുന്നത് ആരോഗ്യമുള്ള ജീവിതമാണ്