X

കുട്ടികള്‍ മൂലം അച്ഛന്മാരേക്കാള്‍ അമ്മമാരുടെ ഉറക്കമാണ് നഷ്ടപ്പെടുന്നത്: സ്മാര്‍ട്ട് ബെഡ് മേക്കര്‍ എയ്റ്റ്‌

തങ്ങളുടെ ഉറക്കം തൃപ്തികരമാണെന്ന് സമ്മതിക്കുന്ന അമ്മമാരുടെ എണ്ണം അച്ഛന്മാരേക്കാള്‍ കുറവാണ്

കുട്ടികളുള്ള പുരുഷന്മാരെക്കാള്‍ ഉറക്കത്തിന് കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത് കുട്ടികളുള്ള സ്ത്രീകള്‍ക്കാണെന്ന് സമീപകാല പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇടയ്ക്കിടെ അവര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല ഗാഢനിദ്രയിലേക്ക് വീഴുന്നതിനും അവര്‍ പ്രയാസം നേരിടുന്നു. രാത്രിയില്‍ ഇടയ്ക്ക് ഉണരുന്ന കുട്ടികള്‍ മൂലം അച്ഛന്മാരേക്കാള്‍ അമ്മമാരുടെ ഉറക്കമാണ് നഷ്ടപ്പെടുന്നത്. ഇത് മൂലം അവരുടെ ഗാഢനിദ്രയുടെ അളവ് ഗണ്യമായി കുറയുകയും ചെയ്യുന്നു. സ്മാര്‍ട്ട് ബെഡ് മേക്കര്‍ എയ്റ്റ് പുറത്തുവിട്ട ‘അമേരിക്കയിലെ അമ്മമാര്‍ എങ്ങനെ ഉറങ്ങുന്നു’ എന്ന ലേഖനം ദേശീയ ഉറക്ക പ്രവണത റിപ്പോര്‍ട്ടിന്റെ ആദ്യ ലക്കത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തങ്ങളുടെ ഉറക്ക ശീലങ്ങളെയും ക്രമത്തെയും ഉറക്കത്തിന്റെ ഗുണനിലവാരത്തെയും കുറിച്ച് 25 വയസ്സും അതിന് മുകളിലോട്ടുമുള്ള മാതാപിതാക്കളോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഉറക്ക സമയം, തിരിയലും മറിച്ചിലും, ഗാഢനിദ്രയും മയക്കവും, ഹൃദയമിടിപ്പിന്റെയും ശ്വാസോച്ഛാസത്തിന്റെയും നിരക്ക് തുടങ്ങിയ പന്ത്രണ്ടോളം ഉറക്ക വിവരങ്ങളെ കുറിച്ച് അവര്‍ തങ്ങളുടെ സ്ലീപ് ട്രാക്കര്‍, സ്ലീപ് മാറ്ററസ് ഉല്‍പന്നങ്ങളിലൂടെ ശേഖരിച്ച വിവരങ്ങളുടെ സഹായത്തോടെ എയ്റ്റിന്റെ സംഘാംഗങ്ങള്‍ ഈ വിവരങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു.

പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ കൂടുതലായി ഉറങ്ങുമെന്നും അവര്‍ക്ക് കുട്ടികളുണ്ടായാലും ഈ പ്രവണത തുടരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പക്ഷെ തങ്ങളുടെ ഉറക്കം തൃപ്തികരമാണെന്ന് സമ്മതിക്കുന്ന അമ്മമാരുടെ എണ്ണം അച്ഛന്മാരേക്കാള്‍ കുറവാണ്. തങ്ങളുടെ ഉറക്കത്തിന്റെ ‘ഗുണനിലവാരം’ മികച്ചതാണെന്ന് 13 ശതമാനം അമ്മമാര്‍ മാത്രം അംഗീകരിക്കുമ്പോള്‍ 46 ശതമാനം അച്ഛന്മാരാണ് അത് അംഗീകരിക്കുന്നത്. ഗാഢനിദ്രയിലേക്ക് പ്രവേശിക്കുന്നതിന് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് അമ്മമാര്‍ പരാതിപ്പെടുന്നു. ‘എല്ലായിപ്പോഴും’ തങ്ങള്‍ക്ക് പ്രയാസം നേരിടാറുണ്ടെന്ന് 13 ശതമാനം അമ്മമാര്‍ പരാതിപ്പെടുമ്പോള്‍ 16 ശതമാനം പറയുന്നത് ‘മിക്കപ്പോഴും’ എന്നാണ്. എന്നാല്‍ യഥാക്രമം ഏഴും, 12ഉം ശതമാനം പുരുഷന്മാര്‍ മാത്രമേ ഈ പരാതി പറയുന്നുള്ള. കുട്ടികളുള്ള പുരുഷന്മാരെക്കാള്‍ കുട്ടികളുള്ള സ്ത്രീകളാണ് അര്‍ദ്ധരാത്രിയില്‍ അധികവും എഴുന്നേല്‍ക്കുന്നതെന്നും വ്യക്തമാകുന്നു.

