X

നിപ്പയ്‌ക്കെതിരെ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

നിപ്പ ലക്ഷണങ്ങള്‍ സംശയിക്കുന്ന കേസുകള്‍ ആരോഗ്യവകുപ്പിനെ അറിയിക്കാനും നിര്‍ദേശമുണ്ട്.

നിപ്പയ്‌ക്കെതിരെ ആശുപത്രികളും ജനങ്ങളും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെ കുറിച്ച് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള പ്രജനന കാലത്ത് വവ്വാലുകളില്‍ നിന്നും വൈറസ് പുറത്തേക്ക് വരുമെന്നതിനാലാണ് പ്രതിരോധ നടപടികള്‍ തുടങ്ങുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ചുമ കോര്‍ണര്‍ നിശ്ചയിച്ച് ചുമയുള്ളവരെ ചുമ കോര്‍ണറിലേക്ക് മാറ്റണം. ചുമയുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ മാസ്‌ക് ധരിക്കുകയോ തൂവാല കൊണ്ട് മറയ്ക്കുകയോ ചെയ്യണം.

പഴങ്ങള്‍ കഴുകി മാത്രം ഉപയോഗിക്കുക. പക്ഷികളും വവ്വാലുള്‍പ്പെടെയുള്ള മൃഗങ്ങളും കഴിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക. ഭക്ഷണത്തിന് മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. വ്യക്തി ശുചിത്വം ഉറപ്പാക്കുക.

നിപ്പ ലക്ഷണങ്ങള്‍ സംശയിക്കുന്ന കേസുകള്‍ ആരോഗ്യവകുപ്പിനെ അറിയിക്കാനും നിര്‍ദേശമുണ്ട്. വവ്വാലില്‍ നിന്നാകാം വൈറസ് പടര്‍ന്നതെന്ന നിഗമനത്തിലാണ് മുന്‍കരുതല്‍ നടപടികളുമായി ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് നാടിനെ നടുക്കിയ നിപ്പ വൈറസ് ബാധ കേരളത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം നിപ്പ, സംസ്ഥാനത്ത് പതിനെട്ട് പേരുടെ മരണത്തിനിടയാക്കിയെന്നാണ് ഔദ്യോഗിക കണക്കുകള്‍.

നിപ്പ: നഴ്സ് ലിനിക്കും ഒരു ദിവസം മുന്‍പേ മരിച്ച സുധയുടെ കഥ പക്ഷേ, ആരുമറിഞ്ഞില്ല

This post was last modified on November 30, 2018 4:05 pm