X

നടി മലായ്ക അറോറയുടെ ഫിറ്റ്‌നസ് സീക്രട്ട്

പണവും പ്രശസ്തിയും ഒന്നുമല്ല; ആരോഗ്യമാണ് തന്റെ ഓക്‌സിജന്‍ എന്ന് നടി

പ്രശസ്ത ബോളിവുഡ് താരവും ടിവി അവതാരകയുമായ മലായ്ക അറോറയ്ക്ക് സിനിമയേക്കാളും ഇഷ്ടമുള്ള ഒന്നുണ്ട്. എന്തിന് വേണ്ടിയും കോംപ്രൊമൈസ് ചെയ്യാന്‍ താല്‍പര്യമില്ലാത്ത ഒരിഷ്ടം. ആരോഗ്യമുള്ള ശരീരം എന്ന ഇഷ്ടം.

പണവും പ്രശസ്തിയും ഒന്നുമല്ല; ആരോഗ്യമാണ് തന്റെ ഓക്‌സിജന്‍ എന്ന് ഈ നടി പറയുന്നു. ഫിറ്റ്നെസാണ് തനിക്ക് ജീവിതത്തില്‍ ഏറ്റവും വലുത്. ശരീരം പോലെ നമുക്ക് സ്വന്തമായ മറ്റൊന്നുമില്ലെന്നാണ് മലായ്ക എല്ലാവരോടും പറയുന്നത്. ആരോഗ്യമുള്ള ശരീരത്തിന് പകരംവെക്കാന്‍ ഒന്നുമില്ല. ഏത് തിരക്കിലും ഒരു ദിവസം, കുറഞ്ഞത് അര മണിക്കൂര്‍ നേരം തന്റെ ശരീരത്തിനായി മാറ്റിവെക്കും താരം.

ട്രെഡ്മില്ലും മറ്റ് കലാപരിപാടികളുമായി വീട്ടിനുള്ളില്‍ കൂടാനൊന്നും മലായ്കയ്ക്ക് ഇഷ്ടമല്ല. ആരോഗ്യം വേണമെങ്കില്‍ നടക്കണമെന്ന് അവര്‍ പറയുന്നു. നടത്തത്തിലൂടെ കിട്ടുന്ന ഊര്‍ജ്ജമാണ് വ്യായാമത്തില്‍ ഏറ്റവും പ്രധാനമത്രെ!

മലായ്കയുടെ ഫിറ്റ്‌നെസ് മന്ത്ര

‘നടത്തം ആണ് ഏറ്റവുമിഷ്ടം. നന്നായി ഒന്ന് നടക്കണമെങ്കില്‍ ശരീരം നല്ലതുപോലെ പണിപ്പെടണം. ഗുണവും അത്രയേറെ ലഭിക്കും. സ്റ്റാമിന വര്‍ധിക്കാന്‍ നടത്തം ധാരാളമാണ്. പക്ഷെ നടക്കാനുള്ള ആരോഗ്യം ശരീരത്തിന് കിട്ടേണ്ടതുണ്ട്. അതിന് നല്ല ഭക്ഷണം കഴിക്കണം. കൃത്യസമയത്ത് കൃത്യമായ അളവില്‍ നല്ല ഭക്ഷണം. കൂട്ടത്തില്‍ മറ്റ് വ്യായാമ മുറകളും’-തന്റെ ഫിറ്റ്‌നസ് സീക്രട്ട് മലായ്ക അറോറ വെളിപ്പെടുത്തുന്നു.

ഡെല്‍ഹിയില്‍ സംഘടിപ്പിച്ച പവര്‍ വാക്ക് ഇവന്റായ മാക്‌സ് ബുപ പവര്‍ വാക്കി (max bupa power walk)ന്റെ അംബാസഡര്‍ ആയിരുന്നു താരം. ആരോഗ്യം നിലനിര്‍ത്തി ജീവിക്കണമെന്ന ആഹ്വാനമാണ് ആരാധകര്‍ക്ക് അന്ന് മലായ്ക നല്‍കിയത്.