രാത്രിയില്‍ കുട്ടികള്‍ ഇടയ്ക്കിടയ്ക്ക് ഉണരുന്നത് അമ്മമാരുടെ ഗാഢനിദ്രയെ പ്രതികൂലമായി ബാധിക്കുന്നു. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ഗാഢനിദ്രയുടെ വ്യാപ്തി പ്രതിരാത്രിയില്‍ 18 മുതല്‍ 25 ശതമാനമാണ്. ഒരു രാത്രിയില്‍ രണ്ട് തവണ ഉറക്കത്തില്‍ നിന്നും ഞെട്ടുന്ന അമ്മമാര്‍ അതേ സാഹചര്യം നേരിടുന്ന പുരുഷന്മാരെക്കാള്‍ കുറഞ്ഞ ശതമാനമാണ് ഇക്കാര്യത്തില്‍ കാണിക്കുന്നത്. ഇത് സ്ത്രീകളില്‍ 21 മുതല്‍ 24 ശതമാനം വരെയാണ്. എല്ലാ രാത്രിയിലും കുട്ടികള്‍ ഉണരുമ്പോള്‍ അമ്മമാര്‍ക്ക് 19 ശതമാനം മാത്രം ഗാഢനിദ്ര ലഭിക്കുമ്പോള്‍ അച്ഛന്മാര്‍ക്ക് അത് 23 ശതമാനമാണ്. എന്നാല്‍ രാത്രിയില്‍ ഒരിക്കല്‍ പോലും ഉണരാത്ത കുട്ടികളുള്ള അച്ഛനമ്മമാര്‍ക്കിടയില്‍ ഈ ശതമാനവ്യത്യാസം വളരെ കുറവാണ്. അമ്മമാര്‍ 24 ശതമാനവും അച്ഛന്മാര്‍ക്ക് 23 ശതമാനവും.

‘ഇതിന് മുമ്പ് ഒരു കമ്പനിക്കും തിരിച്ചറിയാനന്‍ സാധിക്കാതിരുന്ന ഉറക്കത്തിനെ കുറിച്ചുള്ള വിശദാംശങ്ങളും ഉള്‍ക്കാഴ്ചകളുമാണ് ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലൂടെ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്,’ എന്ന് എയ്ട്ടിന്റെ സിഇഒ മാറ്റ്യോ ഫ്രാന്‍സെസ്‌ചേറ്റി പറയുന്നു. ‘ഇത് നമ്മുടെ ഉറക്ക പ്രശ്‌നങ്ങളെ കുറിച്ചുള്ള മിക്ക ചോദ്യങ്ങള്‍ക്കും ഉത്തരമായി മാറുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്തൊക്കൈ പരിഹാരങ്ങളും ഉല്‍പന്നങ്ങളുമാണ് നമുക്ക് ആവശ്യം എന്ന് തിരിച്ചറിയുന്നതിനുള്ള ആദ്യ പടിയായി ഈ വിവരങ്ങളുടെ അപഗ്രഥനം മാറും. ഉറക്കപ്രശ്‌നങ്ങള്‍ ഉള്ള നൂറ് ദശലക്ഷം അമേരിക്കക്കാരുടെ ഉറക്കവും ജീവനവും മെച്ചപ്പെടുത്തുന്നതിന് ഈ വിജ്ഞാനത്തെ പ്രയോജനപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.’

This post was last modified on June 3, 2017 4:17 pm