X

ടോയ്ലെറ്റില്‍ ഉള്ളതിനേക്കാള്‍ ബാക്ടീരിയകള്‍ അടുക്കളയിലെ പാത്രം കഴുകുന്ന സ്‌പോഞ്ചിലുണ്ട്!

പഠനത്തില്‍ ഒരു പഞ്ചസാര ട്യൂബിന്റെ വലുപ്പമുള്ള സ്‌പോഞ്ചില്‍ 8200 കോടി ബാക്ടീരിയ ഉണ്ടെന്ന് കണ്ടു

ചകിരിയും ചാരവും ഉപയോഗിച്ചു പാത്രം കഴുകിയിരുന്നതൊക്കെ പഴം കഥ. ഇപ്പോള്‍ ഡിഷ് വാഷിംഗ് സോപ്പും സ്‌ക്രബ്ബറും സ്പോഞ്ചും ഒക്കെയാണ് ആ സ്ഥാനത്ത്. പഴയ ശീലങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടപ്പോള്‍ രോഗങ്ങളും കൂട്ട് വന്നു കഴിഞ്ഞു. സാധാരണ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് എത്ര നാള്‍ ഉപയോഗിക്കും? തേഞ്ഞ് തീരുന്നത് വരെ എന്നാവും പലരുടെയും ഉത്തരം. വേഗം ആ സ്‌പോഞ്ച് ഉപേക്ഷിച്ചോളൂ. കാരണം അത് നിങ്ങളെ രോഗിയാക്കും. ടൈഫോയ്ഡ്, ഡയേറിയ, ഉദര രോഗം, ഇവ നിങ്ങളെ കാത്തിരിക്കുന്നു.

ജര്‍മന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഒരു പഞ്ചസാര ട്യൂബിന്റെ വലുപ്പമുള്ള സ്‌പോഞ്ചില്‍ 8200 കോടി ബാക്ടീരിയ ഉണ്ടെന്ന് കണ്ടു. ടോയ്ലെറ്റില്‍ ഉള്ളതിനേക്കാള്‍ വളരെ അധികം ആണിത് എന്നോര്‍ക്കണം. പതിനാല് വ്യത്യസ്ത സ്‌പോഞ്ചുകളില്‍ 362 ഇനം ബാക്ടീരിയ കളെ കണ്ടു. അടുക്കളയിലെ ചൂടും വെള്ളവും ആണ് ഇതിനെ നിലനിര്‍ത്തുന്നത്. പൊടികള്‍, ഗോതമ്പ്, എണ്ണ ഇവയൊക്കെ ബാക്ടീരിയകള്‍ക്ക് സ്വര്‍ഗമാണ്.

സ്‌പോഞ്ച് ഇവയുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഭക്ഷണ ശകലങ്ങള്‍ സ്‌പോഞ്ചില്‍ പറ്റി പിടിക്കുകയും ബാക്ടീരിയയ്ക്ക് പെറ്റു പെരുകാന്‍ ഉള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യും. സ്‌പോഞ്ച് സ്റ്റെറിലൈസ് ചെയ്‌തോ ചൂടാക്കിയോ വൃത്തിയാക്കാന്‍ ശ്രമിച്ചിട്ടും ഒരു കാര്യവും ഇല്ലെന്നും പഠനം പറയുന്നു. ഇത് രോഗാണുക്കളെ പെറ്റു പെരുകാനെ സഹായിക്കുക യുള്ളൂ.

ഇന്ത്യയെ പോലൊരു രാജ്യത്ത് താപനില 30 ഡിഗ്രി മുതല്‍ 35 ഡിഗ്രി വരെ ഉള്ളതിനാല്‍ ബാക്ടീരിയയുടെ വളര്‍ച്ച വേഗത്തിലാകും. എല്ലാ ആഴ്ചയും സ്‌പോഞ്ച് മാറുക എന്നത് മാത്രമാണ് ബാക്ടീരിയയെ തുരത്താന്‍ ഏക മാര്‍ഗം എന്നും പഠനം പറയുന്നു.

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

This post was last modified on August 23, 2017 4:17 pm