X

രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ; മുന്‍കരുതലും ചികിത്സയും

അമിത രക്തസമ്മര്‍ദം സാവധാനം നിങ്ങളെ ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ്, ഗര്‍ഭാവസ്ഥയിലെ എക്ലാംസിയ തുടങ്ങിയ മാരകമായ പ്രത്യാഘാതങ്ങളിലേക്ക് വലിച്ചിഴക്കുന്നു

കേരളത്തിലെ ഓരോ വീട്ടിലും കുറഞ്ഞത് ഒരാള്‍ക്കെങ്കിലും വര്‍ധിച്ച രക്തസമ്മര്‍ദമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 75 ദശലക്ഷം മലയാളികള്‍ അമിത രക്താതിമര്‍ദ്ദത്തിന്റെ വിവിധ സങ്കീര്‍ണതകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു. 35 ശതമാനം കേരളീയര്‍ക്കും വര്‍ധിച്ച പ്രഷറുണ്ട്. കേരളത്തിലെ 35 ശതമാനം മുതിര്‍ന്നവര്‍ക്കും വര്‍ധിച്ച രക്തസമ്മര്‍ദമുണ്ടെങ്കിലും അതില്‍ 50 ശതമാനം പേര്‍ക്കും ആയുസ്സിനെ പിടിച്ചുലയ്ക്കുന്ന ഈ രോഗാതുരത തങ്ങളെ ബാധിച്ചിട്ടുണ്ടെന്ന അവബോധമില്ല. അതുതന്നെയാണ് ഏറ്റവും ദാരുണമായ പ്രശ്നവും.

ഹാര്‍ട്ട് അറ്റാക്ക്, മസ്തിഷ്‌കാഘാതം, വൃക്കപരാജയം, മറവിരോഗം, അന്ധത തുടങ്ങി മാരകമായ പല സങ്കീര്‍ണതകളും വര്‍ധിച്ച രക്തസമ്മര്‍ദ്ദത്തിന്റെ പ്രത്യാഘാതമായി രംഗപ്രവേശം ചെയ്യുന്നു. 2000ല്‍ ആഗോളമായി 97.2 കോടി പേര്‍ക്ക് കൂടിയ പ്രഷറുണ്ടായിരുന്നു. 2025 ആകുമ്പോള്‍ ലോകജനസംഖ്യയുടെ മൂന്നിലൊന്നു പേരെ ഈ രോഗാതുരത കീഴ്പ്പെടുത്തിയിരിക്കും; അതായത് 156 കോടി ആള്‍ക്കാര്‍.

രക്തസമ്മര്‍ദം കൃത്യമായി പരിശോധിച്ച് ഒരുവന്റെ യഥാര്‍ത്ഥ പ്രഷര്‍ നിലവാരം രോഗനിര്‍ണയം ചെയ്യുന്നതില്‍ പല അപാകങ്ങളും സംഭവിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. ക്ലിനിക്കില്‍ വച്ച് തിടുക്കത്തില്‍ അളക്കുന്ന പ്രഷര്‍ എപ്പോഴും ശരിയാകണമെന്നില്ല. ‘വൈറ്റ്കോട്ട് ഇഫക്ട്’ എന്നുപറയുന്ന വെളുത്ത കോട്ടിട്ട ഡോക്ടറെയോ നഴ്സിനെയോ പെട്ടെന്ന് കാണുമ്പോള്‍ ഉണ്ടാകുന്ന താത്കാലിക വ്യതിയാനങ്ങള്‍ രോഗിയുടെ കൃത്യമായ പ്രഷര്‍ തിട്ടപ്പെടുത്തുവാന്‍ വിഘാതമായി നില്‍ക്കുന്നു.

സാധാരണഗതിയില്‍ പ്രഭാതഭക്ഷണത്തിന് ശേഷം പ്രഷറിനുള്ള മരുന്ന് കഴിക്കുന്നവരാണ് പലരും ഇക്കൂട്ടര്‍ക്ക് പകല്‍സമയം എടുക്കുന്ന ബി.പി. നിയന്ത്രിതമായിരിക്കും. എന്നാല്‍ രാത്രിയിലെ പ്രഷറിന്റെ ഏറ്റക്കുറച്ചിലുകളെപ്പറ്റി അറിവു ലഭിക്കുന്നില്ല. കഴിക്കുന്ന മരുന്നിന്റെ ഫലം രാത്രിയിലേക്കും നീളുന്നില്ലെങ്കില്‍ ഒരുവന്റെ രോഗസാധ്യത കൂടിയിരിക്കുകതന്നെ ചെയ്യും. അപ്പോള്‍ പ്രഷര്‍രോഗികളുടെ രാത്രിയിലെ അളവുകളും കൃത്യമായി ക്രമപ്പെടുത്തുന്ന രീതിയില്‍ മരുന്നുകളുടെ വിനിയോഗം ചിട്ടപ്പെടുത്തണം. രാത്രിയില്‍ പ്രഷര്‍ അധികരിക്കുന്നതായി കാണുന്നവരില്‍ കിടക്കാന്‍ നേരം കൂടുതല്‍ മരുന്നുകള്‍ കൊടുക്കാം. അങ്ങനെ രക്തസമ്മര്‍ദം 24 മണിക്കൂറും പരിധിക്കുള്ളില്‍ നിയന്ത്രിക്കുവാന്‍ സാധിക്കും.

അമിത രക്തസമ്മര്‍ദം സാവധാനം നിങ്ങളെ ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ്, ഗര്‍ഭാവസ്ഥയിലെ എക്ലാംസിയ തുടങ്ങിയ മാരകമായ പ്രത്യാഘാതങ്ങളിലേക്ക് വലിച്ചിഴക്കുന്നു. നിസ്സാരമായ പരിശോധനയിലൂടെ നിങ്ങളുടെ പ്രഷര്‍ നിര്‍ണയിക്കുക. 120/80 മില്ലിമീറ്റര്‍ മെര്‍ക്കുറിയാണ് സാധാരണ ഉണ്ടായിരിക്കേണ്ട പ്രഷര്‍. ഇത് 130/80ല്‍ അധികരിച്ചാല്‍ ജീവിത ഭക്ഷണക്രമത്തിലൂടെ നിയന്ത്രണവിധേയമാക്കണം. ഇനി 140/90ല്‍ കൂടുതല്‍ ആണെങ്കില്‍ ചികിത്സ തുടങ്ങണം.